'ഒരു വിഡ്ഢിക്ക് മാത്രമേ ആ സിനിമകളെ വിമർശിക്കാനാകൂ...'; ജയ ബച്ചന്‍റെ വിമർശനത്തിന് മറുപടിയുമായി അക്ഷയ് കുമാർ
text_fieldsമുംബൈ: 'കേസരി 2' ട്രെയിലർ ലോഞ്ചിനിടെ തന്‍റെ ചിത്രങ്ങളെ വിമർശിച്ച ജയ ബച്ചന്‍റെ പരാമർശത്തോട് പ്രതികരിച്ച് അക്ഷയ് കുമാർ. 'ടോയ്‌ലറ്റ്: ഏക് പ്രേം കഥ' എന്ന അക്ഷയ് കുമാർ ചിത്രത്തെ ജയ ബച്ചൻ വിമർശിച്ചിരുന്നു.
സിനിമാ മേഖലയിലെ സഹപ്രവർത്തകർ തന്റെ സിനിമകളെ വിമർശിക്കുമ്പോൾ എന്താണ് തോന്നുന്നതെന്ന് എന്ന ചോദ്യത്തിന്, പൊതുവെ സഹപ്രവർത്തകർ ആരും തന്റെ സിനിമകളെ വിമർശിക്കാറില്ലെന്നാണ് നടൻ പറഞ്ഞത്. ജയ ബച്ചന്റെ സമീപകാല പരാമർശത്തെ മാധ്യമ പ്രവർത്തകർ ഒർമിപ്പിച്ചപ്പോൾ പരാമർശത്തെ കുറിച്ച് അറിയില്ലെന്നും എന്നാൽ ജയ ബച്ചൻ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അത് ശരിയായിരിക്കുമെന്നും നടൻ പറഞ്ഞു. പാഡ്മാൻ, ടോയ്‌ലറ്റ്: ഏക് പ്രേം കഥ, എയർലിഫ്റ്റ് തുടങ്ങിയ സിനിമകളെ ഒരു വിഡ്ഢി മാത്രമേ വിമർശിക്കൂ എന്ന് കരുതുന്നതായും അക്ഷയ് മറുപടി നൽകി.
'ഇപ്പോൾ അവർ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ, അത് ശരിയായിരിക്കണം. എനിക്ക് അതിനെക്കുറിച്ച് അറിയില്ല. ടോയ്‌ലറ്റ്: ഏക് പ്രേം കഥ എന്ന സിനിമ നിർമിച്ചതിലൂടെ ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടോ എന്നറിയില്ല, പക്ഷേ അവർ അത് പറയുന്നുണ്ടെങ്കിൽ, അത് ശരിയായിരിക്കണം' -അക്ഷയ് കുമാർ അഭിപ്രായപ്പെട്ടു.
'ആ സിനിമയുടെ പേര് നോക്കൂ. ഇങ്ങനെയൊരു പേരുള്ള സിനിമ ഞാൻ ഒരിക്കലും കാണില്ല. ഇതൊരു പേരാണോ? നിങ്ങളിൽ എത്ര പേർ ഇങ്ങനെയൊരു പേരുള്ള സിനിമ കാണുമെന്ന് പറയൂ' എന്ന് ചോദിച്ച് കൊണ്ടാണ് ഇന്ത്യ ടി.വി ഷീ കോൺക്ലേവിൽ ജയ ബച്ചൻ അക്ഷയ് കുമാർ ചിത്രങ്ങളെ വിമർശിച്ചത്.
എന്നാൽ പരാമർശത്തിൽ ജയ ബച്ചനെതിരെ വിമർശനം ഉന്നയിച്ച് നിരവധിപ്പേരാണ് രംഗത്ത് വന്നത്. 'ടോയ്‌ലറ്റ് ഏക് പ്രേം കഥ, പാഡ്മാൻ തുടങ്ങിയ പേരുകൾ മൂലം ആ സിനിമകൾ ആരും കാണില്ലെന്ന് ജയ ബച്ചൻ പറയുന്നു. എന്നാൽ ടോയ്‌ലറ്റ് ഏക് പ്രേം കഥ 216 കോടിയും പാഡ്മാൻ 191 കോടിയും കലക്ഷൻ നേടി. അഭിഷേകിന്റെ സിനിമകളേക്കാൾ വളരെ കൂടുതലാണ് ഇത്. അമിതാഭ് ബച്ചൻ പികു എന്ന സിനിമ ചെയ്തു, അവിടെ അദ്ദേഹം സംസാരിച്ചത് ടോയ്‌ലറ്റിനെക്കുറിച്ചാണ്'-എന്നിങ്ങനെയുള്ള അഭിപ്രായങ്ങളാണ് ആരാധകരുടെ ഭാഗത്തുനിന്ന് വന്നത്.
അക്രമം കുറഞ്ഞതും സാമൂഹിക പ്രസക്തിയുള്ളതുമായ സിനിമകൾ കാണാനാണ് ആഗ്രഹിക്കുന്നത്. ടോയ്‌ലറ്റുകളുടെ അഭാവം മൂലം ആർത്തവ ശുചിത്വത്തിൽ സ്ത്രീകൾ നേരിടുന്ന സാമൂഹിക പ്രശ്‌നങ്ങൾ എടുത്തുകാണിച്ച ചിത്രങ്ങളാണിവ. അത്തരം പ്രധാനപ്പെട്ട വിഷയങ്ങളിൽ ഇത്തരം അഭിപ്രായം പറയുന്നത് വിരോധാഭാസമാണെന്നും അക്ഷയ് കുമാറിന്‍റെ ആരാധകർ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

