ആശിഷ് വിദ്യാർഥിക്കും ഭാര്യക്കും എന്ത് സംഭവിച്ചു? അപകടത്തെക്കുറിച്ച് നടൻ
text_fieldsനടനും പ്രശസ്ത വ്ലോഗറുമായ ആശിഷ് വിദ്യാർഥിയും ഭാര്യയും അപകടത്തിൽ പെട്ടുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അപകട വാർത്ത മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ, സംഭവത്തിൽ ആശിഷ് തന്നെ വിശദീകരണം നൽകി. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ് വിശദീകരണം. ഗുവാഹത്തിയിൽ റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ ദമ്പതികളെ അതിവേഗത്തിൽ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. തുടർന്ന് ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിഡിയോയിൽ, സംസാരിക്കുന്നതിനിടെ ആശിഷ് എഴുന്നേറ്റുനിൽക്കുകയും തനിക്ക് പ്രശ്നമൊന്നും ഇല്ലെന്ന് ആരാധകരോട് പറയുകയും ചെയ്യുന്നുണ്ട്. ദിസ്പൂർ ഭാഗത്തുനിന്ന് ചാന്ദ്മാരി പ്രദേശത്തേക്ക് വരികയായിരുന്ന ബൈക്കാണ് നടനെയും ഭാര്യയേയും ഇടിച്ചതെന്ന് ട്രാഫിക് അഡീഷണൽ ഡെപ്യൂട്ടി കമീഷണർ ഷഫീഖുൽ ഹുസൈൻ പറഞ്ഞു. ബൈക്ക് യാത്രക്കാരനെയും ഗുവാഹത്തി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ബൈക്ക് ഓടിച്ചിരുന്ന ആൾ മദ്യപിച്ചിരുന്നതായി പരിശോധനയിൽ കണ്ടെത്തി.
'വളരെ വിചിത്രമായ സമയത്താണ് നിങ്ങളെ എല്ലാവരെയും വിവരം അറിയിക്കാൻ വേണ്ടി ഞാൻ ലൈവ് സ്ട്രീം ചെയ്യുന്നത്. ഇപ്പോൾ പല വാർത്ത ചാനലുകളിലും പലതരം വാർത്തകൾ റിപ്പോർട്ട് വരുന്നത് കാണുന്നു. ഇന്നലെ ഞാനും രൂപാലിയും റോഡ് മുറിച്ചുകടക്കുമ്പോൾ ഞങ്ങളെ ഒരു ബൈക്ക് ഇടിച്ചു. ഞങ്ങൾ രണ്ടുപേരും സുഖമായിരിക്കുന്നു. രൂപാലി നിരീക്ഷണത്തിലാണ്. എനിക്ക് ചെറിയൊരു പരിക്ക് പറ്റി, പക്ഷേ പൂർണമായും സുഖമായിരിക്കുന്നു' -ആശിഷ് വിദ്യാർഥി പറഞ്ഞു.
ഫാഷൻ സംരംഭകയായ രൂപാലി ബറുവയെ 2023 മേയിലാണ് ആശിഷ് വിവാഹം കഴിച്ചത്. പതിറ്റാണ്ടുകൾ നീണ്ട കരിയറിൽ, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഇംഗ്ലീഷ്, ഒഡിയ, മറാത്തി, ബംഗാളി എന്നിവയുൾപ്പെടെയുള്ള നിരവധി ഭാഷകളിലെ സിനിമകളുടെ ഭാഗമാണ് ആശിഷ് വിദ്യാർഥി. വില്ലൻ വേഷങ്ങളിലും അനായാസം തിളങ്ങാൻ ആശിഷിന് കഴിയാറുണ്ട്. മലയാളത്തിൽ സി.ഐ.ഡി മൂസ എന്ന ചിത്രത്തിലെ ആദ്ദേഹത്തിന്‍റെ കഥാപാത്രം വളരെ ശ്രദ്ധേയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

