‘ഓസ്കർ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ ഇടപെടലുകൾ’; ഇന്ത്യ എപ്പോഴും തെറ്റായ സിനിമകളാണ് തെരഞ്ഞെടുക്കുന്നതെന്ന് അനുരാഗ് കശ്യപ്
text_fieldsന്യൂഡൽഹി: ഇന്ത്യയുടെ ഓസ്കർ എൻട്രി തെരഞ്ഞെടുപ്പ് പ്രക്രിയയെ രൂക്ഷമായി വിമർശിച്ച് പ്രമുഖ ചലച്ചിത്രകാരൻ അനുരാഗ് കശ്യപ്. ഇന്ത്യ എപ്പോഴും ഓസ്കറിനായി 'തെറ്റായ സിനിമകളാണ്' തെരഞ്ഞെടുക്കുന്നതെന്നും, അതിനുപിന്നിൽ വലിയ തോതിൽ രാഷ്ട്രീയ ഇടപെടലുകളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വെറൈറ്റി ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് അനുരാഗ് കശ്യപ് ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.
വരാനിരിക്കുന്ന ഓസ്കറിനായുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചിത്രമായ 'ഗൊന്ധാൽ' പ്രഖ്യാപിക്കപ്പെട്ട പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. എന്നാൽ താൻ ഇതുവരെ ഈ ചിത്രം കണ്ടിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 2001ൽ പുറത്തിറങ്ങിയ 'ലഗാൻ' എന്ന ചിത്രത്തിന് ശേഷം ഇതുവരെ ഒരു ഇന്ത്യൻ ചിത്രവും ബെസ്റ്റ് ഇന്റർനാഷണൽ ഫീച്ചർ ഫിലിം വിഭാഗത്തിന്റെ ഷോർട്ട്‌ലിസ്റ്റിൽ പോലും ഇടംപിടിച്ചിട്ടില്ല. ഇന്ത്യ എപ്പോഴും മികച്ച സിനിമകൾ തെരഞ്ഞെടുക്കാൻ ശ്രമിക്കാറുണ്ടെങ്കിലും അവസാന ഘട്ടത്തിൽ പിഴവുകൾ സംഭവിക്കാറുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ത്യക്ക് സുവർണ്ണാവസരങ്ങൾ ലഭിച്ചിട്ടും 'ദി ലഞ്ച് ബോക്സ്', 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' പോലുള്ള മികച്ച സിനിമകൾ ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ ബോധപൂർവ്വം ഒഴിവാക്കുകയായിരുന്നുവെന്ന് അനുരാഗ് കശ്യപ് ആരോപിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയയെ രാഷ്ട്രീയ സ്വാധീനങ്ങൾ ബാധിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് 'അതെ' എന്ന് മറുപടി നൽകിയ അദ്ദേഹം, സിനിമാ രംഗത്തെ അവബോധക്കുറവും ഇത്തരം തെറ്റായ തീരുമാനങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.
അതേസമയം, 'ഗൊന്ധാൽ' സിനിമയെ തിരഞ്ഞെടുത്തതിന്റെ കാരണം ജൂറി അംഗമായ വിവേക് വാസ്‍വാനി വ്യക്തമാക്കുകയുണ്ടായി. ഇന്ത്യൻ സംസ്കാരവും പാരമ്പര്യവും ആഗോളതലത്തിൽ പ്രതിഫലിപ്പിക്കുന്ന ഒന്നായിരിക്കണം സിനിമ എന്ന വ്യക്തമായ നിർദേശം ജൂറിക്ക് ലഭിച്ചിരുന്നുവെന്ന് അദ്ദേഹം എൻ.ഡി.ടി.വിയോട് പറഞ്ഞു. മഹാരാഷ്ട്രയിലെ ഒരു ഉൾഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ, സംഗീതത്തിന്റെയും നൃത്തത്തിന്റെയും അകമ്പടിയോടെയുള്ള ഒരു കൊലപാതക രഹസ്യമാണ് 'ഗൊന്ധാൽ' പറയുന്നത്.
ഇംത്യാസ് അലിയുടെ 'മൈ വാപസ് ആവുംഗ', നാഗാലാൻഡ് ചിത്രം 'അങ്' എന്നിവയും അവസാന ഘട്ടത്തിൽ പരിഗണിച്ചിരുന്നു. എന്നാൽ ഇന്ത്യാ-പാക് പ്രമേയമായതിനാൽ അമേരിക്കൻ പ്രേക്ഷകരെ ഇത് സ്വാധീനിക്കില്ല എന്ന വിലയിരുത്തലിലാണ് ഇംത്യാസ് അലിയുടെ ചിത്രം ഒഴിവാക്കിയത്. ആദിത്യ ധറിന്റെ 'ധുരന്ധർ' എന്ന ചിത്രത്തിന് വേണ്ടത്ര വോട്ടുകൾ ലഭിക്കാത്തതിനാലാണ് ഒഴിവാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

