‘ഞാൻ കണ്ട ഏറ്റവും കഠിനാധ്വാനിയായ നടി’; ആലിയയുടെ ആക്ഷൻ കണ്ട് അമ്പരന്ന് പോയെന്ന് ബോബി ഡിയോൾ
text_fieldsയഷ് രാജ് ഫിലിംസിന്റെ (YRF) പ്രശസ്തമായ സ്പൈ യൂണിവേഴ്‌സിലെ ഏറ്റവും പുതിയ ചിത്രമായ 'ആൽഫ'യുടെ ആക്ഷൻ വിശേഷങ്ങൾ പങ്കുവെച്ച് ബോളിവുഡ് താരം ബോബി ഡിയോൾ. ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ തികച്ചും റിയലിസ്റ്റിക് ശൈലിയിലുള്ളതാണെന്നും നായിക ആലിയ ഭട്ട് ഉൾപ്പെടെയുള്ളവർക്ക് ഏറെ കഠിനാധ്വാനം ചെയ്യേണ്ടി വന്ന ഷൂട്ടിങ് അനുഭവമായിരുന്നു ഇതെന്നും ബോബി ഡിയോൾ വെളിപ്പെടുത്തി.
'അനിമൽ' എന്ന ചിത്രത്തിൽ ആലിയ ഭട്ടിന്റെ ഭർത്താവും നടനുമായ രൺബീർ കപൂറുമായി സ്ക്രീൻ സ്പേസ് പങ്കുവെച്ചതിന് ശേഷമാണ് ബോബി ഡിയോൾ ആലിയക്കൊപ്പം ആദ്യമായി ഒന്നിക്കുന്നത്. ‘എനിക്ക് രൺബീറിനെയും ആലിയയെയും ഒരുപാട് ഇഷ്ടമാണ്. രണ്ടുപേർക്കുമൊപ്പം ഒന്നിച്ച് പ്രവർത്തിക്കണമെന്ന് ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു. രൺബീറിനൊപ്പം 'അനിമൽ' ചെയ്തു, ഇപ്പോൾ ആലിയയ്ക്കൊപ്പം 'ആൽഫ'യും. രണ്ടുപേർക്കുമൊപ്പം മികച്ച അനുഭവമായിരുന്നു എനിക്കുണ്ടായത്’ ബോബി ഡിയോൾ പറഞ്ഞു.
'ആൽഫ' തികച്ചും പുതുമയുള്ളതും ആവേശമുണർത്തുന്നതുമായ ഒരു ചിത്രമായിരിക്കുമെന്നാണ് ബോബി ഡിയോൾ വിശേഷിപ്പിച്ചത്. രണ്ട് സ്ത്രീകൾ പ്രധാന ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. ഇന്ത്യയിൽ രണ്ട് പെൺകുട്ടികൾ സ്ക്രീനിൽ തകർപ്പൻ ആക്ഷൻ ചെയ്യുന്നത് കാണാൻ സാധിക്കുക എന്നത് അതിശയകരമായ കാര്യമാണെന്നും തിയേറ്ററുകളിൽ പ്രേക്ഷകർക്ക് ഇതൊരു പുതിയ ദൃശ്യാനുഭവമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആലിയ ഭട്ടിനൊപ്പം യുവനടി ശർവരി വാഗും ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
‘ആക്ഷൻ രംഗങ്ങൾ റോ ആൻഡ് റിയൽ ആയിരിക്കണമെന്ന് നിർമാതാവ് ആദിത്യ ചോപ്രക്കും സംവിധായകൻ ശിവ് റവൈലിനും വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഞങ്ങൾ രണ്ടുപേർക്കും ഇത് വളരെ കഠിനമായ ഷൂട്ടായിരുന്നു. ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും കഠിനാധ്വാനിയും ആത്മാർത്ഥതയുമുള്ള നടികളിൽ ഒരാളാണ് ആലിയ. ഓരോ സീനിനും വേണ്ടി പൂർണ്ണ സജ്ജയായാണ് അവർ സെറ്റിലെത്തുന്നത്. ആലിയ ഇതുവരെ ഇത്തരം ആക്ഷൻ രംഗങ്ങൾ ചെയ്തിട്ടില്ല. എന്നിട്ടും ഷൂട്ടിങ്ങിനായി അവർ നടത്തിയ തയാറെടുപ്പുകൾ കണ്ട് ഞാൻ അത്ഭുതപ്പെട്ടുപോയി. ആക്ഷൻ ചെയ്യുക എന്നത് എളുപ്പമുള്ള കാര്യമല്ല, പക്ഷേ അവർ തന്‍റെ നൂറു ശതമാനവും അതിനായി നൽകി’ ബോബി ഡിയോൾ പറഞ്ഞു.
നെറ്റ്ഫ്ലിക്സ് പരമ്പരയായ 'ദി റെയിൽവേ മെൻ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ശിവ് റവൈൽ ആണ് 'ആൽഫ' സംവിധാനം ചെയ്യുന്നത്. ടൈഗർ ഫ്രാഞ്ചൈസി, വാർ സീരീസ്, പത്താൻ എന്നിവ ഉൾപ്പെടുന്ന വൈ.ആർ.എഫ് സ്പൈ യൂണിവേഴ്സിലെ ആദ്യ വനിതാ കേന്ദ്രീകൃത ആക്ഷൻ ചിത്രമാണിത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ 'വാർ 2' എന്ന ചിത്രത്തിന്റെ പോസ്റ്റ് ക്രെഡിറ്റ് സീനിലൂടെയാണ് ആൽഫയുടെ ആദ്യ ദൃശ്യം പുറത്തുവിട്ടത്. അനിൽ കപൂറും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം വരും മാസങ്ങളിൽ തിയേറ്ററുകളിൽ എത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

