
മുംബൈ ജയിലിൽനിന്ന് ആര്യൻ ഖാൻ ഷാരൂഖും ഗൗരിയുമായി വിഡിയോ കോൺഫറൻസ് വഴി സംസാരിച്ചു
text_fieldsമുംബൈ: ആഡംബര കപ്പലിലെ ലഹരിക്കേസിൽ അറസ്റ്റിലായ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ മാതാപിതാക്കളുമായി സംസാരിച്ചു. വിഡിയോ കോൺഫറൻസ് വഴിയാണ് വെള്ളിയാഴ്ച ഷാരൂഖുമായും അമ്മ ഗൗരി ഖാനുമായും ആര്യൻ സംസാരിച്ചത്.
നിലവിൽ ആർതർ റോഡ് ജയിലിലാണ് ആര്യൻ. കോവിഡ് 19 നിയന്ത്രണങ്ങൾ തുടരുന്നതിനാൽ ജയിലിൽ കഴിയുന്നവർക്ക് ബന്ധുക്കളുമായി വിഡിയോ കോൺഫറൻസിലുടെ ആഴ്ചയിൽ രണ്ടുതവണ സംസാരിക്കാൻ അവസരം നൽകും. ജയിലിലെ കാര്യങ്ങളെക്കുറിച്ച് ആര്യൻ മാതാപിതാക്കളോട് വിശദമായി സംസാരിച്ചുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കേസുമായി ബന്ധപ്പെട്ട് ഒക്ടോബർ 20വരെ ആര്യൻ ജയിലിൽ തുടരും. സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുകയും കൈവശം സൂക്ഷിക്കുകയും ചെയ്യുന്നയാളാണ് ആര്യൻ ഖാനെന്നാണ് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ ആരോപണം. അതേസമയം ആഡംബര കപ്പലിലെ റെയ്ഡിനിടെ ആര്യനിൽനിന്ന് മയക്കുമരുന്ന് കണ്ടെടുത്തിട്ടില്ലെന്ന് ആര്യന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.
ഒക്ടോബർ രണ്ടിനായിരുന്നു കോർഡലിയ ആഡംബരകപ്പലിൽ എൻ.സി.ബിയുടെ പരിശോധന. ഒക്ടോബർ മൂന്നിന് 23കാരനായ ആര്യനെ എൻ.സി.ബി അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ടാണ് 20 പേരാണ് ഇതുവരെ അറസ്റ്റിലായത്.
