'തമിഴ്നാട്ടിൽ എങ്ങനെ എത്തും ഭായ്?' കുനാൽ കമ്രയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് പ്രകാശ് രാജ്
text_fieldsവിവാദങ്ങൾക്കിടെ സ്റ്റാൻഡപ്പ് കൊമേഡിയൻ കുനാൽ കമ്രയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടനും രാഷ്ട്രീയ പ്രവർത്തകനുമായ പ്രകാശ് രാജ്. എക്സിൽ പങ്കുവെച്ച ചിത്രത്തിന് അദ്ദേഹം നൽകിയ അടിക്കുറുപ്പും ജനശ്രദ്ധ പിടിച്ചുപറ്റി. 'തമിഴ്‌നാട് കൈസെ പഹുഞ്ച്‌നേകാ ഭായ് ..?? സിമ്പിൾ.. ഓട്ടോ മേം'( തമിഴ്നാട്ടിൽ എങ്ങനെ എത്തിച്ചേരും ഭായ്? സിമ്പിൾ ഓട്ടോയിൽ...) എന്നതാണ് ചിത്രത്തിന് പ്രകാശ് രാജ് നൽകിയ അടിക്കുറിപ്പ്.
കുനാൽ കമ്രയും ഒരു ശിവസേന പ്രവർത്തകനും തമ്മിലുള്ള ചൂടേറിയ വാഗ്വാദം ഉള്ള ക്ലിപ് സമൂഹമാധ്യമത്തിൽ വൈറലായിരുന്നു. ശിവസേന അംഗം കുനാൽ കമ്രയെ അധിക്ഷേപിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും ക്ലിപ്പിൽ കേൾക്കാം. ഇതിനുള്ള കമ്രയുടെ മറുപടി തമിഴ്നാട് വരൂ നമുക്ക് കാണാം എന്നതായിരുന്നു. അത് കേട്ട ശിവസേന പ്രവർത്തൻ 'തമിഴ്‌നാട് കൈസെ പഹുഞ്ച്‌നേകാ ഭായ്' എന്നാണ് ചോദിച്ചത്.
മുംബൈ ഹാബിറ്റാറ്റ് കോമഡി ക്ലബ്ബിൽ നടത്തിയ ഷോക്കിടെ ഷിൻഡെയെ രാജ്യദ്രോഹി എന്ന് വിളിച്ചെന്നാണ് കമ്രക്കെതിരെ ഉയർന്ന ആരോപണം. 2022ൽ ഷിൻഡെ ശിവസേന പിളർത്തി കലാപമുണ്ടാക്കിയ നടപടി സൂചിപ്പിച്ച് 'ദിൽ തോ പാഗൽ ഹേ' എന്ന ബോളിവുഡ് സിനിമയിലെ പാട്ടിന്റെ വരികൾ മാറ്റിപ്പാടിയതാണു കുനാലിനെതിരെ പ്രതിഷേധമുയരാൻ കാരണം. അതിനു പിന്നാലെ പരിപാടി നടന്ന ഹോട്ടൽ ശിവസേന പ്രവർത്തകർ അടിച്ചുതകർത്തിരുന്നു.
എന്നാൽ പരാമർശത്തിൽ മാപ്പു പറയില്ലെന്നാണ് കുനാലിന്റെ നിലപാട്. ആവിഷ്‍കാര സ്വാതന്ത്ര്യമാണ് താൻ വിനിയോഗിച്ചതെന്നും അതിന് മാപ്പു പറയേണ്ട ആവശ്യമില്ലെന്നും പൊലീസിനോടും കോടതിയോടും സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ഹോട്ടൽ അടിച്ചു തകർത്ത ശിവസേന പ്രവർത്തകർക്കെതിരെ കേസെടുക്കണമെന്നും കുനാൽ കമ്ര ആവശ്യപ്പെട്ടു. ആവിഷ്‍കാര സ്വാതന്ത്ര്യം അടിച്ചമർത്താനാണ് ഭരണപക്ഷം ശ്രമിക്കുന്നതെന്നാരോപിച്ച് കുനാൽ കമ്രക്ക് പിന്തുണയുമായി പ്രതിപക്ഷമടക്കം രംഗത്തു വന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

