Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുരോഹിതനും ചടങ്ങുകളുമില്ല; അനിരുദ്ധ്-കാവ്യ വിവാഹത്തിലൂടെ വീണ്ടും ചർച്ചയായി സ്വാഭിമാന വിവാഹം

text_fields
bookmark_border
പുരോഹിതനും ചടങ്ങുകളുമില്ല; അനിരുദ്ധ്-കാവ്യ വിവാഹത്തിലൂടെ വീണ്ടും ചർച്ചയായി സ്വാഭിമാന വിവാഹം
cancel

സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദറും ബിസിനസ്സ് പ്രമുഖ കാവ്യ മാരനും ഗ്രീസിൽ വെച്ച് വിവാഹിതരായത് സമൂഹമാധ്യമങ്ങളിലും സാംസ്കാരിക ലോകത്തും വലിയ ചർച്ചയായിരിക്കുകയാണ്. പരമ്പരാഗത ഹൈന്ദവ ആചാരങ്ങൾക്കും വൈദിക ചടങ്ങുകൾക്കും പകരമായി, തുല്യതക്കും പരസ്പര സമ്മതിക്കും പ്രാധാന്യം നൽകുന്ന സ്വാഭിമാന വിവാഹ രീതിയാണ് ഇവർ തിരഞ്ഞെടുത്തത്.

ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും ഒപ്പം ചലച്ചിത്ര രംഗത്തെ പ്രമുഖരുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ചടങ്ങിൽ ദമ്പതികൾ പരസ്പരം മാലകളും ചെയിനുകളും കൈമാറുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് ഈ വിവാഹരീതിയെക്കുറിച്ചുള്ള ചർച്ചകൾ സജീവമായത്. ഡി.എം.കെ. ഐ.ടി. വിംഗ് സെക്രട്ടറി ഡോ. ടി.ആർ.ബി. രാജ എക്സ് പോസ്റ്റിലൂടെ ഇവരുടെ വിവാഹം സ്വാഭിമാന വിവാഹമാണെന്ന് സ്ഥിരീകരിച്ചിരുന്നു.

പെരിയാർ ഇ.വി രാമസാമി തമിഴ്നാട്ടിൽ തുടക്കമിട്ട സ്വാഭിമാന പ്രസ്ഥാനത്തിൽ നിന്നാണ് ഇത്തരം വിവാഹ രീതി ഉടലെടുത്തത്. സ്വാഭിമാന വിവാഹം പൂർണ്ണമായും സാധുതയുള്ള ഒരു ഹിന്ദു വിവാഹമാണ്. തമിഴ്നാട് സർക്കാർ 1967-ൽ ഹിന്ദു വിവാഹ നിയമത്തിൽ ഉൾപ്പെടുത്തിയ സെക്ഷൻ 7എ പ്രകാരം, രണ്ട് ഹിന്ദുക്കൾ തമ്മിലുള്ള വിവാഹം പുരോഹിതന്റെ സാന്നിധ്യമില്ലാതെ നടത്താം.

ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ സാന്നിധ്യത്തിൽ ലളിതമായ പ്രഖ്യാപനത്തിലൂടെയോ, മാലകളോ മോതിരങ്ങളോ പരസ്പരം കൈമാറിയോ, അല്ലെങ്കിൽ താലി കെട്ടിക്കൊണ്ടോ ഈ വിവാഹം നടത്താം. ഗ്രീസിൽ വെച്ചാണ് വിവാഹം നടന്നതെന്നതിനാൽ, ഈ നിയമപരമായ പശ്ചാത്തലം എങ്ങനെ ബാധകമാകുമെന്ന ചോദ്യവും ഉയരുന്നുണ്ട്. ഇന്ത്യക്ക് പുറത്തുള്ള ഇന്ത്യക്കാർക്കും ഹിന്ദു വിവാഹ നിയമം ബാധകമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, വിദേശത്ത് നടക്കുന്ന സ്വാഭിമാന വിവാഹങ്ങളുടെ സാധുത കോടതികളിൽ ചോദ്യം ചെയ്യപ്പെട്ടേക്കാം.

അതിനാൽ, പാസ്പോർട്ട് അപേക്ഷകളിലോ സ്വത്തുക്കളുടെ അവകാശവാദങ്ങളിലോ ഭാവിയിൽ നിയമപരമായ തർക്കങ്ങൾ ഒഴിവാക്കാൻ, ഇന്ത്യയിൽ തിരിച്ചെത്തി തമിഴ്നാട് വിവാഹ രജിസ്ട്രേഷൻ നിയമപ്രകാരമോ അല്ലെങ്കിൽ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമോ വിവാഹം ഔദ്യോഗികമായി രജിസ്റ്റർ ചെയ്യുന്നതാണ് സുരക്ഷിതമെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Aniruddh kavya marriage
Next Story