'ഒരു കാലത്ത് ഒരേസമയം 13 സീരിയലുകളിൽ അഭിനയിച്ച നടി ഇന്ന് ഓഡിഷനുകളിൽ തഴയപ്പെടുന്നു'; കടന്നുപോകുന്നത് കടുത്ത മാനസിക സമ്മർദ്ദത്തിലൂടെ എന്ന് അനിത കൻവാൽ
text_fieldsഒരു കാലത്ത് ഇന്ത്യൻ ടെലിവിഷൻ ലോകത്ത് ഏറ്റവും കൂടുതൽ തിരക്കുള്ള നായികമാരിൽ ഒരാളായിരുന്നു അനിത കൻവാൽ. എന്നാൽ 40 വർഷത്തോളം അഭിനയരംഗത്ത് സജീവമായിരുന്നിട്ടും, ഇന്ന് ഓഡിഷനുകളിൽ തനിക്ക് നേരിടേണ്ടി വരുന്ന അവഗണനകളെക്കുറിച്ച് മനസ്സ് തുറക്കുകയാണ് നടി. അവസരങ്ങൾ ഇല്ലാതാവുകയും തന്‍റെ കഴിവിനെ ആളുകൾ സംശയിക്കാൻ തുടങ്ങുകയും ചെയ്തതോടെ കടുത്ത മാനസിക വിഷമത്തിലൂടെയാണ് താൻ കടന്നുപോകുന്നതെന്ന് അവർ വെളിപ്പെടുത്തി.
പ്രശസ്ത മാധ്യമപ്രവർത്തകൻ സിദ്ധാർത്ഥ് കണ്ണന് നൽകിയ അഭിമുഖത്തിലാണ് അനിത തന്‍റെ ജീവിതത്തിലെ ഈ സങ്കടകരമായ അവസ്ഥ പങ്കുവെച്ചത്. അടുത്തിടെ പങ്കെടുത്ത ഒരു ഓഡിഷനിടെ ഉണ്ടായ അനുഭവം അവർ ഓർത്തെടുത്തു: "ഒരു യുവ അസിസ്റ്റന്‍റ് വന്ന് എന്നോട് സ്വയം പരിചയപ്പെടുത്താൻ ആവശ്യപ്പെട്ടു. അപ്പോൾ ഞാൻ പറഞ്ഞു, 'ഞാൻ അനിത കൻവാൽ, നിങ്ങളിൽ ഭൂരിഭാഗം പേരും ജനിക്കുന്നതിന് മുൻപേ ഞാൻ അഭിനയം തുടങ്ങിയതാണ്.' അത് കേട്ടപ്പോൾ അവിടെയുണ്ടായിരുന്നവരെല്ലാം നിശബ്ദരായി. പക്ഷേ, പ്രതീക്ഷിച്ചതുപോലെ ആ വേഷം എനിക്ക് ലഭിച്ചില്ല," അവർ ചിരിയോടെ പറഞ്ഞു.
തന്‍റെ ഈഗോയെല്ലാം മാറ്റിവെച്ചാണ് ഇപ്പോഴും ഓഡിഷനുകളിൽ പങ്കെടുക്കുന്നതെന്ന് അനിത പറയുന്നു. "ഞാൻ ഇപ്പോഴും ഓഡിഷനുകൾ നൽകുന്നുണ്ട്, പക്ഷേ ആർക്കും ഇപ്പോൾ എന്‍റെ അഭിനയം ഇഷ്ടപ്പെടുന്നില്ലെന്ന് തോന്നുന്നു. മുൻപൊക്കെ എന്‍റെ മുഖം ഒരുപാട് ടെലിവിഷനിൽ കണ്ട് മടുത്തു എന്ന് ആളുകൾ പറയുമായിരുന്നു. എന്നാൽ ഞാൻ ടി.വിയിൽ അഭിനയിച്ചിട്ട് ഇപ്പോൾ എട്ട് വർഷത്തോളമായി. ഇന്ന് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ നോക്കൂ, ഒരേ അഭിനേതാക്കൾ തന്നെയാണ് എല്ലാ പ്രോജക്റ്റുകളിലും വരുന്നത്. അവർക്ക് ഈ പ്രശ്നം ബാധകമല്ലേ? ഒരുപക്ഷേ എന്‍റെ സമയം ശരിയല്ലാത്തതുകൊണ്ടാകാം," അവർ കൂട്ടിച്ചേർത്തു.
