'അമ്പലത്തിൽനിന്നുള്ള പാട്ടിന്‍റെ ശബ്ദം കാരണം ഉറങ്ങാൻ പറ്റുന്നില്ല'; പൊലീസിൽ പരാതി നൽകി അല്ലു അർജ്ജുന്‍റെ സഹോദരൻ
text_fieldsവീടിന് സമീപത്തെ ക്ഷേത്രത്തിൽ നിന്നും പുലർച്ചെ രണ്ട് മണിക്ക് ശേഷവും ഉച്ചത്തിൽ പാട്ടുകൾ വെക്കുന്നതിനെതിരെ പരാതിയുമായി പ്രമുഖ തെലുങ്ക് നടൻ രംഗത്ത്. പ്രശസ്ത താരം അല്ലു അർജുന്റെ സഹോദരനായ അല്ലു ശിരീഷ് ഹൈദരാബാദിലെ ഷെയ്ക്പേട്ടിലുള്ള തന്റെ വീടിന് സമീപത്തെ ഹനുമാൻ ക്ഷേത്രത്തിൽ നിന്നുള്ള ഉച്ചത്തിലുള്ള ശബ്ദം കാരണം പ്രദേശവാസികൾക്ക് ഉറങ്ങാൻ കഴിയുന്നില്ലെന്ന് വ്യക്തമാക്കി സമൂഹമാധ്യമമായ എക്സിലൂടെയാണ് (പഴയ ട്വിറ്റർ) പരാതി അറിയിച്ചത്. ഉത്സവങ്ങൾ കഴിഞ്ഞിട്ടും രാത്രി വൈകിയും ഈ ശല്യം തുടരുന്നുവെന്നാണ് അദ്ദേഹത്തിന്റെ പ്രധാന പരാതി.
നേരത്തെയും ഫിലിം നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നെങ്കിലും ഫലമുണ്ടായില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഗണേശോത്സവങ്ങളുടെ ഭാഗമായുള്ള നിമജ്ജനം കഴിയുന്നതുവരെ (സെപ്റ്റംബർ 25 വരെ) ക്ഷമിക്കാനാണ് അന്ന് പൊലീസ് ആവശ്യപ്പെട്ടത്. എന്നാൽ ഉത്സവം കഴിഞ്ഞിട്ടും ഉച്ചത്തിലുള്ള സംഗീതം തുടരുകയാണെന്നും ഇത് തന്റെ സൊസൈറ്റിയിലെ മുതിർന്നവരുടെയും കുട്ടികളുടെയും ജോലിക്കുപോകുന്നവരുടെയും ഉറക്കം കെടുത്തുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. അനുവദനീയമായ ഡെസിബൽ പരിധികളും ലംഘിച്ചാണ് ഈ ഉച്ചത്തിലുള്ള ശബ്ദം നീളുന്നത്.
പ്രശ്നം രൂക്ഷമായതോടെ അല്ലു ശിരീഷ് നേരിട്ട് ഹൈദരാബാദ് സിറ്റി പൊലീസിനെ ടാഗ് ചെയ്ത് എക്സിൽ പോസ്റ്റ് ഇടുകയായിരുന്നു. ഇതിന് പിന്നാലെ ഹൈദരാബാദ് സിറ്റി പൊലീസ് സംഭവത്തിൽ അനുകൂലമായി പ്രതികരിച്ചു. വിഷയം അടിയന്തര നടപടിക്കായി ഫിലിം നഗർ പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒക്ക് കൈമാറിയിട്ടുണ്ടെന്ന് പൊലീസ് മറുപടി നൽകി. തുടർന്ന് പൊലീസ് സ്ഥലത്ത് പരിശോധന നടത്തുകയും ക്ഷേത്ര സംഘാടകരോട് ശബ്ദം കുറക്കാൻ നിർദ്ദേശിക്കുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പൊതുസ്ഥലങ്ങളിൽ ലൗഡ് സ്പീക്കറുകൾ ഉപയോഗിക്കുന്നതിന് കർശനമായ നിയമങ്ങളും അനുമതിയും ആവശ്യമാണെന്നിരിക്കെയാണ് ഈ നടപടി.
തെലുങ്ക് സിനിമകളിലൂടെ ശ്രദ്ധേയനായ അല്ലു ശിരീഷ്, നിർമാതാവ് അല്ലു അരവിന്ദിന്റെ മകനും പ്രമുഖ അല്ലു-കൊണിഡേല കുടുംബാംഗവുമാണ്. സാധാരണക്കാരായ ജനങ്ങൾ അനുഭവിക്കുന്ന ഇത്തരം ശബ്ദമലിനീകരണ പ്രശ്നങ്ങളിൽ ഒരു പ്രമുഖ താരം തന്നെ നേരിട്ട് ഇടപെടുകയും പരാതിപ്പെടുകയും ചെയ്തത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

