Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അനിരുദ്ധ്, കാവ്യ മാരൻ വിവാഹം: വൈറലായി കൊട്ടാരസമാനമായ വിവാഹക്ഷണക്കത്ത്!

text_fields
bookmark_border
അനിരുദ്ധ്, കാവ്യ മാരൻ വിവാഹം: വൈറലായി കൊട്ടാരസമാനമായ വിവാഹക്ഷണക്കത്ത്!
cancel

ഹൈദരാബാദ്: പ്രശസ്ത സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും സൺറൈസേഴ്‌സ് ഹൈദരാബാദ് ഉടമയും സി.ഇ.ഒയുമായ കാവ്യ മാരനും തമ്മിലുള്ള വിവാഹം സ്ഥിരീകരിച്ചതോടെ, ഇരുവരുടെയും വിവാഹക്ഷണക്കത്തെന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നത്.

രാജകീയ പ്രൗഢിയോടെ രൂപകൽപന ചെയ്തിരിക്കുന്ന ഒരു ആഡംബര സമ്മാനപ്പെട്ടിക്ക് സമാനമായ ക്ഷണക്കത്തിന്റെ വീഡിയോകളും ചിത്രങ്ങളുമാണ് പുറത്തുവന്നിട്ടുള്ളത്. പെട്ടി തുറക്കുമ്പോൾ മധ്യഭാഗത്തായി സ്വർണ്ണ നിറത്തിലുള്ള ഗണപതി വിഗ്രഹം കാണാം. മയിൽപ്പീലി ഡിസൈനുകളും പൂക്കളുടെ അലങ്കാരങ്ങളും പരമ്പരാഗത കൊത്തുപണികളും ചേർന്നതാണ് ഇതിന്റെ രൂപകൽപ്പന.

കേവലമൊരു ക്ഷണക്കത്ത് എന്നതിലുപരി സൂക്ഷിക്കാവുന്ന രീതിയിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. മനോഹരമായി അലങ്കരിച്ച ബോക്സിനുള്ളിൽ അച്ചടിച്ച ക്ഷണക്കത്തിന് പുറമേ, മധുരപലഹാരങ്ങളും ചെറു സമ്മാനങ്ങളും അടങ്ങിയ ഭരണികളും ക്രമീകരിച്ചിട്ടുണ്ട്. എന്നാൽ, നിലവിൽ പുറത്തുവന്ന ദൃശ്യങ്ങളിൽ വധൂവരന്മാരുടെ പേരുകളോ ചടങ്ങുകളുടെ മറ്റ് വിശദാംശങ്ങളോ വ്യക്തമായി വായിക്കാൻ സാധിക്കുന്നില്ല. അതിനാൽ തന്നെ, പ്രചരിക്കുന്ന ഈ ആഡംബര ക്ഷണക്കത്ത് ഇവരുടേത് തന്നെയാണോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വരാനുണ്ട്.

അതേസമയം, വിവാഹ വാർത്തകൾ പൂർണ്ണമായും സത്യമാണെന്ന് വ്യക്തമാക്കുന്ന വിവരങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കാവ്യ മാരന്റെ മാതാപിതാക്കളായ കലാനിധി മാരനും കാവേരി മാരനും തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയെ നേരിൽ കണ്ട് വിവാഹസൽക്കാരത്തിലേക്ക് ക്ഷണിച്ചതോടെയാണ് വിവാഹ വാർത്തയിൽ സ്ഥിരീകരണമുണ്ടായത്.

നവംബർ 21-ന് ചെന്നൈയിൽ വെച്ചാണ് പ്രൗഢഗംഭീരമായ വിവാഹസൽക്കാരം നടക്കുകയെന്ന് തെലങ്കാന മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 2025ലാണ് അനിരുദ്ധും കാവ്യയും തമ്മിൽ പ്രണയത്തിലാണെന്നും വിവാഹത്തെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നുമുള്ള തരത്തിലുള്ള റെഡ്ഡിറ്റ് പോസ്റ്റുകൾ വ്യാപകമായി പ്രചരിച്ചത്. എന്നാൽ, അന്ന് അനിരുദ്ധ് ഈ വാർത്തകൾ തള്ളിക്കളയുകയാണ് ചെയ്തത്. 'കല്യാണമാണോ? ലോൾ... ചിൽ ചെയ്യൂ സുഹൃത്തുക്കളേ, ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് നിർത്തൂ' എന്നായിരുന്നു അന്ന് അദ്ദേഹം പ്രതികരിച്ചത്. എന്നാൽ, 2026 ജൂണിൽ അനിരുദ്ധ് രവിചന്ദറിന്റെ ബന്ധുവും നടനുമായ വൈ.ജി. മഹേന്ദ്ര ഒരു അഭിമുഖത്തിൽ ഈ വിവാഹ അഭ്യൂഹങ്ങൾക്ക് കരുത്ത് പകരുന്ന തരത്തിൽ സംസാരിച്ചിരുന്നു. ഇതൊരു വലിയ വിവാഹമായിരിക്കുമെന്നും ഉറപ്പായും നടക്കാൻ പോകുന്ന കാര്യമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

'3' എന്ന ചിത്രത്തിലെ 'വൈ ദിസ് കൊലവരി' എന്ന ഗാനത്തിലൂടെ ലോകമെമ്പാടും തരംഗം സൃഷ്ടിച്ച അനിരുദ്ധ്, തെന്നിന്ത്യയിലെ ഏറ്റവും തിരക്കേറിയ സംഗീത സംവിധായകരിൽ ഒരാളാണ്. ലിയോ, ഇന്ത്യൻ 2, ജയിലർ, കൂലി തുടങ്ങിയ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംഗീതം നിർവഹിച്ചത് അനിരുദ്ധാണ്. സൺ ഗ്രൂപ്പ് ചെയർമാൻ കലാനിധി മാരന്റെ മകളായ കാവ്യ മാരൻ, സൺ ടിവി നെറ്റ്‌വർക്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും ഐപിഎൽ ടീമായ സൺറൈസേഴ്സ് ഹൈദരാബാദിന്റെ സിഇഒയുമാണ്. ഐപിഎൽ മത്സര വേളകളിലെ സജീവ സാന്നിധ്യം വഴി ക്രിക്കറ്റ് ആരാധകർക്കിടയിൽ ഏറെ ശ്രദ്ധ നേടിയ വ്യക്തിയാണ് കാവ്യ മാരൻ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - അനിരുദ്ധ്, കാവ്യ മാരൻ വിവാഹം: വൈറലായി കൊട്ടാരസമാനമായ വിവാഹക്ഷണക്കത്ത്!
Next Story