ഇപ്പോഴും എന്തുകൊണ്ട് വാടക വീട്ടിൽ താമസിക്കുന്നു? കാരണം പറഞ്ഞ് അനുപം ഖേർ
text_fieldsഅനുപം ഖേർ ബോളിവുഡിൽ തന്റെ യാത്ര തുടങ്ങിയിട്ട് നാല് പതിറ്റാണ്ടിലേറെയായി. എന്നാൽ ഇപ്പോഴും അദ്ദേഹത്തിന് സ്വന്തമായി വീടില്ല. റെന്‍റഡ് ഫ്ലാറ്റിലാണ് താമസം. പാരമ്പര്യമായി ലഭിച്ച സ്വത്ത് ഉണ്ടാക്കുന്ന സംഘർഷങ്ങളില്ലാതെ, തന്റെ വിയോഗത്തിനു ശേഷവും കുടുംബം സമാധാനത്തിലും ഐക്യത്തിലും ജീവിക്കണമെന്ന് ആഗ്രഹിക്കുന്നതിനാലാണ് ഇത്തരമൊരു തീരുമാനമെന്ന് അദ്ദേഹം പറയുന്നു.
സ്വന്തമായി നിരവധി വീടുകൾ വാങ്ങാനുള്ള ശേഷി ഉണ്ടായിരുന്നിട്ടും വാടക വീട്ടിൽ താമസിക്കാനുള്ള തന്റെ തീരുമാനത്തെക്കുറിച്ച് ദി പവർഫുൾ ഹ്യൂമൻസ് പോഡ്‌കാസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഒരാൾ മരിച്ചുകഴിഞ്ഞാൽ, അയാൾ ഉപേക്ഷിച്ചുപോയ സ്വത്തുമായി ബന്ധപ്പെട്ട് ചില തർക്കങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. പ്രായമായ ആളുകളെ ഞാൻ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്, അവരുടെ കഥകൾ വേദനാജനകമാണ്. ഒരാളെ അവരുടെ മകൻ പുറത്താക്കിയിരിക്കുന്നു... ഒരാളെ സ്വത്തിൽ ഒപ്പിടാൻ നിർബന്ധിക്കുന്നു... ഇത്തരത്തിലുള്ള കാര്യങ്ങളും സംഭാഷണങ്ങളും എന്റെ വീട്ടിൽ നടക്കാറില്ല' -അനുപം പറഞ്ഞു.
യഥാർഥ ജീവിതത്തിൽ അച്ഛന്റെ വേഷം ചെയ്യാറില്ലെന്നും സിനിമകളിൽ അത് പ്രശ്നമില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കലും മകന്‍റെ അടുത്തേക്ക് പോയി എങ്ങനെ ബിസിനസ്സ് നടത്തണമെന്ന് പറയാറില്ല. തന്റെ അച്ഛൻ ഒരിക്കലും തന്നോട് എന്തുചെയ്യണമെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മാതാപിതാക്കൾ കുട്ടികൾക്ക് ഒരു പരിധിവരെ സ്വാതന്ത്ര്യം നൽകണമെന്നും അങ്ങനെ അവർ സ്വന്തം തെറ്റുകളിൽ നിന്ന് പഠിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

