18 വർഷമായി ഞാനും അജയ് ദേവ്ഗണും സംസാരിച്ചിട്ട്, റാ.വണ്ണിന്‍റെ പരാജയം എന്നെ വൈകാരികമായി തകർത്തു -അനുഭവ് സിൻഹ
text_fieldsഅനുഭവ് സിൻഹ
എഞ്ചിനീയറിങ്ങിൽ നിന്ന് ടെലിവിഷൻ, സംഗീത വിഡിയോ രംഗങ്ങളിലൂടെ സംവിധായകനും നിർമാതാവുമായ അനുഭവ് സിൻഹ തന്‍റെ കരിയറിന്‍റെ തുടക്കത്തിലെ വെല്ലുവിളികളെക്കുറിച്ചും പ്രധാന ചിത്രങ്ങളുടെ പരാജയം തന്നെ എങ്ങനെ ബാധിച്ചു എന്നതിനെക്കുറിച്ചും പല അഭിമുഖത്തിലും സംസാരിച്ചിട്ടുണ്ട്. 1990കളിൽ മുംബൈയിലേക്ക് വന്ന അദ്ദേഹം പങ്കജ് പരാശറിന്‍റെ അസിസ്റ്റന്‍റ് ഡയറക്ടറായാണ് സിനിമാ ജീവിതം ആരംഭിച്ചത്. 'സീ ഹോക്‌സ്' പോലുള്ള പ്രശസ്തമായ ടി.വി സീരിയലുകൾ സംവിധാനം ചെയ്തു. റാ. വൺ പരാജയത്തിന് ശേഷം ഏറെക്കാലം ഇടവേളയെടുത്ത സിൻഹ 2018ഓടെ തന്‍റെ ശൈലി പൂർണ്ണമായും മാറ്റി. സാമൂഹികവും രാഷ്ട്രീയപരവുമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ശക്തമായ ചിത്രങ്ങളിലൂടെ അദ്ദേഹം നിരൂപക പ്രശംസ നേടി. ഇപ്പോഴിതാ താരം ഷാറൂഖിന്‍റെ റാവണിനെ കുറിച്ചും പറഞ്ഞതാണ് ശ്രദ്ധനേടുന്നത്.
‘അജയ് ദേവ്ഗൺ നായകനായ ക്യാഷ് എന്ന ചിത്രം എന്‍റെ കരിയറിലെ ഏറ്റവും മോശം ചിത്രമായിരുന്നു. ചിത്രം പരാജയപ്പെട്ടതോടെ അജയ് ദേവ്ഗണും ഞാനും തമ്മിലുള്ള ബന്ധത്തിൽ അകൽച്ചയുണ്ടായി. ഒരു പ്രൊജക്റ്റ് പരാജയപ്പെടുമ്പോൾ ടീം അകന്നുപോകാറുണ്ട്. ഞാൻ ഉണ്ടാക്കിയ മോശം സിനിമയിൽ പങ്കെടുത്തതിൽ ആർക്കും വിഷമം ഉണ്ടാകാൻ അവകാശമുണ്ട്. ഈ ചിത്രം പുറത്തിറങ്ങിയതിന് ശേഷം ഏകദേശം 18 വർഷമായി ഞാനും അജയ് ദേവ്ഗണും സംസാരിച്ചിട്ടില്ലെന്നും അനുഭവ് സിൻഹ വെളിപ്പെടുത്തി.
ഷാറൂഖ് ഖാൻ നായകനും നിർമാതാവുമായ റാ. വൺ എന്ന വലിയ ബഡ്ജറ്റ് ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെട്ടത് എന്നെ വൈകാരികമായി തകർത്തിരുന്നു. ആ പരാജയത്തിൽ നിന്ന് കരകയറാൻ ഒരുപാട് സമയമെടുത്തു. സിനിമ പരാജയപ്പെട്ടെങ്കിലും ഷാറൂഖ് ഖാനോടുള്ള എന്‍റെ ആദരവ് വർധിച്ചിട്ടേയുള്ളൂ. ഷാറൂഖ് ഖാനെ ഒരു താരമായോ നടനായോ കാണുന്നതിനേക്കാൾ ഒരു വ്യക്തി എന്ന നിലയിൽ ഞാൻ അദ്ദേഹത്തെ വിലമതിക്കുന്നു. ഷാറൂഖ് ഖാൻ അനുകമ്പയുള്ള, അഭിനിവേശമുള്ള ഒരു വ്യക്തിയാണ്. വലിയ താരപദവിയുണ്ടായിട്ടും അദ്ദേഹത്തിന് ഒരു മിഡിൽ ക്ലാസ് ചിന്താഗതിയാണ്. അദ്ദേഹത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. റാ. വൺ പരാജയപ്പെട്ടെങ്കിലും ഷാരൂഖ് ഖാനോടൊപ്പം പ്രവർത്തിക്കാൻ സാധിച്ചത് ഞാൻ ഭാഗ്യമായി കരുതുന്നു എന്നും, ഒരു നല്ല കഥ ലഭിക്കുകയാണെങ്കിൽ ഭാവിയിലും അദ്ദേഹവുമായി സഹകരിക്കാൻ ആഗ്രഹിക്കുന്നു’ എന്നും അനുഭവ് സിൻഹ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

