'ഇത്തവണ വലിയ ആളുകളൊക്കെ വന്നു; ഒരുക്കങ്ങൾക്ക് യോഗി സാഹബിന് നന്ദി' -കുംഭമേളയെക്കുറിച്ച് അക്ഷയ് കുമാർ
text_fieldsമഹാകുംഭമേളയിൽ സാന്നിധ്യമായി ബോളിവുഡ് നടൻ അക്ഷയ്കുമാറും. തിങ്കളാഴ്ച രാവിലെയാണ് അക്ഷയ് കുമാര്‍ പ്രയാഗ്‌രാജിലെത്തിയത്. ഇത്തവണ സമൂഹത്തിലെ ഉന്നതസ്ഥാനീയരായ നിരവധിപേർ കുഭമേളക്കെത്തിയെന്ന് പറഞ്ഞ അക്ഷയ് കുമാർ, പ്രയാഗ്‌രാജിലെ സജ്ജീകരണങ്ങള്‍ക്ക് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നന്ദി അറിയിച്ചു. ഇക്കുറി സിനിമയിലെ സൂപ്പർ താരങ്ങൾ മാത്രമല്ല, ഗൗതം അദാനി ഉൾപ്പെടെയുള്ള വമ്പൻ ബിസിനസുകാരും വിദേശികളുമൊക്കെ ഇവിടേക്ക് എത്തിയെന്ന് ബി.ജെ.പി അനുഭാവി കൂടിയായ അക്ഷയ് കുമാർ പറഞ്ഞു.
'2019-ലെ കുംഭമേള എനിക്കോര്‍മയുണ്ട്. ആളുകള്‍ക്ക് അന്ന് വളരെ ബുദ്ധിമുട്ടായിരുന്നു. ഇത്തവണ ഒരുപാട് ആളുകള്‍ വന്നു. കുംഭമേള ക്രമീകരണങ്ങൾ വളരെ മികച്ചതാണ്. എല്ലാവരേയും വളരെയധികം ശ്രദ്ധിച്ച എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും എല്ലാ പ്രവർത്തകർക്കും നന്ദി പറയുന്നു. ഇവിടെ നല്ല സജ്ജീകരണമൊരുക്കിയ യോഗി സാഹബിനും നന്ദി' -അക്ഷയ് കുമാർ പറഞ്ഞു. മഹാ കുംഭമേള അവസാനിക്കാൻ രണ്ടു ദിവസം മാത്രം ബാക്കി നിൽക്കെയാണ് അക്ഷയ് കുമാർ ഇവിടേക്ക് എത്തിയത്.
ജനുവരി 13ന് ആരംഭിച്ച മഹാ കുംഭമേള ഫെബ്രുവരി 26ന് സമാപിക്കുന്നത് ശിവരാത്രി ദിവസത്തെ സ്‌നാനത്തോടെയാണ്. ഇതുവരെ 62 കോടിയിലധികം ഭക്തജനങ്ങളാണ് പ്രയാഗ് രാജില്‍ എത്തിയതെന്ന് ഉത്തർ പ്രദേശ് സര്‍ക്കാര്‍ അവകാശപ്പെട്ടു. അക്ഷയ് കുമാറിനുപുറമെ നടിമാരായ കത്രീന കൈഫ്, ജൂഹി ചൗള, പ്രീതി സിന്റ, തമന്ന ഭാട്ടിയ, നടന്മാരായ വിക്കി കൗശൽ, വിവേക് ഒബ്റോയ്, അനുപം ഖേർ, വിദ്യുത് ജാംവാൾ, കബീർ ഖാൻ, കൈലാഷ് ഖേർ, ബോണി കപൂർ, മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡേ തുടങ്ങിയവര്‍ മഹാകുംഭമേളയിൽ പങ്കെടുക്കാനെത്തിയവരിൽ ഉൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

