‘അദ്ദേഹത്തിന്‍റെ മുഖം ദൈവം നൽകിയത്’; മലയാളത്തിന്‍റെ പ്രിയനടനെ പുകഴ്ത്തി ബോളിവുഡിന്‍റെ താരചക്രവർത്തി
text_fieldsഅടുത്തിടെയാണ് ബോളിവുഡിന്റെ മെഗാസ്റ്റാർ അമിതാഭ് ബച്ചൻ തന്റെ 83-ാം ജന്മദിനം ആഘോഷിച്ചത്. എല്ലാ വർഷത്തെയും പോലെ കോൻ ബനേഗ ക്രോർപതിയുടെ സെറ്റിൽ അദ്ദേഹം ഇത്തവണയും തന്‍റെ ജന്മദിനം ആഘോഷിച്ചു. ഈ വർഷത്തെ പിറന്നാൾ എപ്പിസോഡിൽ എഴുത്തുകാരനും ഗാനരചയിതാവുമായ ജാവേദ് അക്തറും അദ്ദേഹത്തിന്റെ മകനും നടനും ഗായകനുമായ ഫർഹാൻ അക്തറുമാണ് അതിഥികളായി പങ്കെടുത്തത്.
അമിതാഭ് ബച്ചന്റെ കരിയറിനെ മാറ്റിമറിക്കുകയും അദ്ദേഹത്തിന് ബോളിവുഡിലെ ‘രോഷാകുലനായ ചെറുപ്പക്കാരൻ’ എന്ന പദവി നേടിക്കൊടുക്കുകയും ചെയ്ത സഞ്ജീർ എന്ന ചിത്രത്തിന്റെ സഹ-രചയിതാവാണ് ജാവേദ്. അവരുടെ നീണ്ട സർഗാത്മക യാത്രയെക്കുറിച്ചുള്ള കഥകൾ ഇരുവരും പങ്കുവെച്ചു. ബിഗ് ബിയുടെ വിജയകരമായ പല ചിത്രങ്ങളുടെയും രചയിതാവ് കൂടിയാണ് ജാവേദ് അക്തർ.
ആഘോഷത്തിന് ആക്കം കൂട്ടി അമിതാഭ് ബച്ചന് മോഹൻലാൽ ഹൃദയസ്പർശിയായ പിറന്നാൾ ആശംസകളും ഷോയിൽ വെർച്വലായി പങ്കുവെച്ചു. 'പ്രിയപ്പെട്ട അമിതാഭ് ജി, നിങ്ങൾക്ക് ജന്മദിനാശംസകൾ നേരുന്നു. നിങ്ങൾ പ്രചോദനത്തിന്റെ അനന്തമായ ഉറവിടമാണ്. നിങ്ങളുടെ അച്ചടക്കം, വിനയം, ശക്തി എന്നിവയിൽ നിന്ന് ലോകം പഠിക്കുന്നു. നിങ്ങളുമായുള്ള ഓരോ ഇടപെടലും നിങ്ങളുടെ യാത്രയിൽനിന്ന് എത്രമാത്രം ഉൾക്കൊള്ളാനുണ്ടെന്ന് എന്നെ ഓർമിപ്പിക്കുന്നു. എപ്പോഴും ആരോഗ്യവും സന്തോഷവും ഉണ്ടാവട്ടെ' -മോഹൻലാൽ പറഞ്ഞു.
വികാരഭരിതനായാണ് അമിതാഭ് ബച്ചൻ മോഹൻലാലിന്‍റെ ആശംസയോട് പ്രതികരിച്ചത്. മോഹൻലാലിന് താരം നന്ദി പറഞ്ഞു. മോഹൻലാലിന് അടുത്തിടെ ദാദാസാഹിബ് ഫാൽക്കെ അവാർഡ് ലഭിച്ച കാര്യം ജാവേദ് അക്തറുമായി അദ്ദേഹം പങ്കുവെച്ചു. അദ്ദേഹം വളരെ മികച്ച ഒരു നടനാണ്. എന്തു വേഷം നൽകിയാലും അദ്ദേഹം പൂർണമായും ആ കഥാപാത്രമായി രൂപാന്തരപ്പെടുന്നു. അദ്ദേഹത്തിന്റെ മുഖം ദൈവം നൽകിയതാണ്. എല്ലാ വികാരങ്ങളും അദ്ദേഹത്തിന്റെ ഭാവങ്ങളിലൂടെ സ്വാഭാവികമായി ഒഴുകുന്നതായും അമിതാഭ് പറഞ്ഞു.
മോഹൻലാൽ പലപ്പോഴും അമിതാഭ് ബച്ചനോടുള്ള തന്‍റെ ആരാധന പ്രകടിപ്പിച്ചിട്ടുണ്ട്. അമിതാഭ് ബച്ചനാണ് ഹിന്ദി സിനിമയിലെ തന്റെ പ്രിയപ്പെട്ട നടനെന്ന് ദൂരദർശന് നൽകിയ അഭിമുഖത്തിൽ മോഹൻലാൽ പറഞ്ഞിരുന്നു. എല്ലാ നല്ല നടന്മാരും അവരുടേതായ രീതിയിൽ മികച്ചവരാണെന്നും എന്നാൽ ഒരാളെ തെരഞ്ഞെടുക്കേണ്ടതുണ്ടെങ്കിൽ, അത് അമിതാഭ് ബച്ചനെ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഏറ്റവും മികച്ച കലാകാരന്മാരിൽ ഒരാളാണ് അമിതാഭ് ബച്ചനെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

