Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ലാലേട്ടന്‍റെ മുഖത്തടിച്ചതിന്‍റെ ഞെട്ടൽ ഇന്നും മാറിയിട്ടില്ല' -ആശ ശരത്ത്​

text_fields
bookmark_border
ലാലേട്ടന്‍റെ മുഖത്തടിച്ചതിന്‍റെ ഞെട്ടൽ ഇന്നും മാറിയിട്ടില്ല -ആശ ശരത്ത്​
cancel

'ലാലേട്ടന്‍റെ മുഖത്തടിക്കുക. അയ്യോ, എനിക്ക്​ ഓർക്കാൻ പോലും വയ്യ. അതിന്‍റെ ഞെട്ടൽ ഇന്നുമെന്നെ വിട്ടുപോയിട്ടില്ല' -നടിയും നർത്തകിയുമായ ആശ ശരത്ത്​ പറയുന്നു. മോഹന്‍ലാല്‍-ജിത്തു ജോസഫ് കൂട്ടുകെട്ടില്‍ പിറന്ന് മലയാളികളില്‍ വിസ്മയം തീര്‍ത്തു മുന്നേറുന്ന 'ദൃശ്യം 2'വിലെ അനുഭവം പങ്കിടുകയായിരുന്നു ചിത്രത്തിലെ നിര്‍ണായക കഥാപാത്രത്തെ അവതരിപ്പിച്ച ആശ ശരത്ത്. 'എന്‍റെ സിനിമ ജീവിതത്തിലെ വഴിത്തിരിവ് തന്നെയാണ് 'ദൃശ്യം 2'വിലെ ഗീതാ പ്രഭാകര്‍. 'ദൃശ്യം 2' ലൊക്കേഷനില്‍ എനിക്ക് ഒത്തിരി ഒത്തിരി ഓര്‍മ്മകളാണുള്ളത്. എല്ലാം പോസിറ്റീവായത് തന്നെ. ഒരു കൂട്ടുകെട്ടിന്‍റെ വിജയം തന്നെയാണിത്​. ചിത്രത്തില്‍ വളരെ കരുത്തുറ്റ കഥാപാത്രമായിരുന്നു എന്‍റേത്. എക്കാലവും എന്നെ പ്രേക്ഷകര്‍ ഓര്‍മ്മിക്കുന്ന പൊലീസ് ഓഫിസര്‍ തന്നെയാണ് ഗീതാ പ്രഭാകര്‍'- ആശ പറയുന്നു.

ചിത്രീകരണത്തിനിടെ ഏ​റെ ടെൻഷൻ അനുഭവിച്ച നിമിഷങ്ങളും ആശ പങ്കുവെച്ചു. 'എനിക്കേറെ അത്ഭുതവും വിസ്മയവും തീര്‍ത്ത അനുഭവമായിരുന്നു 'ദൃശ്യ'ത്തിലേത്. പറയാന്‍ ഏറെയുണ്ട്, എങ്കിലും ലാലേട്ടനുമായുള്ള ഒരു സീനാണ് ഇന്നുമെന്നെ അത്​ഭുതപ്പെടുത്തുന്നത്. ഞാന്‍ ലാലേട്ടന്‍റെ മുഖത്തടിക്കുന്ന ഒരു സീനുണ്ട് ചിത്രത്തില്‍. എനിക്ക് ഭയങ്കര ടെന്‍ഷനായിരുന്നു. എന്‍റെ കഥാപാത്രത്തിന് അങ്ങനെയൊരു സീന്‍ അനിവാര്യമായിരുന്നു. ഞാന്‍ ലാലേട്ടന്‍റെ മുഖത്തടിക്കുക, അയ്യോ എനിക്ക് ഓര്‍ക്കാന്‍പോലും വയ്യ. പക്ഷേ ലാലേട്ടനും ജിത്തുസാറും വളരെ കൂളായിട്ട് തന്നെയാണ് ആ സീനെടുത്തത്. ലാലേട്ടന്‍ പറഞ്ഞു-കഥാപാത്രമാണ് അതിലൊന്നും ഒരു കാര്യവുമില്ല എന്ന്​. അങ്ങനെ വളരെ രസകരമായിട്ടായിരുന്നു ആ സീന്‍ ഷൂട്ട് ചെയ്തത്. എങ്കിലും ആ ഞെട്ടല്‍ ഇന്നുമെന്നെ വിട്ട് പോയിട്ടില്ല'- ആശ പറയുന്നു.

വളരെയേറെ ആന്തരിക സംഘര്‍ഷമുള്ള കഥാപാത്രമാണ് ഗീതാ പ്രഭാകറെന്ന്​ അവർ പറഞ്ഞു. 'ഏക മകന്‍റെ ഓര്‍ക്കാപ്പുറത്തുള്ള വേര്‍പാട്, സത്യം തെളിയിക്കപ്പെടാതിരിക്കുക, ഉയര്‍ന്ന പൊലീസ് ഓഫീസറായിരുന്നിട്ടും ഒരു സാധാരണക്കാരനാല്‍ കബളിപ്പിക്കപ്പെടുക അങ്ങനെ മാനസികമായി വളരെയധികം തകര്‍ന്ന ഒരു സ്ത്രീയാണ് ഗീതാ പ്രഭാകര്‍. വളരെയേറെ ആര്‍ജ്ജവമുള്ള ആ വേഷം എനിക്ക് ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ജിത്തുസാറിനോടും ലാലേട്ടനോടും ഒത്തിരി സ്നേഹമുണ്ട്. എല്ലായിടത്തുനിന്നും പോസിറ്റീവായ ധാരാളം മെസ്സേജുകള്‍ വരുന്നുണ്ട്. 'ദൃശ്യ'ത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് ദൈവാനുഗ്രഹമായിത്തന്നെ കാണുന്നു. ഇതുവരെ ചെയ്ത എല്ലാവേഷങ്ങളും ദൈവാനുഗ്രഹത്താല്‍ ശ്രദ്ധേയവും മികച്ചതുമായിരുന്നു. ഇപ്പോള്‍ 'ദൃശ്യം 2'വിലെ ഗീതാ പ്രഭാകറെയും പ്രേക്ഷകർ ഏറ്റെടുത്തതില്‍ ഒത്തിരി ഒത്തിരി നന്ദി' -ആശ ശരത്ത്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Asha Sarath about shooting experiences of Drishyam 2 movie
Next Story