ഡേവിഡ് ബെക്കാമിനൊപ്പമുള്ള ചിത്രം; ട്രോളിയവർക്ക് മറുപടിയുമായി അർജുൻ കപൂർ
text_fieldsഇംഗ്ലീഷ് ഫുട്ബാൾ താരം ഡേവിഡ് ബെക്കാമിനൊപ്പമുള്ള തന്റെ ചിത്രത്തെ പരിഹസിച്ച ആരാധകർക്ക് മറുപടിയുമായി നടൻ അർജുൻ കപൂർ. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ട്രോളിന് മറുപടിയായിട്ടാണ് നടൻ ഇക്കാര്യം പറഞ്ഞത്. ബെക്കാമിനെക്കാൾ ഉയരം കുറവായ അർജുൻ, ഫോട്ടോയിൽ പൊക്കം തോന്നിപ്പിക്കാൻ കൃത്രിമം കാണിച്ചുവെന്നാണ് ആരാധകർ പറഞ്ഞത്. 'എന്റെ യഥാർഥ ഉയരം 183 സെന്റിമീറ്ററാണ്. ആറടിക്ക് മുകളിൽ. അതിനാൽ നമ്മൾ വായിക്കുന്നതെല്ലാം വിശ്വസിക്കരുത്' അർജുൻ കപൂർ ട്രോളിന് കമന്റ് ചെയ്തു.
നേരത്തെ തന്റെ പ്രിയപ്പെട്ട താരത്ത ആദ്യമായി നേരിൽ കണ്ട അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. വർഷങ്ങളായി ആരാധിക്കുന്നയാളെയാണ് നേരിൽ കണ്ടതെന്നും തങ്ങൾക്കൊപ്പം സമയം ചെലവഴിച്ച ഡേവിഡ് ബെക്കാമിനോട് കടപ്പെട്ടിരിക്കുന്നെന്നും താരം കുറിച്ചു.
'വർഷങ്ങളായി ആരാധിക്കുന്നയാളെ ആദ്യമായി നേരിൽ കണ്ടു, അദ്ദേഹത്തിന്റെ മിയാമിയിലെ പുതിയ ജീവിതത്തെക്കുറിച്ചും ഫുട്ബോൾ, ഇന്ത്യ-യാത്രകളെക്കുറിച്ചും കുട്ടികളെക്കുറിച്ചും ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ചുമൊക്കെ മുഖാമുഖം കണ്ട് സംസാരിക്കാൻ കഴിഞ്ഞു. ഡേവിഡ് ബെക്കാമിനെ നേരിൽ കാണാൻ സാധിച്ചത് വളരെ മഹത്തരമായ കാര്യമാണ്. ഞങ്ങളോടൊപ്പം സമയം ചെലവഴിക്കുന്നതിലുള്ള അദ്ദേഹത്തിന്റെ ആത്മാർഥത എന്നെ ആശ്ചര്യപ്പെടുന്നു. എന്റെ ബാല്യകാല സ്വപ്നം സാക്ഷാത്കരിച്ചതിന് സോനം കപൂറിനും ആനന്ദ് അഹൂജക്കും നന്ദി'- ഡേവിഡ് ബെക്കാമിനൊപ്പമുള്ള ചിത്രത്തിനൊപ്പം അർജുൻ കപൂർ കുറിച്ചു.
ബുധനാഴ്ച വാഖഡെ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ- ന്യൂസിലാൻഡ് സെമി ഫൈനലിന് ശേഷമാണ് ബെക്കാമിൻ ബോളിവുഡ് താരമായ സോനം കപൂറും ആനന്ദ് അഹൂജയും ഒരുക്കിയ വിരുന്നിൽ പങ്കെടുത്തത്. അനിൽ കപൂർ ,സഞ്ജയ് കപൂർ, ഷാഹിദ് കപൂർ , മീരാ രാജ്പുത്, ഫർഹാൻ അക്തർ, കരിഷ്മ കപൂർ,ഇഷ അംബാനി, തുടങ്ങിയവർ വിരുന്നിൽ പങ്കെടുത്തിരുന്നു.

