'അത് പരാതിക്കാരന്‍റെ സാങ്കൽപ്പിക കഥ'; സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിൽ ജാമ്യാപേക്ഷ സമർപ്പിച്ച് പ്രതി
text_fieldsനടൻ സെയ്ഫ് അലി ഖാനെ കുത്തി പരിക്കേൽപ്പിച്ച കേസിലെ പ്രതി ജാമ്യാപേക്ഷ സമർപ്പിച്ചു. ബംഗ്ലാദേശി പൗരനായ പ്രതി, താൻ നിരപരാധിയാണെന്നും തനിക്കെതിരായ എഫ്.ഐ.ആർ സാങ്കൽപ്പിക കഥയാണെന്നും അവകാശപ്പെട്ടാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. നിലവിൽ മെട്രോപോളിസിലെ ആർതർ റോഡ് ജയിലിലാണ് ഇയാൾ.
ഈ വർഷം ജനുവരി 16ന് ബാന്ദ്രയിലെ പന്ത്രണ്ടാം നിലയിലുള്ള അപ്പാർട്ട്മെന്റിൽ വെച്ച് നടനെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ലീലാവതി ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായ അദ്ദേഹത്തെ അഞ്ച് ദിവസത്തിന് ശേഷമാണ് ഡിസ്ചാർജ് ചെയ്തത്. സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷം താനെയിൽ നിന്ന് പ്രതി മുഹമ്മദ് ഷരീഫുൾ ഇസ്ലാമിനെ (30) പൊലീസ് പിടികൂടി.
അഭിഭാഷകനായ വിപുല്‍ ദുഷിങ് മുഖേന സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍, താന്‍ നിരപരാധിയാണെന്നും മുന്‍ ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും മുഹമ്മദ് ഷരീഫുൾ ഇസ്ലാം വാദിച്ചു. സംഭവത്തിലെ അന്വേഷണം പ്രായോഗികമായി അവസാനിച്ചതായും കുറ്റപത്രം സമര്‍പ്പിക്കല്‍ മാത്രമേ ശേഷിക്കുന്നുള്ളൂവെന്നും അദ്ദേഹം വാദിച്ചു.
സി.സി.ടി.വി ദൃശ്യങ്ങളും കോള്‍ രേഖകളും ഉള്‍പ്പെടെ നിര്‍ണായക തെളിവുകള്‍ ഇതിനകം തന്നെ പ്രോസിക്യൂഷന്റെ പക്കലുണ്ടെന്നും അതില്‍ പറയുന്നു. ഷരീഫുൾ ഇസ്ലാം തെളിവുകൾ നശിപ്പിക്കുമെന്നോ സാക്ഷികളെ സ്വാധീനിക്കുമെന്നോ ഒരു ഭീഷണിയും ഉയർത്തുന്നില്ലെന്നും ഹരജിയിൽ വാദിച്ചു. ഇപ്പോഴത്തെ എഫ്.ഐ.ആർ പരാതിക്കാരന്റെ സാങ്കൽപ്പിക കഥ മാത്രമാണെന്ന് ഹരജിയിൽ പറയുന്നു.
അറസ്റ്റിലായ വ്യക്തിയെ അറസ്റ്റിന്റെ കാരണവും ജാമ്യത്തിനുള്ള അവകാശവും അറിയിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന ഭാരതീയ നാഗരിക് സുരക്ഷ സംഹിത (ബി.എൻ.എസ്.എസ്) യുടെ സെക്ഷൻ 47 അവഗണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി അറസ്റ്റിന്റെ നിയമസാധുതയെക്കുറിച്ചുള്ള ആശങ്കകളും അപേക്ഷയിൽ ഉന്നയിച്ചിട്ടുണ്ട്. അതേസമയം, പ്രോസിക്യൂഷന്റെ മറുപടിക്കായി കേസ് ജൂലൈ 21ലേക്ക് മാറ്റിവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

