'ബോളിവുഡിന് ഒരു ഇരുണ്ട വശമുണ്ട്, അത് ജീവൻ നഷ്ടപ്പെടുത്തും, സുശാന്തിന് ശേഷം കാർത്തിക് ആര്യനെ ലക്ഷ്യം വെക്കുന്നു'; ഗുരുതര ആരോപണവുമായി അമാൽ മല്ലിക്
text_fieldsബോളിവുഡിന്റെ ഇരുണ്ട വശത്തെക്കുറിച്ചുള്ള തന്റെ ചിന്തകൾ മിർച്ചി പ്ലസിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് ജയ് ഹോ, ഭൂൽ ഭുലയ്യ 3, കബീർ സിങ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഗീതം നൽകിയ അമാൽ മല്ലിക്. സുശാന്ത് സിങ് രജ്പുത്തിന്റെ മരണശേഷം ബോളിവുഡ് നടൻ കാർത്തിക് ആര്യന്റെ മനോവീര്യം തകർക്കാൻ പലരും ശ്രമിക്കുകയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.
'ഇന്ന്, ബോളിവുഡിന്റെ തിളക്കം എവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു. ഈ സ്ഥലം യഥാർഥത്തിൽ എന്താണെന്ന് പൊതുജനങ്ങൾ മനസിലാക്കിയിട്ടുണ്ട്. ഈ വ്യവസായത്തിന് ഒരു ഇരുണ്ട വശമുണ്ട്, അത് ആളുകളുടെ ജീവൻ നഷ്ടപ്പെടുത്തും. സുശാന്ത് സിങ്ങിന് അത് സഹിക്കാൻ കഴിഞ്ഞില്ല, അദ്ദേഹത്തിന് എന്ത് സംഭവിച്ചാലും, ചിലർ അതിനെ കൊലപാതകമെന്നും മറ്റു ചിലർ ആത്മഹത്യയെന്നും വിളിച്ചാലും ഒരു ജീവൻ നഷ്ടപ്പെട്ടു എന്നതാണ് വസ്തുത. ഈ വ്യവസായം എന്തോ ചെയ്തിട്ടുണ്ട്. അത് അദ്ദേഹത്തിന്റെ മനസിനോടോ, ആത്മാവിനോടോ, ചുറ്റുമുള്ള ആളുകളോടോ ആകാം' -അമാൽ മല്ലിക് പറഞ്ഞു.
പ്രേക്ഷകരും സിനിമ മേഖലയും തമ്മിലുള്ള ആഴത്തിലുള്ള വിള്ളലിന് ഇത്തരം പ്രവണതകൾ കാരണമായതെങ്ങനെയെന്ന് അദ്ദേഹം വിശദീകരിച്ചു. ബോളിവുഡിനെ വിഷലിപ്തമായ ഒരു സ്ഥലമായി സിനിമ മേഖലയിലേതല്ലാത്ത സുഹൃത്തുക്കൾ പോലും വിശേഷിപ്പിക്കാൻ തുടങ്ങിയത് അമാൽ ഓർമിച്ചു. സുശാന്തിന്റെ മരണത്തെത്തുടർന്ന് ബോളിവുഡ് നേരിട്ട തകർച്ച ആ മേഖല അർഹിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കാർത്തിക് ആര്യനോടും ആളുകൾ നേരിട്ടോ അല്ലാതെയോ അതേ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുന്നത് കാണാൻ കഴിയുമെന്ന് അമാൽ പറഞ്ഞു. കാർത്തിക്ക് പുതുമുഖമാണെന്നും, ഇപ്പോൾ അദ്ദേഹത്തെ നീക്കം ചെയ്യാൻ നിരവധിപേർ കാത്തിരിക്കുന്നതായും അമാൽ ആരോപിച്ചു
ദക്ഷിണേന്ത്യൻ സിനിമയെ അമാൽ പ്രശംസിച്ചു. ക്രിസ്റ്റഫർ നോളന്റെ 'ഇൻസെപ്ഷൻ' പോലെ ദീർഘവീക്ഷണമുള്ള എന്തെങ്കിലും സൃഷ്ടിച്ചോ, ലഘുവായ കോമഡികൾ അവതരിപ്പിച്ചോ, അല്ലെങ്കിൽ ആഷിഖി പോലുള്ള പ്രണയകഥകൾ അവതരിപ്പിച്ചോ മാത്രമേ ബോളിവുഡിന് തിരിച്ചുവരാൻ കഴിയൂ എന്നും അമാൽ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

