‘ഇത്തരം മികച്ച സിനിമകളിൽ പ്രവർത്തിക്കാൻ എനിക്കും അവസരം ലഭിക്കുമെന്ന് കരുതുന്നു’; ധുരന്ധറിനെ പ്രശംസിച്ച് അക്ഷയ് കുമാർ
text_fieldsഅക്ഷയ് കുമാർ
മുംബൈ: ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് മുന്നേറുന്ന ആദിത്യ ധർ ചിത്രം ‘ധുരന്ധർ’ സീരിസിനെ പ്രശംസിച്ച് ബോളിവുഡ് താരം അക്ഷയ് കുമാർ. രൺവീർ സിങ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം അതിമനോഹരമായാണ് നിർമിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രജനികാന്ത്, അല്ലു അർജുൻ, വിജയ് ദേവരകൊണ്ട, മഹേഷ് ബാബു തുടങ്ങിയവർക്ക് പിന്നാലെയാണ് ഇപ്പോൾ അക്ഷയ് കുമാറും ചിത്രത്തെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുന്നത്.
ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അക്ഷയ് കുമാർ സിനിമയെക്കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവെച്ചത്. ‘രാജ്യസ്നേഹത്തെയും ഭൗമരാഷ്ട്രീയ സാഹചര്യങ്ങളെയും വളരെ കൃത്യമായി കോർത്തിണക്കിയ ചിത്രമാണിത്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വിഷയങ്ങൾ, വിവിധ ഏജൻസികളുടെ പ്രവർത്തനം എന്നിവ വളരെ മനോഹരമായി ഇതിൽ ദൃശ്യവൽക്കരിച്ചിട്ടുണ്ട്. യാഥാർത്ഥ്യങ്ങളെ സിനിമയുടെ വലിപ്പത്തിലേക്ക് എത്തിക്കുന്നതിൽ സംവിധായകൻ വിജയിച്ചു. സിനിമകൾ മാറിക്കൊണ്ടിരിക്കുകയാണ്, ഇത്തരം മികച്ച സിനിമകളിൽ പ്രവർത്തിക്കാൻ എനിക്കും അവസരം ലഭിക്കുമെന്ന് കരുതുന്നു’ അക്ഷയ് കുമാർ കൂട്ടിച്ചേർത്തു.
അക്ഷയ് കുമാറിന് പുറമെ സിദ്ധാർത്ഥ് മൽഹോത്രയും ചിത്രത്തെ പ്രശംസിച്ച് ഇൻസ്റ്റാഗ്രാമിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. ‘ധുരന്ധർ 2 അതിന്റെ തീക്ഷ്ണമായ രാജ്യസ്നേഹം കൊണ്ടും കൃത്യമായ രാഷ്ട്രീയ നിരീക്ഷണങ്ങൾ കൊണ്ടും പ്രേക്ഷകനെ പിടിച്ചിരുത്തും. രൺവീർ സിങ് ഒരു കരുത്തുറ്റ സാന്നിധ്യമാണ്. സഞ്ജയ് ദത്ത്, അർജുൻ രാംപാൽ, ആർ. മാധവൻ, അക്ഷയ് ഖന്ന തുടങ്ങി എല്ലാ താരങ്ങളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ആദിത്യ ധറിന്റെ കാഴ്ചപ്പാടും സംവിധാന മികവും ഈ ചിത്രത്തെ മറ്റൊരു തലത്തിലേക്ക് എത്തിച്ചു’ സിദ്ധാർത്ഥ് കുറിച്ചു.
രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങിയ 'ധുരന്ധർ' ഫ്രാഞ്ചൈസി ഇതുവരെ ആഗോളതലത്തിൽ 3,000 കോടിയിലധികം രൂപയാണ് കലക്ട് ചെയ്തത്. 2025 ഡിസംബറിൽ റിലീസ് ചെയ്ത ചിത്രം ഏകദേശം 1,300 കോടി രൂപ നേടി. പാകിസ്താനിലെ കറാച്ചിയിലേക്ക് നുഴഞ്ഞുകയറുന്ന ഒരു ഇന്ത്യൻ ചാരന്റെ കഥയായിരുന്നു ഇത്. 1999ലെ ഐസി-814 വിമാനം തട്ടിയെടുക്കൽ, 2001ലെ പാർലമെന്റ് ആക്രമണം, 2008ലെ മുംബൈ ഭീകരാക്രമണം തുടങ്ങിയ യഥാർത്ഥ സംഭവങ്ങളെ കോർത്തിണക്കിയാണ് ഇതിന്റെ തിരക്കഥ ഒരുക്കിയത്.
രണ്ടാം ഭാഗം (ധുരന്ധർ: ദി റിവഞ്ച്)2026 മാർച്ച് 19ന് പുറത്തിറങ്ങിയ രണ്ടാം ഭാഗം ആദ്യ ഭാഗത്തേക്കാൾ വലിയ വിജയമാണ് നേടിയത്. രൺവീർ സിംഗിന്റെ കഥാപാത്രം ഹംസ അലി മസാരിയായി മാറുന്നതും പാകിസ്താനിലെ ഭീകര ശൃംഖലയെ തകർക്കുന്നതുമാണ് ഇതിന്റെ പ്രമേയം. അർജുൻ രാംപാൽ, ആർ. മാധവൻ, സഞ്ജയ് ദത്ത്, രാകേഷ് ബേദി തുടങ്ങിയ വൻ താരനിരയാണ് രണ്ടാം ഭാഗത്തിൽ അണിനിരന്നത്. നിലവിൽ പ്രിയദർശൻ സംവിധാനം ചെയ്ത 'ഭൂത് ബംഗ്ല' എന്ന ചിത്രത്തിന്റെ വിജയത്തിളക്കത്തിലാണ് അക്ഷയ് കുമാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

