'അഭിനയ സരസ്വതി' ബി.സരോജ ദേവി അന്തരിച്ചു
text_fieldsദക്ഷിണേന്ത്യൻ നടി ബി. സരോജ ദേവി അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ബംഗളൂരു മല്ലേശ്വരത്തുള്ള വസതിയിലായിരുന്നു അന്ത്യം. കന്നഡ, തമിഴ്, തെലുങ്ക് ഹിന്ദി ഭാഷകളിലായി ഇരുന്നൂറോളം ചിത്രങ്ങളിൽ സരോജ ദേവി അഭിനയിച്ചിട്ടുണ്ട്. ശിവാജി ഗണേശൻ, ജെമിനി ഗണേശൻ, എൻ.ടി. രാമറാവു, രാജ്കുമാർ തുടങ്ങിയ ഇതിഹാസങ്ങൾക്കൊപ്പം തിളങ്ങിയ താരം 'അഭിനയ സരസ്വതി', ‘കന്നഡത്തു പൈങ്കിളി’ എന്നും അറിയപ്പെടുന്നു.
1938 ജനുവരി ഏഴിന് ബംഗളൂരുവിൽ ജനിച്ച സരോജ ദേവി, പൊലീസ് ഉദ്യോഗസ്ഥനായ ഭൈരപ്പയുടെയും രുദ്രമ്മയുടെയും നാലാമത്തെ മകളാണ്. 1955ലെ കന്നഡ ചിത്രമായ മഹാകവി കാളിദാസയിലൂടെ 17-ാം വയസ്സിലാണ് സരോജ ദേവി സിനിമയിലേക്ക് എത്തുന്നത്. 1958ൽ എം.ജി.ആറിനൊപ്പം ‘നാടോടി മന്നൻ’ എന്ന ചിത്രത്തിൽ അഭിനയിച്ചതോടെ കരിയർ ഗ്രാഫ് ഉയർന്നു. തമിഴ് താരപദവിയിലേക്ക് ഗിയർ ഫിഫ്റ്റായി.
1960 കളിലെ സരോജ ദേവിയുടെ ഫാഷൻ സെൻസ് യുവജനങ്ങൾക്കിടയിൽ ട്രെൻഡിങ് ആയിരുന്നു.സരോജ ദേവിയുടെ സാരികൾ, ആഭരണങ്ങൾ, ഹെയർസ്റ്റൈലുകൾ എന്നിവയെല്ലാം അക്കാലാത്ത് ഐക്കോണിക് ആയിരുന്നു. 1955-84 കാലഘട്ടത്തിൽ തുടർച്ചയായി 161 സിനിമകളിൽ പ്രധാന വേഷങ്ങൾ. ഇന്ത്യൻ സിനിമാ ചരിത്രത്തിൽ സമാനതകളില്ലാത്ത റെക്കോർഡാണിത്. പൈഗാം, ഓപ്പറ ഹൗസ്, സസുരാൽ, പ്യാർ കിയാ തോ ഡാർണാ ക്യാ എന്നീ ചിത്രങ്ങളിലൂടെ ബോളിവുഡിലും മുദ്ര പതിപ്പിച്ചു.
1967ൽ പുറത്തിറങ്ങിയ അരസ കാട്ടാളൈ എന്ന എം.ജി.ആർ ചിത്രത്തിലാണ് സരോജ ദേവി അവസാനമായി അഭിനയിച്ചത്. 1969ൽ പത്മശ്രീയും 1992ൽ പത്മഭൂഷണും നൽകി രാജ്യം ആദരിച്ചു. തമിഴ്‌നാട്ടിൽ നിന്ന് കലൈമാമണി അവാർഡും ബംഗളൂരു സർവകലാശാലയിൽ നിന്ന് ഓണററി ഡോക്ടറേറ്റും സരോജിനി ദേവിക്ക് ലഭിച്ചു. 53-ാമത് ദേശീയ ചലച്ചിത്ര അവാർഡുകളുടെ ജൂറി അധ്യക്ഷയായും കന്നഡ ചലചിത്ര സംഘ’ത്തിന്റെ വൈസ് പ്രസിഡന്റായും സരോജ ദേവി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

