റെഡ് സീ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ; ആലിയ ഭട്ടിന് ഗോൾഡൻ ഗ്ലോബ് ഹോറിസൺ അവാർഡ്
text_fieldsഗോൾഡൻ ഗ്ലോബ് ഹോറിസൺ അവാർഡ് ലഭിച്ച ആലിയ ഭട്ടും ഒമർ ഷരീഫ് അവാർഡ് ലഭിച്ച തുനീഷ്യൻ നടി ഹെൻഡ് സബ്രിയും.
ജിദ്ദ: ബോളിവുഡ് താരം ആലിയ ഭട്ടിന് ചലച്ചിത്ര ലോകത്തെ ശ്രദ്ധേയമായ 'ഗോൾഡൻ ഗ്ലോബ് ഹോറിസൺ അവാർഡ്'. ജിദ്ദയിൽ നടന്ന അഞ്ചാമത് റെഡ് സീ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ വെച്ച് നടന്ന ഗാലാ ഡിന്നറിൽ വെച്ചാണ് താരം പുരസ്കാരം ഏറ്റുവാങ്ങിയത്. ഇൻ്റർനാഷനൽ സിനിമാ മേഖലയിലെ മികച്ച സംഭാവനകൾ നൽകുകയും അതിവേഗം വളർച്ച കൈവരിക്കുകയും ചെയ്യുന്ന ഉദയ താരങ്ങളെ ആദരിക്കുന്നതിനായി ഗോൾഡൻ ഗ്ലോബ് ഏർപ്പെടുത്തിയ പുതിയ പുരസ്കാരമാണ് 'ഹോറിസൺ അവാർഡ്'. മിഡിൽ ഈസ്റ്റ്, ഏഷ്യ, നോർത്ത് ആഫ്രിക്കൻ മേഖലകളിലെ കലാകാരന്മാരുടെ നേട്ടങ്ങളെയാണ് ഈ പുരസ്കാരങ്ങൾ പ്രധാനമായും പ്രോത്സാഹിപ്പിക്കുന്നത്.
ആലിയ ഭട്ടിനെ ഈ പുരസ്‌കാരം നൽകി ആദരിക്കുന്നതിൽ ഗോൾഡൻ ഗ്ലോബ് പ്രസിഡൻ്റ് ഹെലൻ ഹോഹ്‌നെ സന്തോഷം പ്രകടിപ്പിച്ചു. 'അന്താരാഷ്ട്ര സിനിമാ മേഖലയിൽ ആലിയ ഭട്ടിന്റെ അസാധാരണമായ സംഭാവനകളെയും, ആഗോളതലത്തിൽ ചലച്ചിത്രങ്ങളുടെ ചലനാത്മകവും സ്വാധീനമുള്ളതുമായ കേന്ദ്രമായി മിഡിൽ ഈസ്റ്റ് തുടർച്ചയായി ഉയരുന്നതിനെയും ഞങ്ങൾ ആഘോഷിക്കുന്നു;- അവർ പറഞ്ഞു.
പുരസ്കാരം സ്വീകരിച്ച ശേഷം ആലിയ ഭട്ട് തൻ്റെ സന്തോഷം പങ്കുവെച്ചു. 'ഗോൾഡൻ ഗ്ലോബ്സ് ആഗോള അവാർഡ് ലോകത്തിലെ ഒരു ഐക്കൺ ആണ്. അതിൻ്റെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ശക്തരും അർഹതയുള്ളവരുമായ സ്ത്രീകളുടെ കഥകൾ തുടർന്നും പറയുന്ന എൻ്റെ കരിയറിൽ മുന്നോട്ട് പോകാൻ ഞാൻ ആഗ്രഹിക്കുന്നു'- ആലിയ വ്യക്തമാക്കി. ഫിലിം ഫെസ്റ്റിവലിലെ ഗോൾഡൻ ഗ്ലോബ്സ് ഗാലാ ഡിന്നറിൽ ആലിയ ഭട്ട് അതിമനോഹരമായ വേഷത്തിൽ തിളങ്ങി. തൻ്റെ ഗ്ലാമറസ് ലുക്കിലൂടെയും ഫാഷൻ സെൻസിലൂടെയും താരം ആരാധകരുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ പിടിച്ചുപറ്റി. ഇന്ത്യൻ സിനിമയിലെ ഏറ്റവും കഴിവുറ്റതും വാണിജ്യപരമായി വിജയിച്ചതുമായ നടിമാരിൽ ഒരാളാണ് ആലിയ ഭട്ട്. ഹൈവേ, റാസി, ഉഡ്താ പഞ്ചാബ്, ഡിയർ സിന്ദഗി, ഗംഗുഭായ് കത്തിയാവാഡി തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങളിലൂടെ അവർ നിരൂപക പ്രശംസയും ബോക്സ് ഓഫീസ് വിജയവും നേടി.
ആലിയ ഭട്ടിനൊപ്പം തുനീഷ്യൻ നടിയായ ഹെൻഡ് സബ്രിക്ക് 'ഒമർ ഷരീഫ് അവാർഡും' നൽകി ആദരിച്ചു. അറബ് സിനിമക്ക് നൽകിയ സംഭാവനകളെ മാനിച്ച് നൽകുന്ന ഈ പുരസ്കാരം, മൂന്ന് തവണ ഗോൾഡൻ ഗ്ലോബ് നേടിയ ഈജിപ്ഷ്യൻ നടൻ ഒമർ ഷരീഫിൻ്റെ ഓർമക്കായി രേപ്പെടുത്തിയതാണ്. ബോളിവുഡ് നടൻ സൽമാൻ ഖാൻ, ഇദ്രിസ് എൽബ, സിഗോർണി വീവർ, റിസ് അഹമ്മദ്, നവോമി ഹാരിസ്, ഡാരൻ അരനോഫ്സ്കി തുടങ്ങി നിരവധി അന്താരാഷ്ട്ര താരങ്ങളും ചലച്ചിത്രപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

