Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘എന്നോട് ക്ഷമിക്കണം, ഒന്നും എഴുതാൻ കഴിയുന്നില്ല’; കുറച്ചു ദിവസത്തേക്ക് വിശ്രമം വേണമെന്ന് അമിതാഭ് ബച്ചൻ; ആശങ്കയോടെ ആരാധകർ

text_fields
bookmark_border
Amitabh Bachchan
cancel
camera_alt

അമിതാഭ് ബച്ചൻ

അമിതാഭ് ബച്ചന്റെ ആരോഗ്യത്തെക്കുറിച്ച് ആരാധകർക്കിടയിൽ ആശങ്ക. കുറച്ചു ദിവസത്തേക്ക് വിശ്രമിക്കാൻ ഡോക്ടർമാർ നിർദേശിച്ചതായി അമിതാഭ് ബച്ചൻ തന്നെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. എക്സിൽ പങ്കുവെച്ച പോസ്റ്റിൽ 84കാരനായ താരം തനിക്ക് എഴുതാൻ കഴിയാത്തതിൽ മാപ്പ് ചോദിച്ചത്.

‘എന്നോട് ക്ഷമിക്കണം, കുറച്ചു ദിവസത്തേക്ക് വിശ്രമിക്കാനും സുഖം പ്രാപിക്കാനും എന്നോട് നിർദേശിച്ചിട്ടുണ്ട്, അതിനാൽ എനിക്ക് ഒന്നും എഴുതാൻ കഴിയുന്നില്ല’ എന്നാണ് അദ്ദേഹം കുറിച്ചത്. എന്തുകൊണ്ടാണ് വിശ്രമിക്കാൻ നിർദേശിച്ചതെന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. എങ്കിലും ഈ പോസ്റ്റ് വന്നതോടെ ആരാധകർ ആശങ്കയിലായി.

കാരണം, അടുത്തിടെ കോൻ ബനേഗാ ക്രോർപതി 18 ഷൂട്ടിങ്ങിനിടെ കാൽമുട്ടിന് പരിക്കേറ്റതായി അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഈ മാസം ആദ്യം കെബിസിയുടെ ഒരു എപ്പിസോഡിൽ പതിവിൽ നിന്ന് വ്യത്യസ്തമായി ഇരുന്നുകൊണ്ടാണ് ബച്ചൻ തന്റെ ആമുഖം പറഞ്ഞത്. തലേദിവസത്തെ ഷൂട്ടിങ്ങിനിടെ വഴുതി വീണ് ഇടത് കാൽമുട്ടിന് പരിക്കേറ്റുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

‘സാധാരണ ഞാൻ സെന്ററിൽ നിന്നുകൊണ്ടാണ് സംസാരിക്കാറുള്ളത്. പക്ഷെ ഇന്ന് മുട്ടിന് പരിക്കുണ്ട്. ഇന്നലെ ഷൂട്ടിങ്ങിനിടെ വീണു എന്നാണ് അദ്ദേഹം പ്രേക്ഷകരോട് പറഞ്ഞത്. പരിക്ക് ഗുരുതരമല്ലെന്നും പെട്ടെന്ന് സുഖം പ്രാപിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകിയിരുന്നു. എങ്കിലും ഇപ്പോൾ വീണ്ടും വിശ്രമിക്കണമെന്ന പോസ്റ്റ് വന്നതോടെ ആരാധകരുടെ ആശങ്ക ഇരട്ടിയായി.

ഇതിന് മുൻപ് ജൂലൈയിലും അമിതാഭ് ബച്ചൻ ആരോഗ്യത്തെക്കുറിച്ച് ഒരു ബ്ലോഗ് പോസ്റ്റ് എഴുതിയിരുന്നു. ആശുപത്രിവാസം, ശസ്ത്രക്രിയ, ഐസിയു, തിരിച്ചു വീട്ടിലെത്തിയ ശേഷമുള്ള ബുദ്ധിമുട്ടുകൾ എന്നിവയെക്കുറിച്ചായിരുന്നു ആ കുറിപ്പ്. അത് തന്റെ സ്വന്തം അനുഭവമാണോ അതോ പൊതുവായ കാര്യമാണോ എന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നില്ല. എങ്കിലും അന്ന് ആ പോസ്റ്റും വലിയ ചർച്ചയായിരുന്നു.

‘ആശുപത്രിയിൽ, ശസ്ത്രക്രിയയിൽ, ഐസിയുവിൽ, ഡോക്ടർമാരുടെ പരിചരണത്തിൽ... പിന്നീട് ഡിസ്ചാർജ് ആയി വീട്ടിൽ തിരിച്ചെത്തുക. ഈ തിരിച്ചുവരവാണ് ഏറ്റവും ബുദ്ധിമുട്ടുള്ള ഘട്ടം, ശാരീരികമായും മാനസികമായും’ എന്നായിരുന്നു അന്ന് അദ്ദേഹം എഴുതിയത്.

നിലവിൽ കെബിസി 18 അവതരിപ്പിക്കുന്നതിനൊപ്പം 'കൽക്കി 2898 എഡി' യുടെ രണ്ടാം ഭാഗത്തിലും അമിതാഭ് അഭിനയിക്കുന്നുണ്ട്. തിരക്കുകൾക്കിടയിലും തന്റെ ബ്ലോഗിലൂടെയും എക്സിലൂടെയും ദിവസവും ആരാധകരുമായി സംവദിക്കാൻ സമയം കണ്ടെത്തുന്ന വ്യക്തിയാണ് അദ്ദേഹം. അതുകൊണ്ട് തന്നെ എഴുതാൻ കഴിയുന്നില്ല എന്ന പോസ്റ്റ് ആരാധകരെ ശരിക്കും ആശങ്കപ്പെടുത്തിയിട്ടുണ്ട്. എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നാണ് ആരാധകരുടെ കമന്‍റുകൾ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Amitabh Bachchan Advised Complete Rest
Next Story