മെർലിൻ മൺറോയുടെ ലൊസാഞ്ചലസിലെ വീട് ഇനി ചരിത്രസ്മാരകമോ?
text_fieldsകാലിഫോർണിയയിലെ ലോസ് ആഞ്ചലസിലുള്ള മെർലിൻ മൺറോയുടെ വീട് ഇടിച്ചുനിരത്തുന്നതുമായി ബന്ധപ്പെട്ട് വലിയ തർക്കങ്ങൾ നിലനിന്നിരുന്നു. എന്നാൽ ഏറ്റവും പുതിയ വിവരമനുസരിച്ച് ആ വീട് ഇടിച്ചുനിരത്താനുള്ള ഭീഷണിയിൽ നിന്ന് രക്ഷപ്പെട്ടിരിക്കുകയാണ്. മരിക്കുന്നതിന് ആറ് മാസം മുമ്പാണ് മെർലിൻ ഈ വീട് വാങ്ങിയത്. മെർലിൻ മൺറോ തന്‍റെ ജീവിതത്തിൽ സ്വന്തമായി വാങ്ങിയ ഒരേയൊരു വീടായിരുന്നു ലോസ് ആഞ്ചലസിലെ ബ്രെൻറ്‌വുഡ് പ്രദേശത്തുള്ള സ്പാനിഷ് ശൈലിയിലുള്ള ഈ വീട്. 2023ൽ, ഈ വീടിന് സമീപത്തുള്ള വസ്തുവിന്റെ ഉടമകളായ ഒരു ദമ്പതികൾ തങ്ങളുടെ സ്ഥലം വികസിപ്പിക്കുന്നതിനായി ഈ വീട് 8.35 മില്യൺ ഡോളറിന് വാങ്ങുകയും അത് പൊളിച്ചുമാറ്റാൻ തീരുമാനിക്കുകയും ചെയ്തു.
ഈ വാർത്ത പരന്നതോടെ ചരിത്ര സ്മാരകങ്ങൾ സംരക്ഷിക്കുന്ന സംഘടനകളും, പ്രദേശവാസികളും, മൺറോയുടെ ആരാധകരും വലിയ പ്രതിഷേധവുമായി രംഗത്തെത്തി. വീട് പൊളിക്കാനുള്ള അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലോസ് ആഞ്ചലസ് സിറ്റി കൗൺസിലിന് നൂറുകണക്കിന് ഇമെയിലുകളും ഫോൺ വിളികളും ലഭിച്ചു. പ്രതിഷേധം ശക്തമായപ്പോൾ, സിറ്റി കൗൺസിൽ അടിയന്തരമായി ഇടപെടുകയും വീടിന് ചരിത്ര സാംസ്കാരിക സ്മാരകം എന്ന പദവി നൽകാൻ തീരുമാനിക്കുകയും ചെയ്തു. ഈ പദവി ലഭിച്ചതോടെ വീട് ഇടിച്ചുനിരത്തുന്നത് താൽക്കാലികമായി നിർത്തിവെച്ചു.
വീടിന്റെ ഉടമകൾ സിറ്റി കൗൺസിലിന്റെ ഈ തീരുമാനത്തിനെതിരെ കോടതിയെ സമീപിച്ചു. വീടിന് വേണ്ടത്ര ചരിത്രപരമായ പ്രാധാന്യമില്ലെന്നും പല മാറ്റങ്ങളും വരുത്തിയിട്ടുള്ളതിനാൽ മൺറോയുടെ കാലത്തെ രൂപം അതിനില്ലെന്നും അവർ വാദിച്ചു. എന്നാൽ വീടിന്റെ യഥാർത്ഥ സ്ഥാനം തന്നെയാണ് അതിന്റെ പ്രാധാന്യമെന്നും അത് കേവലം ഒരു കെട്ടിടമല്ല മറിച്ച് മൺറോയുടെ ജീവിതത്തിലെ ഒരു പ്രധാന അധ്യായത്തിന്റെ പ്രതീകമാണെന്നും സിറ്റി കൗൺസിൽ വാദിച്ചു. ഏറ്റവും ഒടുവിൽ ലോസ് ആഞ്ചലസ് സുപ്പീരിയർ കോർട്ട് ജഡ്ജി ഉടമകളുടെ അപേക്ഷ തള്ളുകയും, വീടിന് നൽകിയ ചരിത്രസ്മാരക പദവി നിലനിർത്താൻ ഉത്തരവിടുകയും ചെയ്തു. ഇതോടെ മെർലിൻ മൺറോയുടെ ഈ വീട് തൽക്കാലത്തേക്ക് ഇടിച്ചുനിരത്തൽ ഭീഷണിയിൽ നിന്ന് രക്ഷപ്പെട്ടിരിക്കുകയാണ്.
മെർലിനുമായി ബന്ധപ്പെട്ട പല വസ്തുക്കളും ഉയർന്ന തുകക്ക് വിറ്റുപോയിരുന്നു. ചിത്രകാരനായ ആൻഡി വാർഹോൾ വരച്ച മെർലിൻ മൺറോയുടെ പെയ്‌ന്‌റിങ് 1500 കോടി രൂപയ്ക്കാണ് കുറച്ചുവർഷം മുൻപ് ലേലത്തിൽ വിറ്റക്. ഷോട്ട് സേജ് ബ്ലൂ മെർലിൻ എന്ന് പേരുള്ള ചിത്രം 1964ലാണ് വാർഹോൾ വരച്ചത്. മെർലിൻ മൺറോയുടെ പ്രശസ്തമായ ഒരു മുഖചിത്രത്തെ അടിസ്ഥാനമാക്കിയായിരുന്നു പെയ്‌ന്‌റിങ്. ഇരുപതാം നൂറ്റാണ്ടിൽ തയാറാക്കപ്പെട്ട ഒരു കലാസൃഷ്ടിക്ക് ലഭിക്കുന്ന ഏറ്റവും വലിയ വിലയാണു മെർലിന്‌റെ പെയ്‌ന്‌റിങ്ങിന് ലഭിച്ചതെന്നു നിരീക്ഷകർ പറയുന്നു. ഏറ്റവും കൂടുതൽ വില ലഭിച്ച അമേരിക്കൻ കലാസൃഷ്ടി എന്ന ബഹുമതിയും ഈ പെയ്‌ന്‌റിങ്ങിന് ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

