അക്ഷയ് കുമാറിന് 58; നടന്‍റെ ആസ്തിയും ആഡംബര ജീവിതശൈലിയും അറിയാം...
text_fieldsബോളിവുഡ് സൂപ്പർ താരം അക്ഷയ് കുമാർ തന്റെ 58ാം ജന്മദിനം ആഘോഷിക്കുകയാണ്. മൂന്ന് പതിറ്റാണ്ടിലേറെയായി അക്ഷയ് കുമാർ ഇന്ത്യൻ സിനിമ വ്യവസായത്തിന്‍റെ ഭാഗമാണ്. ഖിലാഡി, ഹേരാ ഫേരി തുടങ്ങിയ ആക്ഷൻ ബ്ലോക്ക്ബസ്റ്ററുകൾ മുതൽ ടോയ്‌ലറ്റ്: ഏക് പ്രേം കഥ, മിഷൻ മംഗൾ തുടങ്ങിയ സാമൂഹിക സ്വാധീനമുള്ള സിനിമകൾ വരെ അക്ഷയ് കുമാറിന് സ്വന്തം. ജനപ്രീതി, ഫിറ്റ്നസ് എന്നിവ അദ്ദേഹത്തെ രാജ്യത്തെ ഏറ്റവും ആരാധിക്കപ്പെടുന്ന നടന്മാരിൽ ഒരാളാക്കി മാറ്റിയിട്ടുണ്ട്.
ഫോർബ്‌സിന്റെ 2025ലെ കണക്കനുസരിച്ച്, അക്ഷയ് കുമാറിന്റെ ആസ്തി 2,500 കോടി രൂപയായി കണക്കാക്കപ്പെടുന്നു. ബോളിവുഡിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളാണ് അദ്ദേഹം. ഒരു ചിത്രത്തിന് 60 കോടി മുതൽ 145 കോടി രൂപ വരെ പ്രതിഫലം അക്ഷയ് കുമാർ വാങ്ങാറുണ്ട്. നിർമാണ കമ്പനികളായ ഹരി ഓം എന്റർടൈൻമെന്റും കേപ്പ് ഓഫ് ഗുഡ് ഫിലിംസും നിർമിച്ച ഹിറ്റ് ചിത്രങ്ങളും അദ്ദേഹത്തിന്റെ സമ്പത്ത് വർധിപ്പിച്ചു.
ഭാര്യ ട്വിങ്കിൾ ഖന്ന രൂപകൽപ്പന ചെയ്ത 80 കോടി രൂപ വിലമതിക്കുന്ന ജുഹുവിലെ കടലിന് അഭിമുഖമായുള്ള ആഡംബര ഭവനത്തിലാണ് അക്ഷയ് താമസിക്കുന്നത്. സമൃദ്ധമായ പൂന്തോട്ടങ്ങൾ, കലാസൃഷ്ടികൾ, കുളത്തിനരികിലെ ശാന്തമായ ഒരു ബുദ്ധ പ്രതിമ എന്നിവ ഈ വീടിനെ മനേഹരമാക്കുന്നു. ദുബൈ, മൗറീഷ്യസ്, ഗോവ എന്നിവിടങ്ങളിൽ ആഡംബര വില്ലകളും ടൊറന്റോയിലെ ഒരു കുന്നിൻ പ്രദേശം ഉൾപ്പെടെ കാനഡയിലെ പ്രോപ്പർട്ടികളും അദ്ദേഹത്തിന് സ്വന്തമായുണ്ട്.
ആഡംബര കാറുകളോടുള്ള അദ്ദേഹത്തിന്റെ ഇഷ്ടം പ്രസിദ്ധമാണ്, റോൾസ് റോയ്‌സ് ഫാന്റം, മെഴ്‌സിഡസ് ബെൻസ് ജി.എൽ.എസ്, റേഞ്ച് റോവർ വോഗ്, പോർഷെ കയെൻ തുടങ്ങി നിരവധി കാറുകളുടെ കലക്ഷനാണ് അദ്ദേഹത്തിനുള്ളത്. അതേസമയം, ട്വിങ്കിൾ ഖന്ന, കരീന കപൂർ, സുനിൽ ഷെട്ടി, അജയ് ദേവ്ഗൺ തുടങ്ങി നിരവധി താരങ്ങൾ അക്ഷയ് കുമാറിന് ആശംസകൾ നേർന്നു.
പിറന്നാൾ ആശംസകൾ നന്ദി പറഞ്ഞ് അക്ഷയ് കുമാർ സമൂഹമാധ്യമത്തിൽ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്. 'എന്നിൽ വിശ്വസിച്ച, എന്നെ നയിച്ച എല്ലാവർക്കും, ഇത് എന്റെയും നിങ്ങളുടെയും യാത്രയാണ്. എല്ലാ ദയാപ്രവൃത്തികൾക്കും നിരുപാധിക പിന്തുണക്കും പ്രോത്സാഹന വാക്കുകൾക്കും 'നന്ദി' പറയാൻ ഞാൻ ഇവിടെയുണ്ട്. നിങ്ങളില്ലാതെ ഞാൻ ഒന്നുമല്ല; എന്റെ ജന്മദിനം ഇപ്പോഴും എന്നിൽ വിശ്വസിക്കുന്ന എല്ലാവർക്കും വേണ്ടിയുള്ള സമർപ്പണമാണ്' - അക്ഷയ് കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

