സുരക്ഷാ പരിശോധനക്കിടെ മാസ്ക് മാറ്റാൻ വിസമ്മതിച്ച് അല്ലു അർജുൻ; ‘മുഖം മുഴുവനായി കാണിക്കൂ, എന്തിനാണ് ഇത്ര അഹങ്കാരമെന്ന് നെറ്റിസൺസ്
text_fieldsവിമാനത്താവളത്തിൽ സുരക്ഷാ പരിശോധനക്കിടെ മാസ്ക് മാറ്റാൻ വിസമ്മതിച്ച് നടൻ അല്ലു അർജുൻ. ഒരു സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനുമായുള്ള അദ്ദേഹത്തിന്റെ സംഭാഷണത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. മുംബൈ വിമാനത്താവളത്തിൽ വെച്ചാണ് സംഭവം.
കഴിഞ്ഞ ദിവസമാണ് അല്ലു അർജുൻ മുംബൈ വിമാനത്താവളത്തിൽ എത്തിയത്. വെളുത്ത ടീ-ഷർട്ടും കറുത്ത ട്രാക്ക് പാന്റ്സുമാണ് അദ്ദേഹം ധരിച്ചിരുന്നത്. സുരക്ഷാ പരിശോധനക്കിടെ പ്രവേശന കവാടത്തിലെ സുരക്ഷാ ഉദ്യോഗസ്ഥന് അദ്ദേഹം തന്റെ തിരിച്ചറിയൽ രേഖ നൽകുകയും ഉദ്യോഗസ്ഥൻ സൺഗ്ലാസും മാസ്കും മാറ്റി മുഖം കാണിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. ചെറിയൊരു സംഭാഷണത്തിന് ശേഷം അല്ലു അർജുൻ സൺഗ്ലാസ് മാറ്റുകയും, മാസ്ക് വേഗത്തിൽ മാറ്റി തിരിച്ചുവെക്കുകയും ചെയ്തു. തുടർന്നാണ് താരത്തെ അകത്തേക്ക് പോകാൻ അനുവദിച്ചത്.
വിഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്. നിരവധി പേർ സൂപ്പർതാരത്തിന്റെ പെരുമാറ്റത്തിൽ അതൃപ്തി പ്രകടിപ്പിച്ചു. മുഖം മുഴുവനായി കാണിക്കൂ, എന്തിനാണ് ഇത്ര അഹങ്കാരം? വിഡ്ഢികളായ ആരാധകർ കാരണം ഇത്തരക്കാർ സ്വയം ദൈവങ്ങളാണെന്ന് കരുതുന്നു, നിയമങ്ങൾ പാലിക്കാൻ അവർക്ക് താൽപ്പര്യമില്ല എന്നാണ് ഒരാൾ കുറിച്ചത്. നടനോട് മുഖം കാണിക്കാൻ ആവശ്യപ്പെട്ട സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥന്റെ നടപടി നൂറ് ശതമാനം ശരിയായിരുന്നു എന്നാണ് മറ്റൊരു കമന്‍റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

