വിമർശനങ്ങൾ ശ്രദ്ധിക്കാൻ എനിക്ക് സമയമോ ഊർജമോ ഇല്ല; ‘രാമായണ’ത്തിലെ ഗാനം വിവാദമായതിൽ പ്രതികരണവുമായി എ.ആർ. റഹ്മാൻ
text_fieldsനിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം രാമായണയിലെ ഗാനങ്ങളുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ഉയർന്നുവരുന്ന വിമർശനങ്ങൾക്കും ചർച്ചകൾക്കും പ്രതികരണവുമായി പ്രശസ്ത സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ. സോഷ്യൽ മീഡിയ പ്രതികരണങ്ങൾ താൻ പിന്തുടരാറില്ലെന്നും കലയോട് തികച്ചും ആത്മാർത്ഥത പുലർത്താനാണ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ചിത്രത്തിൽ അടുത്തിടെ പുറത്തിറങ്ങിയ മംഗൾ രംഗ് എന്ന ഗാനം ഇന്റർനെറ്റിൽ പുതിയൊരു തർക്കത്തിന് വഴിവെച്ചതിന് പിന്നാലെയാണ് റഹ്മാന്റെ പ്രതികരണം. ഓരോ ഗാനത്തിന് പിന്നിലും കഠിനമായ അധ്വാനമാണ് നടക്കുന്നതെന്ന് റഹ്മാൻ പറഞ്ഞു. ഒരു ഗാനം പൂർത്തിയാക്കാൻ നിരവധി ഫിൽട്ടറേഷൻ, ഐഡിയേഷൻ, ആശയരൂപീകരണം എന്നിവയിലൂടെ ഞങ്ങൾ കടന്നുപോകാറുണ്ട്. അതുകൊണ്ടുതന്നെ അതിനുശേഷം വരുന്ന ഫീഡ്‌ബാക്കുകൾ നോക്കാൻ എനിക്ക് ഊർജ്ജമോ സമയമോ ഉണ്ടാകാറില്ല. പൂർണ്ണമായും പരീക്ഷിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് ഞങ്ങൾ പാട്ടുകൾ പുറത്തുവിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഞാൻ വളരെ ആത്മാർത്ഥതയോടെയാണ് എന്‍റെ ജോലി ചെയ്തത്, ആളുകൾ അത് ആസ്വദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റഹ്മാൻ കൂട്ടിച്ചേർത്തു. 30 വർഷം നീണ്ട സംഗീത ജീവിതത്തിനിടയിൽ ഇത്തരമൊരു ബൃഹത്തായ പ്രോജക്റ്റ് ഏറ്റെടുക്കുന്നത് വലിയ ഉത്തരവാദിത്തവും സമ്മർദ്ദവും നൽകുന്നുണ്ടെന്ന് അദ്ദേഹം തുറന്നുപറഞ്ഞു.
പ്രശസ്ത സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ ഈണം പകർന്ന് ശ്രേയ ഘോഷാലും അർജിത് സിങ്ങും ചേർന്ന് ആലപിച്ച 'മംഗൾ രംഗ്' എന്ന ഗാനമാണ് തർക്കങ്ങൾക്ക് വഴിതുറന്നിരിക്കുന്നത്. സൂഫി, ഖവ്വാലി ശൈലികളോട് സാദൃശ്യമുള്ളതാണ് പാട്ടിന്റെ സംഗീതമെന്നാണ് പ്രധാന വിമർശനം. ഹൈന്ദവ ഇതിഹാസത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിലെ ഭക്തിഗാനത്തിന് ഖവ്വാലിക്ക് സമാനമായ സംഗീത ശൈലി നൽകിയത് ഉചിതമായില്ലെന്ന് ചൂണ്ടിക്കാട്ടി വിവിധ ഹിന്ദുത്വ സൈബർ ഹാൻഡിലുകൾ രംഗത്തെത്തിയിരുന്നു.
പ്രസിദ്ധമായ 'ആജ് രംഗ് ഹൈ' എന്ന ഖവ്വാലിയെ ഓർമിപ്പിക്കുന്ന രീതിയിലാണ് 'മംഗൾ രംഗ്' ഒരുക്കിയിരിക്കുന്നത് എന്നാണ് പ്രധാന വിമർശനം. റഹ്മാന്റെ തന്നെ പ്രശസ്തമായ 'കുൻ ഫയാ കുൻ' എന്ന സൂഫി ഗാനത്തിന്റെ ഘടനയോട് ഇതിന് സാമ്യമുണ്ടെന്നും ശ്രീരാമന്റെയും സീതാദേവിയുടെയും കഥ പറയുന്ന ചിത്രത്തിൽ ഇത്തരമൊരു സംഗീത ശൈലി ചേരുന്നില്ലെന്നും വിമർശനമുയർന്നിരുന്നു.
നമിത് മൽഹോത്ര നിർമ്മിച്ച് നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ‘രാമായണം’ രണ്ട് ഭാഗങ്ങളായാണ് തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിൽ രാവണനായി യഷും, ലക്ഷ്മണനായി രവി ദുബെയും, ഹനുമാനായി സണ്ണി ഡിയോളും വേഷമിടുന്നു. ചിത്രത്തിന്റെ ആദ്യഭാഗം ദീപാവലി റിലീസായി നവംബർ 5-ന് ലോകമെമ്പാടും തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. രണ്ടാം ഭാഗം 2027 ദീപാവലിയോടെയാണ് റിലീസ് ചെയ്യാൻ പദ്ധതിയിട്ടിരിക്കുന്നത്.

