‘സിനിമയിൽ പാടാൻ ഇനിയില്ല’; പിന്നണി ഗാനരംഗത്തുനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് അരിജിത് സിങ്
text_fieldsഅരിജിത് സിങ്
ഇന്ത്യൻ സംഗീത ലോകത്തെ ഒന്നടങ്കം അമ്പരപ്പിച്ചുകൊണ്ട് പ്രശസ്ത പിന്നണി ഗായകൻ അരിജിത് സിങ് വിരമിക്കൽ പ്രഖ്യാപിച്ചു. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലെഴുതിയ കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഭാവിയിൽ സിനിമകൾക്കായി പുതിയ പാട്ടുകൾ പാടില്ലെന്ന് വ്യക്തമാക്കിയ താരം, നിലവിൽ ഏറ്റെടുത്ത കരാറുകൾ പൂർത്തിയാക്കുമെന്നും കുറിച്ചു.
ഇതൊരു അദ്ഭുതകരമായ യാത്രയാണെന്ന് അരിജിത് പറയുന്നു. ദൈവം എന്നോട് വളരെ ദയ കാണിച്ചിരിക്കുന്നു. ഭാവിയിൽ ചെറിയ കലാകാരനായി കൂടുതൽ പഠിക്കാനും സ്വന്തമായി കൂടുതൽ കാര്യങ്ങൾ ചെയ്യാനും ആഗ്രഹിക്കുന്നു. പിന്നണി ഗായകൻ എന്ന നിലയിലുള്ള ഔദ്യോഗിക ജീവിതം അവസാനിപ്പിക്കുകയാണെങ്കിലും, സ്വതന്ത്രമായി സംഗീതം സൃഷ്ടിക്കുന്നത് തുടരുമെന്ന് അദ്ദേഹം മറ്റൊരു പോസ്റ്റിൽ പറഞ്ഞു.
"എല്ലാവർക്കും പുതുവത്സരാശംസകൾ. കഴിഞ്ഞ വർഷങ്ങളിൽ ശ്രോതാക്കളായി നിങ്ങൾ എനിക്ക് നൽകിയ സ്നേഹത്തിന് ഞാൻ നന്ദി പറയുന്നു. ഇനി മുതൽ പിന്നണി ഗായകനായി പുതിയ ജോലികൾ ഏറ്റെടുക്കില്ലെന്ന് സന്തോഷത്തോടെ അറിയിക്കുന്നു. ഞാൻ ഇത് അവസാനിപ്പിക്കുകയാണ്. ഇതൊരു അത്ഭുതകരമായ യാത്രയായിരുന്നു. ദൈവം എന്നോട് വളരെ ദയ കാണിച്ചിരിക്കുന്നു. ഞാൻ നല്ല സംഗീതത്തിന്റെ ആരാധകനാണ്, ഭാവിയിൽ ഒരു ചെറിയ കലാകാരനായി കൂടുതൽ പഠിക്കാനും സ്വന്തമായി കൂടുതൽ കാര്യങ്ങൾ ചെയ്യാനും ആഗ്രഹിക്കുന്നു.
നിങ്ങളുടെ എല്ലാ പിന്തുണയ്ക്കും ഒരിക്കൽ കൂടി നന്ദി. എനിക്ക് ഇപ്പോഴും ചില ജോലികൾ പൂർത്തിയാക്കാനുണ്ട്, അവ ഞാൻ പൂർത്തിയാക്കും. അതിനാൽ ഈ വർഷം നിങ്ങൾക്ക് ചില റിലീസുകൾ പ്രതീക്ഷിക്കാം. ഞാൻ സംഗീതം ചെയ്യുന്നത് നിർത്തുന്നില്ല എന്ന് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു" -ഇൻസ്റ്റഗ്രാമിലെ കുറിപ്പിൽ അരിജിത് വ്യക്തമാക്കി.
2005ൽ 'ഫെയിം ഗുരുകുൽ' എന്ന റിയാലിറ്റി ഷോയിലൂടെയാണ് പശ്ചിമ ബംഗാൾ സ്വദേശിയായ അരിജിത് സിങ് തന്‍റെ കരിയർ ആരംഭിച്ചത്. 2013ൽ പുറത്തിറങ്ങിയ 'ആഷിഖി 2'ലെ 'തും ഹി ഹോ' എന്ന ഗാനത്തിലൂടെയാണ് അദ്ദേഹം ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടത്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ബോളിവുഡിലെ ഒട്ടുമിക്ക മുൻനിര നായകന്മാർക്കും അദ്ദേഹം ശബ്ദം നൽകി. രണ്ട് ദേശീയ പുരസ്കാരങ്ങളും പത്മശ്രീയും (2025) നേടിയ അദ്ദേഹം സ്പോട്ടിഫൈയിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള ഇന്ത്യൻ കലാകാരൻ കൂടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

