‘ഇപ്പോഴെല്ലാം വി.എഫ്.എക്സ് ആണ്, സാങ്കേതികവിദ്യയുടെ സഹായമില്ലാതെ യഥാർത്ഥ ആക്ഷൻ സിനിമ ചെയ്യാനാണ് എനിക്ക് ആഗ്രഹം’ -അക്ഷയ് കുമാർ
text_fieldsഅക്ഷയ് കുമാർ
സിനിമയിലെ ആക്ഷൻ രംഗങ്ങളിൽ വി.എഫ്.എക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവ അമിതമായി ഉപയോഗിക്കുന്നതിനെതിരെ രൂക്ഷവിമർശനവുമായി ബോളിവുഡ് താരം അക്ഷയ് കുമാർ. കൃത്രിമത്വം നിറഞ്ഞ ഇത്തരം രംഗങ്ങൾ സിനിമയുടെ സ്വാഭാവികത നഷ്ടപ്പെടുത്തുന്നുവെന്നും തനിക്ക് യഥാർത്ഥമായ ആക്ഷൻ സിനിമകൾ ചെയ്യാനാണ് താല്പര്യമെന്നും അദ്ദേഹം പറഞ്ഞു. പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
‘ഇന്നത്തെ കാലത്ത് ആക്ഷൻ സിനിമകൾ നിർമിക്കുന്ന രീതിയിൽ വലിയ മാറ്റം വന്നിട്ടുണ്ട്. പണ്ട് ആക്ഷൻ രംഗങ്ങൾ റിയൽ ആയിരുന്നു, എന്നാൽ ഇന്ന് എല്ലാം വി.എഫ്.എക്സ് ഉപയോഗിച്ചാണ് ചെയ്യുന്നത്. അത് വ്യാജമായി തോന്നും. ഒരു ചാട്ടമോ ചവിട്ടോ ആണെങ്കിൽ അത് സാങ്കേതികവിദ്യയുടെ സഹായമില്ലാതെ നേരിട്ട് ചെയ്യാനാണ് എനിക്കിഷ്ടം’ അക്ഷയ് കുമാർ വ്യക്തമാക്കി. കമ്പ്യൂട്ടർ നിർമിത ആക്ഷനും യഥാർത്ഥ പോരാട്ടവും തമ്മിലുള്ള വ്യത്യാസം പ്രേക്ഷകർക്ക് പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൈകൊണ്ട് വരച്ച ചിത്രവും ഡിജിറ്റൽ പ്രിന്റും തമ്മിലുള്ള വ്യത്യാസം പോലെയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ത്രീ, ഗോൽമാൽ തുടങ്ങിയ വലിയ സിനിമാ ഫ്രാഞ്ചൈസികളുടെ ഭാഗമാകുന്നതിലുള്ള സന്തോഷവും താരം പങ്കുവെച്ചു. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന 'ഗോൽമാൽ' അഞ്ചാം ഭാഗത്തിൽ അജയ് ദേവ്ഗൺ, അർഷാദ് വർസി എന്നിവർക്കൊപ്പം അക്ഷയ് കുമാറും വേഷമിടുന്നുണ്ട്.
അക്ഷയ് കുമാറും പ്രിയദർശനും വീണ്ടും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ 'ഭൂത് ബംഗ്ല' ഏപ്രിൽ 10ന് പ്രദർശനത്തിനെത്തും. ഇതിന് മുന്നോടിയായാണ് താരത്തിന്റെ പുതിയ പ്രസ്താവനകൾ ചർച്ചയാകുന്നത്. കരാട്ടെ, മുവായ് തായ്, തായ്‌ക്വോണ്ടോ തുടങ്ങിയ മാർഷ്യൽ ആർട്സുകളിൽ പ്രാവീണ്യമുള്ള അക്ഷയ് കുമാർ, തന്റെ തുടക്കകാലത്ത് ഇത്തരം സാഹസിക രംഗങ്ങളിലൂടെയാണ് സിനിമാ ലോകത്ത് ശ്രദ്ധിക്കപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