തന്‍റെ കരിയറിന്‍റെ സുവർണ്ണകാലത്തെക്കുറിച്ച് ഓർക്കുമ്പോൾ ഇന്നത്തെ അവസ്ഥ അവരെ ഏറെ വേദനിപ്പിക്കുന്നുണ്ടെന്ന് അനിത പറയുന്നു. "ഒരു കാലത്ത് ഒരേസമയം 13 ഷോകളിൽ വരെ ഞാൻ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഇന്ന് ആളുകൾ നിങ്ങളെ പൂർണ്ണമായി മറക്കുമ്പോൾ അത് വലിയ വേദനയുണ്ടാക്കുന്നു. ഒരു ഘട്ടത്തിൽ എനിക്ക് എന്നെത്തന്നെ ഇല്ലാതാക്കാൻ തോന്നിപ്പോകാറുണ്ട്. മൂന്ന് ദിവസങ്ങൾക്ക് മുൻപ് ഞാൻ എന്‍റെ മകളോട് ചോദിച്ചു 'ഞാൻ എന്തിനാണ് ഇപ്പോഴും ജീവിക്കുന്നത്? സമൂഹത്തിനോ എന്‍റെ കലക്കോ വേണ്ടി ഇപ്പോൾ ഞാൻ എന്താണ് ചെയ്യുന്നത്?' ഈ ഇൻഡസ്ട്രിക്ക് വേണ്ടി ഞാൻ എന്‍റെ ജീവിതം മുഴുവൻ നൽകി. എല്ലാത്തരം വേഷങ്ങളും ചെയ്തു, ഒരുപാട് അവാർഡുകളും നേടി. എന്നിട്ടും എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു? ഇതിന് ആരാണ് കുറ്റക്കാരൻ, ഞാനോ അതോ ഈ ഇൻഡസ്ട്രിയോ?" അനിത വികാരാധീനയായി ചോദിച്ചു.
കരിയറിലെ പെട്ടെന്നുള്ള മാറ്റം തന്നിൽ വലിയ ആത്മസംഘർഷങ്ങൾ ഉണ്ടാക്കിയതായി അവർ സമ്മതിക്കുന്നു. പ്രായമായതു കൊണ്ടാണോ തഴയപ്പെടുന്നത് എന്ന ചോദ്യത്തിന്, "എനിക്ക് പ്രായമായി എന്നത് ശരിയാണ്. പക്ഷേ 12 വയസ്സുള്ള കുട്ടിയുടെ വേഷമല്ലല്ലോ ഞാൻ ചോദിക്കുന്നത്, 70 വയസ്സുള്ള ഒരു കഥാപാത്രത്തെ എനിക്ക് തന്നുകൂടെ? എന്‍റെ പ്രായത്തിലുള്ള മറ്റു പലർക്കും ഒരുപാട് അവസരങ്ങൾ ലഭിക്കുന്നുണ്ട്, പിന്നെന്തുകൊണ്ട് എനിക്ക് ലഭിക്കുന്നില്ല?" എന്ന് അവർ ചോദിക്കുന്നു.
വർഷങ്ങൾക്ക് മുൻപ് തന്‍റെ കരിയറിന്‍റെ ഉച്ചിയിൽ നിൽക്കുമ്പോൾ മനസ്സിലാക്കിയ ഒരു യാഥാർത്ഥ്യവും അവർ പങ്കുവെച്ചു. "ഞാൻ വലിയ ജനപ്രീതി നേടി നിൽക്കുന്ന സമയത്ത് ഒരു മീറ്റിങിന് പോയി. അവിടെ നമ്മളൊക്കെ കണ്ടുവളർന്ന ഒരു മുതിർന്ന നടി ഇരിക്കുന്നുണ്ടായിരുന്നു. ഞാൻ അവരെ ബഹുമാനത്തോടെ അഭിവാദ്യം ചെയ്ത് അടുത്തിരുന്നു. അപ്പോൾ അവിടുത്തെ ഉദ്യോഗസ്ഥർ വന്ന് എന്നോട് ആദ്യം മീറ്റിങിനായി അകത്തേക്ക് വരാൻ പറഞ്ഞു. 'അവരല്ലേ ആദ്യം വന്നത്, അവർ കയറട്ടെ' എന്ന് ഞാൻ പറഞ്ഞപ്പോൾ, 'അതൊന്നും സാരമില്ല, നിങ്ങൾ വരൂ' എന്നായിരുന്നു അവരുടെ മറുപടി. അന്ന് എനിക്ക് മനസ്സിലായി, ഒരു ദിവസം ഞാനും ആ മുതിർന്ന നടിയുടെ സ്ഥാനത്ത് വന്നിരിക്കേണ്ടി വരുമെന്ന്. അതാണ് ഈ ഇൻഡസ്ട്രിയുടെ ക്രൂരമായ യാഥാർത്ഥ്യം" അനിത പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

