‘കണ്ടന്റ് അല്ല നിയമ ലംഘനമാണ്, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും സുരക്ഷാ പ്രശ്‌നവുമാണ്’; പുതിയ വീടിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനെതിരെ ആലിയ ഭട്ട്
text_fieldsആലിയ ഭട്ട്
രണ്‍ബീര്‍ കപൂറിന്റെയും ആലിയ ഭട്ടിന്റെയും സ്വപ്നഭവനമായ കൃഷ്ണരാജ് ബംഗ്ലാവിന്റെ ചിത്രങ്ങളും രണ്‍ബീറും ആലിയയും ബംഗ്ലാവ് സന്ദര്‍ശിക്കുന്നതിന്റെ ദൃശ്യവും കഴിഞ്ഞദിവസം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഇതേ തുടര്‍ന്ന് പാപ്പരാസികള്‍ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് ആലിയാ ബട്ട്. ആലിയ ഭട്ടിന്റെയും രൺബീർ കപൂറിന്റെയും പുതിയ വീട് മുംബൈയിലെ ബാന്ദ്രയിലായിരിക്കും. ആറ് നിലകളുള്ള ഒരു ബംഗ്ലാവാണിത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിർമാണം പുരോഗമിക്കുകയാണ്. ജോലിയുടെ മേൽനോട്ടത്തിനായി അഭിനേതാക്കൾ നിരവധി തവണ സ്ഥലം സന്ദർശിക്കുന്നത് പതിവാണ്.ഇതിന്‍റെ വിഡിയോ പ്രചരിപ്പിച്ചതോടെയാണ് ആലിയ രംഗത്ത് വന്നത്.
‘മുംബൈ പോലുള്ള ഒരു നഗരത്തിൽ സ്ഥലപരിമിതി ഉണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു. ചിലപ്പോൾ നിങ്ങളുടെ ജനാലയിൽ നിന്നുള്ള കാഴ്ച മറ്റൊരാളുടെ വീടായിരിക്കും. എന്നാൽ അത് ആർക്കും സ്വകാര്യ വസതികൾ ചിത്രീകരിക്കാനും ആ വിഡിയോകൾ ഓൺലൈനിൽ പ്രദർശിപ്പിക്കാനും അവകാശം നൽകുന്നില്ല. ഇപ്പോഴും നിർമാണത്തിലിരിക്കുന്ന ഞങ്ങളുടെ വീടിന്റെ ഒരു വിഡിയോ ഞങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ ഒന്നിലധികം പ്രസിദ്ധീകരണങ്ങൾ റെക്കോർഡുചെയ്‌ത് പ്രചരിപ്പിച്ചിട്ടുണ്ട്. ഇത് സ്വകാര്യതയിലേക്കുള്ള വ്യക്തമായ കടന്നുകയറ്റവും ഗുരുതരമായ സുരക്ഷാ പ്രശ്നവുമാണ്. അനുവാദമില്ലാതെ ഒരാളുടെ സ്വകാര്യ ഇടം ചിത്രീകരിക്കുകയോ ഫോട്ടോ എടുക്കുകയോ ചെയ്യുന്നത് കണ്ടന്റ് അല്ല നിയമ ലംഘനമാണ്. ഇത് ഒരിക്കലും സാധാരണവൽക്കരിക്കരുത്’ എന്നാണ് ആലിയ സോഷ്യൽമീഡിയയിൽ കുറിച്ചത്.
വിഡിയോ ഫോര്‍വേഡ് ചെയ്യരുതെന്നും ഒഴിവാക്കണമെന്നും നടി ആവശ്യപ്പെടുന്നുണ്ട്. നിങ്ങളുടെ അറിവില്ലാതെ നിങ്ങളുടെ വീടിന്റെ ഉള്‍വശം ചിത്രീകരിച്ച വിഡിയോകള്‍ പരസ്യമായി പങ്കുവെക്കുന്നത് നിങ്ങള്‍ക്ക് സഹിക്കാനാകുമോ? അതിനാല്‍ അത്തരം ഉള്ളടക്കങ്ങള്‍ ഓണ്‍ലൈനില്‍ കണ്ടാല്‍ ദയവായി അത് ഫോര്‍വേഡ് ചെയ്യുകയോ പങ്കുവെക്കുകയോ ചെയ്യരുതെന്ന് വിനയപൂര്‍വം അഭ്യര്‍ഥിക്കുന്നു. ഈ ചിത്രങ്ങളും വിഡിയോകളും പ്രചരിപ്പിച്ച മാധ്യമങ്ങളോട് അവ ഉടനടി നീക്കം ചെയ്യാന്‍ ഞാന്‍ അഭ്യര്‍ഥിക്കുന്നു. നന്ദി' എന്ന് വിശദമാക്കികൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

