അക്ഷയ് കുമാറിന് കോവിഡ്; ആനന്ദ് അംബാനിയുടെ വിവാഹത്തിൽ പങ്കെടുക്കില്ല
text_fieldsആനന്ദ് അംബാനി-രാധിക മെർച്ചെന്റ് വിവാഹ ചടങ്ങിൽ ബോളിവുഡ് നടൻ അക്ഷയ് കുമാർ പങ്കെടുക്കില്ല. അക്ഷയ് കുമാറിന്റെ പുതിയ ചിത്രമായ സാർഫിറയുടെ പ്രൊഡക്ഷൻ കമ്പനിയാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചുവെന്ന് അറിയിച്ചത്. ഹിന്ദുസ്ഥാൻ ടൈംസിനോടാണ് അവർ ഇക്കാര്യം പറഞ്ഞത്. സിനിമയുടെ അവസാനഘട്ട പ്രചാരണ പരിപാടികളിലും അക്ഷയ് കുമാർ പങ്കെടുക്കില്ല.
സാർഫിറയുടെ പ്രചാരണപരിപാടികളിൽ പങ്കെടുക്കുന്നതിനിടെയാണ് അക്ഷയ് കുമാറിന് ശാരീരികാസ്വാസ്ഥ്യമുണ്ടായത്. തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് താരത്തിന് രോഗബാധ സ്ഥിരീകരിച്ചത്. സിനിമയുടെ തുടർന്നുള്ള പ്രചാരണപരിപാടികളിലും ആനന്ദ് അംബാനിയുടെ വിവാഹചടങ്ങിലും അക്ഷയ് കുമാർ പങ്കെടുക്കില്ല.
ആനന്ദിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കാത്തത് ദുഃഖകരമാണെങ്കിലും ഉത്തരവാദിത്തപ്പെട്ട പൗരനെന്ന നിലയിൽ കോവിഡ് സ്ഥിരീകരിച്ചയുടൻ അക്ഷയ് ഐസോലേഷനിലേക്ക് പോവുകയായിരുന്നുവെന്നും പ്രൊഡക്ഷൻ കമ്പനി അറിയിച്ചു.
ഇന്ന് മുംബൈ ബാന്ദ്ര കുർളയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിലാണ് ‘ശുഭ വിവാഹം’ നടക്കുക. നാളെ നടക്കുന്ന ‘ശുഭ ആശീർവാദി’ൽ അതിഥികൾ പങ്കെടുക്കും. 14നാണ് ‘മംഗൾ ഉത്സവ്’ മഹാവിരുന്ന്.
അംബാനിമാരുടെ സ്വന്തം നാടായ ജാംനഗറിൽ നാലു മാസം മുമ്പാണ് പ്രീവെഡിങ് ആേഘാഷം നടന്നത്. മാർക്ക് സുക്കർബർഗ് അടക്കം വി.വി.ഐ.പികൾ പങ്കെടുത്ത, ഇന്ത്യ കണ്ട ഏറ്റവും വലിയ വിവാഹാഘോഷങ്ങളിലൊന്നായിരുന്നു അത്. കോടികൾ പ്രതിഫലം വാങ്ങുന്ന ഗായിക റിഹാനയും ഹോളിവുഡ് -ബോളിവുഡ് താരങ്ങളും പങ്കെടുത്തിരുന്നു. ജൂണിൽ അതിഥികളെയെല്ലാം ക്രൂസ് ഷിപ്പിൽ കൊണ്ടുപോയി കടലിലായിരുന്നു അടുത്ത ഘട്ടത്തിലെ വിവാഹാഘോഷം. റോം, കാൻ തുടങ്ങിയ തീരങ്ങളിലൂടെ സഞ്ചരിച്ച ആഡംബരക്കപ്പൽ താരസമ്പന്നമായിരുന്നു.

