‘ബോളിവുഡിനെ എ.ഐ സഹായിക്കും, കോപ്പിയടിക്കാൻ’
text_fieldsഅനുരാഗ് കശ്യപ്
വേദി ഏതായാലും ബോളിവുഡ് സിനിമാ വ്യവസായത്തെ കുത്തിനോവിക്കാതെ മറ്റൊരു സംസാരവുമില്ല, ചലച്ചിത്രകാരൻ അനുരാഗ് കശ്യപിന്. ഹിന്ദി സിനിമയുടെ ഈറ്റില്ലമായ മുംബൈയിൽ ജീവിക്കാൻപോലും കഴിയില്ല എന്നാരോപിച്ച് നഗരം വിട്ട് ദക്ഷിണേന്ത്യയിലേക്ക് മാറിയെന്ന് പ്രഖ്യാപിച്ച അനുരാഗ്, ബോളിവുഡ് സിനിമക്കാർ ട്രെൻഡിനെ മാത്രം പിന്തുടരുന്നവരാണെന്നും വിമർശിക്കാറുണ്ട്. ഇൗയിടെ ഗുഡ്ഗാവിൽ നടന്ന ഒരു കോൺക്ലേവിലാണ് അനുരാഗിന്റെ ഏറ്റവും പുതിയ ബോളിവുഡ് വിമർശനം.
‘‘ഹിന്ദി സിനിമയിൽ എ.ഐയുടെ സ്വാധീനത്തെക്കുറിച്ചാണ് ചോദ്യമെങ്കിൽ, അടുത്തൊന്നും ബോളിവുഡ് ഒരു മൗലിക സൃഷ്ടിയും നടത്തിയിട്ടില്ല. മിക്കതും റീമേക്കുകളായിരുന്നു. അതിനാൽ, മികച്ച കോപ്പികൾക്കും റീമേക്കുകൾക്കും അവരെ എ.ഐ സഹായിച്ചേക്കും’’ -അനുരാഗ് പരിഹസിച്ചു.
എ.ഐയെക്കുറിച്ച് മറ്റൊരു കാഴ്ചപ്പാടും അദ്ദേഹം മുന്നോട്ടുച്ചു. എ.ഐ സെർവറുകളെ അമിത ചൂടാവലിൽനിന്ന് രക്ഷിക്കാൻ അനേകം ലിറ്റർ വെള്ളം വേണ്ടിവരുമെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ‘‘ഡാനി ബോയൽ ബോംബെ ചേരിയിൽ സ്ലം ഡോഗ് മില്യണയർ ഷൂട്ട് ചെയ്തപ്പോൾ ചെറു കാമറകളായിരുന്നു ഉപയോഗിച്ചിരുന്നത്. ഇതിന്റെ ഫീഡുകൾ ലാപ്ടോപ്പിലേക്ക് വന്നുകൊണ്ടേയിരുന്നു. ഇതിനൊപ്പം, അവർ ഐസ് പാക്കുകൾ വെച്ച് സിസ്റ്റം ചൂടാവുന്നത് ഒഴിവാക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. അപ്പോൾ എ.ഐ സെർവറുകൾക്ക് എത്രമാത്രം കൂളന്റ് വേണ്ടി വരും? ഗവേഷണങ്ങൾ പറയുന്നത്, ഓരോ എ.ഐ പ്രോംപ്റ്റും 16 ഔൺസ് (അര ലിറ്ററോളം) വെള്ളം വേണ്ടിവരുമെന്നാണ്. ഇന്നത്തെ നിലയിലാണ് ഈ കണക്കെങ്കിൽ 2027ൽ, സെർവറുകൾ തണുപ്പിക്കാൻ ഡെന്മാർക് ചെലവിടുന്ന അത്രയും വെള്ളം വേണ്ടി വരും. അമിത എ.ഐ ആശ്രിതത്വം മറ്റൊരു തലത്തിൽ അപകടമാണെന്ന് അർഥം’’ -അനുരാഗ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

