‘നിങ്ങളില്ലാതെ എനിക്കെന്താഘോഷം! ആ സ്നേഹമാണ് ജീവിക്കാൻ പ്രേരിപ്പിക്കുന്നത്’ -ആരാധകർക്ക് വൈകാരിക സന്ദേശവുമായി അമിതാഭ് ബച്ചൻ
text_fieldsഅമിതാഭ് ബച്ചൻ
കഴിഞ്ഞ നാല് പതിറ്റാണ്ടായി മുംബൈയിലെ തന്റെ വസതിയായ ജൽസക്ക് മുന്നിലെത്തുന്ന ആരാധകരെ കാണുന്നത് അമിതാഭ് ബച്ചന്റെ ശീലമാണ്. ഈ ദിവസങ്ങളിൽ ബച്ചനെ ഒരു നോക്ക് കാണാൻ നിരവധി ആരാധകരാണ് ഒത്തുകൂടാറ്. എന്നാൽ, കഴിഞ്ഞ ആഴ്ച പതിവ് തെറ്റി. വ്യക്തിപരമായ ചില കാരണങ്ങളാൽ ഇത്തവണ ‘ബിഗ് ബി’ക്ക് തന്റെ ആരാധകരെ കാണാൻ സാധിച്ചില്ല. പകരം സമൂഹമാധ്യമത്തിൽ തനിക്ക് ആരാധകരോടുള്ള സ്നേഹവും കടപ്പാടും അദ്ദേഹം കുറിച്ചു.
ആരാധകർക്ക് തന്നോടുള്ള ആരാധനയും സ്നേഹവുമാണ് ജീവിക്കാനും ജോലി ചെയ്യാനും പ്രേരിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. "T 5582 - .. എന്നെ ജീവിക്കാനും നിലനിൽക്കാനും പ്രവർത്തിക്കാനും സഹായിക്കുന്ന പുഞ്ചിരികൾ’ എന്നായിരുന്നു ബച്ചന്റെ എക്സ് പോസ്റ്റ്.
എക്സിലെ പോസ്റ്റിന് പിന്നാലെ ഇതിഹാസ നടന് സ്നേഹത്തിൽ പൊതിഞ്ഞ മറുപടികളാണ് തിരികെ ലഭിച്ചത്. "ദശലക്ഷക്കണക്കിന് ജനങ്ങൾ പുഞ്ചിരിക്കുന്നതിന്റെ കാരണം ബച്ചനാണെന്നും നിങ്ങളുടെ അഭിനിവേശം ഞങ്ങൾക്ക് ജീവിക്കാനുള്ള പ്രചോദനമാണെന്നും നിങ്ങൾക്ക് ധാരാളം സ്നേഹവും ആദരവും സമർപ്പിക്കുന്നുവെന്നും ആരാധകരിൽ ഒരാൾ കമന്റ് ചെയ്തു.
‘നിങ്ങളുടെ ആരാധകരുടെ സ്നേഹവും പിന്തുണയും ശരിക്കും അവിശ്വസനീയമാണ്. പ്രചോദനം നൽകിക്കൊണ്ടിരിക്കുക, നിങ്ങളുടെ വാക്കുകളും പ്രവൃത്തിയും ഞങ്ങളെ എല്ലാ ദിവസവും പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു’, എന്നിങ്ങനെ നിരവധി കമന്റുകളാണ് താരത്തിന്റെ എക്സ് പോസ്റ്റിന് ലഭിക്കുന്നത്.
നിലവിൽ ‘കോൻ ബനേഗാ ക്രോർപതി 17’ എന്ന റിയാലിറ്റി ഗെയിം ഷോയുടെ അവതാരകനാണ് അമിതാഭ് ബച്ചൻ. ഈയിടെ നടന്ന എപ്പിസോഡിൽ ഇതിഹാസത്തിനൊപ്പം നടനും ഹാസ്യനടനുമായ സുദേഷ് ലെഹ്‍രിയും കിക്കു ശാരദയും പങ്കെടുത്തിരുന്നു. ഹാസ്യനടൻ എന്ന നിലയിൽ തന്റെ വളർച്ചക്ക് പ്രചോദനമായത് ബച്ചനാണെന്ന് ലെഹ്‍രി പറഞ്ഞു. ബച്ചന്റെ സിനിമകൾ തനിക്ക് പ്രിയപ്പെട്ടതാണെന്നും ‘നമക് ഹലാൽ’ പോലുള്ള സിനിമകൾ താൻ ആവർത്തിച്ച് കാണാറുണ്ടായിരുന്നു എന്നും ലെഹ്‍രി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

