ഓൺലൈൻ ഗെയിമിനിടെ ഒരാൾ മകളോട് നഗ്നചിത്രം ആവശ്യപ്പെട്ടു; വെളിപ്പെടുത്തലുമായി അക്ഷയ് കുമാർ
text_fieldsമുംബൈ: ഓൺലൈൻ ഗെയിം കളിക്കുന്നതിനിടെ അജ്ഞാതനായ ഒരാൾ മകളോട് നഗ്നചിത്രം ആവശ്യപ്പെട്ടതായി ബോളിവുഡ് താരം അക്ഷയ് കുമാർ. മുംബൈയിൽ പൊലീസ് ആസ്ഥാനത്ത് നടന്ന സൈബർ അവബോധ മാസത്തിന്റെ ഉദ്ഘാടന വേളയിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, പൊലീസ് ഡയറക്ടർ ജനറൽ രശ്മി ശുക്ല, അഡീഷനൽ ചീഫ് സെക്രട്ടറി (ആഭ്യന്തരം) ഇഖ്ബാൽ സിങ് ചാഹൽ, മറ്റ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ, നടി റാണി മുഖർജി എന്നിവരും ചടങ്ങിന്‍റെ ഭാഗമായിരുന്നു.
'കുറച്ച് മാസങ്ങൾക്ക് മുമ്പ് എന്റെ വീട്ടിൽ നടന്ന ഒരു സംഭവത്തെക്കുറിച്ച് ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു. എന്റെ മകൾ ഒരു വിഡിയോ ഗെയിം കളിക്കുകയായിരുന്നു. നിങ്ങൾക്ക് അപരിചിതരോടൊപ്പം കളിക്കാൻ കഴിയുന്ന ചില വിഡിയോ ഗെയിമുകളുണ്ട്. നീ ആണാണോ അതോ പെണ്ണാണോ? എന്ന് അവൾക്ക് മെസേജ് വന്നു. അപ്പോൾ അവൾ പെണ്ണാണെന്ന് മറുപടി നൽകി. അപ്പോൾ അയാൾ അവളുടെ നഗ്നചിത്രങ്ങൾ അയക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ഒരു മെസ്സേജ് അയച്ചു... എന്റെ മകൾ ഗെയിം ഓഫ് ചെയ്തു. അവൾ അവളുടെ അമ്മയോട് വിവരം പറഞ്ഞു. ഇതും സൈബർ ലോകത്തിന്റെ ഭാഗമാണ്... ചില സമയങ്ങളിൽ കുട്ടികൾ വഴിതെറ്റിപ്പോകാൻ സാധ്യതയുണ്ട്' -അക്ഷയ്കുമാർ പറഞ്ഞു.
സൈബർ പ്രശ്‌നങ്ങളെക്കുറിച്ചും ഡിജിറ്റൽ ലോകത്തെക്കുറിച്ചുള്ള പ്രശ്‌നങ്ങളെക്കുറിച്ചും സ്‌കൂളുകളിൽ പഠിപ്പിക്കണമെന്ന് അക്ഷയ് കുമാർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. 'ഏഴ്, എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിൽ എല്ലാ ആഴ്ചയും സൈബർ പീരിയഡ് എന്നൊരു പീരീഡ് ഉണ്ടായിരിക്കണം. അവിടെ കുട്ടികൾക്ക് സൈബർ ലോകത്തിലെ പ്രശ്നങ്ങളെക്കുറിച്ച് വിശദീകരിക്കണം. മറ്റ് കുറ്റകൃത്യങ്ങളേക്കാൾ വലുതായി സൈബർ കുറ്റകൃത്യങ്ങൾ മാറിക്കൊണ്ടിരിക്കുകയാണെന്ന് എല്ലാവർക്കും അറിയാം. ഇത് തടയേണ്ടത് വളരെ പ്രധാനമാണ്' -അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സൈബർ തട്ടിപ്പ് കേസുകളിൽ എത്രയും വേഗം പരാതി നൽകുന്നുവോ അത്രയും എളുപ്പം മോഷ്ടിക്കപ്പെട്ട തുക വീണ്ടെടുക്കാൻ കഴിയുമെന്ന് ഫഡ്‌നാവിസ് പറഞ്ഞു. സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് സ്കൂൾ, കോളജ് വിദ്യാർഥികളിൽ അവബോധം വളർത്താൻ സംസ്ഥാനം പദ്ധതിയിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡീപ്പ്ഫേക്കുകളെ നേരിടാനുള്ള കഴിവുകൾ സംസ്ഥാനം വർധിപ്പിക്കേണ്ടതുണ്ടെന്നും ഫഡ്‌നാവിസ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

