Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ഭാവിയിലെ സൂപ്പർസ്റ്റാർ, ഇനി ഇൻഡസ്ട്രി ഭരിക്കാന്‍ പോകുന്നത് നീയായിരിക്കും’; നസ്‍ലിനെ പ്രശംസിച്ച് അറ്റ്‌ലി

text_fields
bookmark_border
‘ഭാവിയിലെ സൂപ്പർസ്റ്റാർ, ഇനി ഇൻഡസ്ട്രി ഭരിക്കാന്‍ പോകുന്നത് നീയായിരിക്കും’; നസ്‍ലിനെ പ്രശംസിച്ച് അറ്റ്‌ലി
cancel

കൊച്ചി: സൂര്യ നായകനായെത്തിയ 'സീൻ' സിനിമയിലെ വില്ലൻ വേഷത്തിലൂടെ പ്രേക്ഷകരുടെ കൈയടി നേടുന്ന മലയാളി താരം നസ്‍ലിനെ പ്രശംസിച്ച് തമിഴ് സംവിധായകൻ അറ്റ്‌ലി. മികച്ച അഭിനയശേഷിയും അസാധാരണമായ സ്ക്രീൻ പ്രസൻസുമുള്ള നസ്‍ലിൻ ഭാവിയിൽ സൂപ്പർസ്റ്റാറാകുമെന്നാണ് അറ്റ്‌ലിയുടെ അഭിപ്രായം. സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലാണ് നസ്‍ലിനെയും ചിത്രത്തിലെ മറ്റു താരങ്ങളെയും സംവിധായകനെയും അറ്റ്‌ലി അഭിനന്ദിച്ചത്.

‘നസ്‍ലിൻ, എന്തൊരു പ്രകടനമാണിത്! അതിശയിപ്പിക്കുന്ന കരിഷ്മയും സ്ക്രീൻ പ്രസൻസും. ഒരു സൂപ്പർസ്റ്റാർ വളർന്നുവരുന്നത് കാണുകയാണ്. സഹോദരാ, തീർച്ചയായും നീ ഈ സിനിമാലോകം ഭരിക്കും’ -അറ്റ്‌ലി കുറിച്ചു.

ജിത്തു മാധവൻ സംവിധാനം ചെയ്ത 'സീൻ' മികച്ചൊരു കൊമേഴ്സ്യൽ എന്റർടെയ്നറാണെന്നും അറ്റ്‌ലി അഭിപ്രായപ്പെട്ടു. ഏറെക്കാലത്തിനുശേഷമാണ് ഇത്രയും പുതുമയുള്ള അവതരണരീതിയിൽ ഒരു ചിത്രം കാണുന്നതെന്നും ജിത്തു മാധവന്റെ കഥപറച്ചിലിന്റെ വലിയ ആരാധകനാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി. സൂര്യയുടെ പ്രകടനത്തെയും അറ്റ്‌ലി പ്രത്യേകം പ്രശംസിച്ചു. കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം ആസ്വദിക്കാവുന്ന, മുടക്കുന്ന പണത്തിന് മൂല്യമുള്ള ചിത്രമാണിതെന്നും കുറിപ്പിൽ പറയുന്നു.

നസ്രിയയുടെ തമിഴ് സിനിമയിലേക്കുള്ള തിരിച്ചുവരവിനും അറ്റ്‌ലി അഭിനന്ദനമറിയിച്ചു. നസ്രിയയുടെ സ്വാഭാവികമായ നർമവും ആകർഷകമായ അഭിനയവും ചെറിയ ഭാവപ്രകടനങ്ങളിലെ മികവും ശ്രദ്ധേയമാണെന്ന് അദ്ദേഹം പറഞ്ഞു. താരത്തെ തമിഴ് സിനിമയിൽ ഇനിയും കൂടുതൽ കാണാൻ ആഗ്രഹിക്കുന്നതായും വ്യക്തമാക്കി.

നടൻ ആനന്ദരാജിന്റെ പ്രകടനവും സുഷിൻ ശ്യാമിന്റെ സംഗീതവും മികച്ചതാണെന്ന് അറ്റ്‌ലി അഭിപ്രായപ്പെട്ടു. ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കും നിർമാതാക്കളായ സൂര്യ, ജ്യോതിക എന്നിവർക്കും അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചു.

ചിത്രത്തിൽ ഈശ്വരൻ എന്ന കഥാപാത്രത്തെയാണ് നസ്‍ലിൻ അവതരിപ്പിക്കുന്നത്. പതിവ് കഥാപാത്രങ്ങളിൽനിന്ന് വ്യത്യസ്തമായി വില്ലൻ വേഷത്തിലെത്തിയ താരത്തിന് കേരളത്തിലും തമിഴ്നാട്ടിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സൂര്യക്കൊപ്പം പ്രധാന വേഷത്തിലെത്തിയ നസ്‍ലിന്റെ പ്രകടനം സമൂഹമാധ്യമങ്ങളിലും ചർച്ചയായിട്ടുണ്ട്.

നേരത്തെ നടൻ മാത്യു തോമസും നസ്‍ലിനെ അഭിനന്ദിച്ച് ഇൻസ്റ്റഗ്രാമിൽ സ്റ്റോറി പങ്കുവെച്ചിരുന്നു. ‘ഹേറ്റേഴ്സ് ഗോണ ഹേറ്റ്’ എന്ന കുറിപ്പോടെ നസ്‍ലിന്റെ കഥാപാത്രത്തിന്റെ പോസ്റ്ററാണ് താരം പങ്കുവെച്ചത്. ചന്തു സലിംകുമാർ, സംവിധായകൻ ഡൊമിനിക് അരുൺ എന്നിവരും പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

'രോമാഞ്ചം', 'ആവേശം' എന്നീ ചിത്രങ്ങൾക്ക് ശേഷം ജിത്തു മാധവൻ ഒരുക്കിയ 'സീൻ' അദ്ദേഹത്തിന്റെ ആദ്യ തമിഴ് സംവിധാന സംരംഭമാണ്. നസ്‍ലിന്റെയും തമിഴ് അരങ്ങേറ്റ ചിത്രമാണിത്. നവംബർ ആറിന് തിയറ്ററുകളിലെത്തിയ ചിത്രത്തിൽ സൂര്യ, നസ്രിയ, നസ്‍ലിൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Atlee Hails Naslen as Future Superstar
Next Story