ഇന്ത്യ എന്റെ പ്രചോദനമാണ്, ആരെയും വേദനിപ്പിക്കാനോ വികാരങ്ങളെ വ്രണപ്പെടുത്താനോ ഉദ്ദേശിച്ചിട്ടില്ല - എ.ആർ. റഹ്മാൻ
text_fieldsഹിന്ദി ചലച്ചിത്രമേഖലയിലെ വർഗീയ പക്ഷപാതത്തെക്കുറിച്ചുള്ള തന്റെ സമീപകാല അഭിപ്രായങ്ങളെ ചുറ്റിപ്പറ്റിയുള്ള വിമർശനങ്ങളോട് പ്രതികരിച്ച് സംഗീതസംവിധായകൻ എ.ആർ. റഹ്മാൻ. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ് താരം തന്‍റെ പരാമർശത്തിന് വിശദീകരണം നൽകിയത്. തന്റെ വാക്കുകൾ ഒരിക്കലും ആരെയും വേദനിപ്പിക്കാനോ വികാരങ്ങളെ വ്രണപ്പെടുത്താനോ ഉദ്ദേശിച്ചുള്ളതല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
'പ്രിയ സുഹൃത്തുക്കളെ, സംഗീതം എപ്പോഴും സംസ്കാരത്തെ ബന്ധിപ്പിക്കുന്നതിനും ആഘോഷിക്കുന്നതിനും ആദരിക്കുന്നതിനുമുള്ള എന്റെ മാർഗമാണ്. ഇന്ത്യ എന്റെ പ്രചോദനമാണ്, എന്റെ ഗുരുവും വീടുമാണ്. ഉദ്ദേശ്യങ്ങൾ ചിലപ്പോൾ തെറ്റിദ്ധരിക്കപ്പെടാമെന്ന് ഞാൻ മനസ്സിലാക്കുന്നു. ആർക്കും വേദനയുണ്ടാക്കാൻ ഞാൻ ആഗ്രഹിച്ചിട്ടില്ല. എന്റെ ആത്മാർഥത മനസിലാക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു' -എ.ആർ. റഹ്മാൻ പറഞ്ഞു.
വൈവിധ്യത്തെയും സൃഷ്ടിപരമായ സ്വാതന്ത്ര്യത്തെയും വിലമതിക്കുന്ന ഒരു അന്തരീക്ഷത്തിൽ പ്രവർത്തിക്കാൻ കഴിയുന്നത് ഭാഗ്യമായി തോന്നുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യക്കാരനായിരിക്കുന്നത് വൈവിധ്യമാർന്ന സാംസ്കാരിക പശ്ചാത്തലങ്ങളുമായി ഇടപഴകാൻ തനിക്ക് അവസരം നൽകിയിട്ടുണ്ട്. തന്റെ കലാപരമായ യാത്രയിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, ഒരു സംഗീതജ്ഞൻ എന്ന നിലയിൽ തന്റെ ലക്ഷ്യത്തെ വീണ്ടും ഉറപ്പിക്കുന്ന നിരവധി പ്രോജക്ടുകൾ റഹ്മാൻ എടുത്തുകാണിച്ചു. ഭൂതകാലത്തെ ബഹുമാനിക്കുന്ന, വർത്തമാനകാലത്തെ ആഘോഷിക്കുന്ന, ഭാവിയെ പ്രചോദിപ്പിക്കുന്ന കൃതികൾ സൃഷ്ടിക്കുന്നതിൽ താൻ സമർപ്പിതനാണെന്നും അദ്ദേഹം പറഞ്ഞു.
ബി.ബി.സി ഏഷ്യൻ നെറ്റ്‌വർക്കുമായുള്ള സംവാദത്തിനിടെ റഹ്മാൻ നടത്തിയ പരാമർശങ്ങളാണ് വിവാദത്തിന് കാരണമായത്. സമീപ വർഷങ്ങളിൽ ബോളിവുഡിൽ അവസരങ്ങൾ കുറയുന്നതിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. അവസരങ്ങൾ കുറയുന്നതിന് വർഗീയ കാരണങ്ങൾ ഉണ്ടാകാമെന്ന് റഹ്മാൻ പറഞ്ഞിരുന്നു. വിക്കി കൗശൽ നായകനായ ഛാവ എന്ന സിനിമയിൽ സംഗീതസംവിധായകൻ എന്ന നിലയിൽ പ്രവർത്തിച്ചിരുന്നെങ്കിലും, അത് ഒരു ഭിന്നിപ്പിക്കുന്ന സിനിമയാണെന്നും അദ്ദേഹം പറഞ്ഞു. പ്രേക്ഷകർക്ക് സത്യവും സിനിമാറ്റിക് കൃത്രിമത്വവും തമ്മിൽ വേർതിരിച്ചറിയാൻ കഴിയുമെന്ന് റഹ്മാൻ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

