'ഇത് ഒരു വേഷവിധാനമല്ല, പാരമ്പര്യത്തിന്റെയും, പ്രതിരോധത്തിന്റെയും പ്രതീകമാണ്'; കഥകളി വേഷത്തിൽ അക്ഷയ് കുമാർ
text_fields'കേസരി 2'ന്‍റെ റിലീസിനായി ബോളിവുഡ് നടൻ അക്ഷയ് കുമാർ ഒരുങ്ങുകയാണ്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള ചിത്രത്തിൽ അഭിഭാഷകൻ സി. ശങ്കരൻ നായരുടെ വേഷത്തിലാണ് അക്ഷയ് എത്തുന്നത്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി, കേരളത്തിലെ പരമ്പരാഗത കലാരൂപമായ കഥകളി വേഷത്തിലുള്ള ഒരു ചിത്രം അക്ഷയ് കുമാർ പോസ്റ്റ് ചെയ്തതാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
വസ്ത്രധാരണം സിനിമയിലെ തന്റെ കഥാപാത്രവുമായി എങ്ങനെ പ്രതിധ്വനിക്കുന്നുവെന്നും താരം സംസാരിച്ചു. ശങ്കരൻ നായർ എന്ന കഥാപാത്രത്തിലേക്കുള്ള ശക്തമായ പരിവർത്തനമാണ് ഇത്. കഥകളിയുടെ സാംസ്കാരിക സമ്പന്നത സ്വീകരിക്കുന്നതിനൊപ്പം കഥാപാത്രത്തെ ജീവസുറ്റതാക്കാനുള്ള അക്ഷയ് കുമാറിന്റെ ഡെഡിക്കേഷനും ഏറെ ശ്രദ്ധ നേടുന്നു.
'ഇത് ഒരു വേഷവിധാനമല്ല. പാരമ്പര്യത്തിന്റെയും, പ്രതിരോധത്തിന്റെയും, സത്യത്തിന്റെയും, എന്റെ രാജ്യത്തിന്റെയും പ്രതീകമാണ്. സി. ശങ്കരൻ നായർ ആയുധം കൊണ്ട് പോരാടിയതല്ല. നിയമം കൊണ്ടും ഉള്ളിലെ തീ കൊണ്ടും അദ്ദേഹം ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ പോരാടി. ഈ ഏപ്രിൽ 18 ന്, പാഠപുസ്തകങ്ങളിൽ നിങ്ങൾ ഒരിക്കലും പഠിച്ചിട്ടില്ലാത്ത കോടതി വിചാരണയുമായി ഞങ്ങൾ നിങ്ങൾക്ക് മുന്നിലെത്തുന്നു'
അക്ഷയ് കുമാർ ആരാധകർക്കും ബോളിവുഡിനും ഏറെ പ്രതീക്ഷ നൽകുന്ന ചിത്രമാണ് കേസരി ചാപ്റ്റർ 2. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയുടെ അറിയാക്കഥകളാണ് കേസരി ചാപ്റ്റർ 2. അക്ഷയ് കുമാറിനൊപ്പം നടൻ ആർ. മാധവനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കരൺ സിങ് ത്യാഗി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനത്തെത്തിയ ഏക മലയാളിയും വൈസ്രോയി കൗണ്‍സിലിലെ ഏക ഇന്ത്യക്കാരനുമായിരുന്ന ചേറ്റൂര്‍ ശങ്കരന്‍ നായരുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

