'നിശബ്ദത എന്‍റെമേൽ അടിച്ചേൽപ്പിക്കുന്ന രണ്ടാമത്തെ അതിക്രമമാണ്.., സഹതാപമല്ല ഐക്യദാർഢ്യമാണ് വേണ്ടത്'; പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ആശ ആച്ചി ജോസഫ്
text_fields'അതിക്രമം റിപ്പോർട്ട് ചെയ്തില്ലായിരുന്നെങ്കിൽ കുറ്റവാളി അടുത്ത ഔദ്യോഗിക കർത്തവ്യം ഏറ്റെടുക്കാൻ ഭയപ്പെടുമായിരുന്നോ? ഈ സംഭവം അയാളെ ഊണിലും ഉറക്കത്തിലും പിന്തുടരുമായിരുന്നോ? എളുപ്പമായതുകൊണ്ടല്ല ഞാൻ സംസാരിക്കുന്നത് നിശബ്ദത എന്‍റെമേൽ അടിച്ചേൽപ്പിക്കുന്ന രണ്ടാമത്തെ അതിക്രമമാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ്' -പറയുന്നത് സംവിധായികയായ ഡോ. ആശാ ആച്ചി ജോസഫാണ്.
സംവിധായകനും മുൻ എം.എൽ.എയുമായ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമ പരാതി നൽകിയ ചലചിത്ര പ്രവർത്തക. മലയാള മനോരമയിലെ ലേഖനത്തിലൂടെ തന്‍റെ ഐഡന്‍റിറ്റി വെളിപ്പെടുത്തിയിരിക്കുകയാണ് ആശ. കുഞ്ഞുമുഹമ്മദ് നടത്തിയ അതിക്രമം ബോധപൂർവം ആയിരുന്നെന്ന് ആശ പറയുന്നു.
സഹതാപമല്ല സമൂഹത്തിന്‍റെ ഐക്യദാർഢ്യമാണ് വേണ്ടതെന്ന് ആശ ലേഖനത്തിലൂടെ വ്യക്തമാക്കുന്നു. നിഗൂഢമായ ഇടവഴിയിലോ ഇരുണ്ടതും ഒറ്റപ്പെട്ടതുമായ സ്ഥലത്തോ അല്ല, സർക്കാർ ഉടമസ്ഥതയിലുള്ള, പുരോഗമന മൂല്യങ്ങൾ അവകാശപ്പെടുന്ന സാംസ്കാരിക സ്ഥാപനമായ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ഔദ്യോഗിക ചുമതല നിർവഹിക്കുമ്പോഴാണ് താന്‍ അപമാനിക്കപ്പെട്ടതെന്ന് ആശ പറയുന്നു.
നവംബർ 24ന് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും ചാനലുകളിൽ വാർത്ത വരുന്ന ഡിസംബർ എട്ട് വരെ പൊലീസ് എഫ്.ഐ.ആർ ഇട്ടില്ലെന്നും അവർ ആരോപിക്കുന്നു. ചരിത്രത്തിൽ മായ്ക്കപ്പെടാൻ താൻ തയാറല്ലെന്നും തന്‍റെ ശബ്ദം നാളെ മറ്റൊരു സ്ത്രീക്ക് സംസാരിക്കാൻ ഭയം കുറക്കുമെന്ന പ്രതീക്ഷയിലാണ് തുറന്നുപറച്ചിൽ നടത്തുന്നതെന്നും ആശ പറയുന്നു.
അതേസമയം, കുഞ്ഞുമുഹമ്മദിനെ രക്ഷിക്കാൻ തനിക്ക് മേൽ കടുത്ത സമ്മർദമുണ്ടെന്ന് ആശ നേരത്തെ പറഞ്ഞിരുന്നു. കുഞ്ഞുമുഹമ്മദിന്‍റെ പ്രായം, ആരോഗ്യ പ്രശ്നങ്ങൾ എന്നിവ പരിഗണിച്ച് കേസിൽനിന്ന് പിൻമാറണമെന്നാണ് ഇടനിലക്കാർ മുഖേനയുള്ള ആവശ്യമെന്ന് അവർ പറഞ്ഞു. ഐ.എഫ്.എഫ്.കെയിൽ മലയാള ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതിനുള്ള കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നു പി.ടി.കുഞ്ഞുമുഹമ്മദ്.
ഇതുമായി ബന്ധപ്പെട്ട യോഗത്തിനെത്തിയപ്പോള്‍ ചലച്ചിത്ര അക്കാദമിയുടെ അതിഥികളായാണു കുഞ്ഞുമുഹമ്മദും കേസിലെ പരാതിക്കാരിയും നഗരത്തിലെ ഹോട്ടലില്‍ താമസിച്ചത്. ഹോട്ടല്‍ മുറിയില്‍ വെച്ചു സമ്മതമില്ലാതെ ശരീരത്തില്‍ കടന്നുപിടിച്ചെന്നും അപമാനിച്ചെന്നുമാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

