ആകാൻക്ഷ ദുബെയുടെ മരണം: ഗായകൻ സമർ സിങ് അറസ്റ്റിൽ
text_fieldsപ്രമുഖ ഭോജ്പുരി നടി ആകാൻക്ഷ ദുബെയുടെ മരണത്തിൽ ഗായകൻ സമർ സിങ് അറസ്റ്റിലായി. ഗാസിയാബാദിൽ നിന്നാണ് ഇയാൾ അറസ്റ്റിലായത്. തന്‍റെ മകൾ ജീവനൊടുക്കാൻ കാരണം സമർ സിങ്ങാണെന്ന് നടിയുടെ അമ്മ ആരോപിച്ചിരുന്നു. ഇവർ നൽകിയ പരാതിയിൽ സമർ സിങ്ങിന്‍റെ സഹോദരനെതിരെയും ആരോപണമുണ്ടായിരുന്നു.
വിദേശത്തേക്ക് കടക്കാൻ ഒരുങ്ങുകയാണ് സമർ എന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. ഇതോടെ പൊലീസ് ഇയാൾക്കുവേണ്ടി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കുകയായിരുന്നു.
25കാരിയായ ആകാൻക്ഷ ഹോട്ടൽ മുറിയിൽ ജീവനൊടുക്കുകയായിരുന്നു. ഷൂട്ടിങ്ങിനായി ഉത്തർപ്രദേശിലെ വരണാസിയിൽ എത്തിയ നടി ഹോട്ടലിലേക്ക് പോയിരുന്നു. പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സമൂഹ മാധ്യമങ്ങളിൽ സജീവമായ ആകാൻക്ഷ മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് തന്റെ പുതിയ നൃത്ത വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയിൽ സമർ സിങ്ങുമായുള്ള പ്രണയത്തെ കുറിച്ച് ആകാൻക്ഷ വെളിപ്പെടുത്തിയിരുന്നു. പതിനേഴാം വയസ്സിൽ മേരി ജംഗ് മേരാ ഫേസ്ലാ എന്ന ചിത്രത്തിലൂടെയാണ് ആകാൻക്ഷ അഭിനയരംഗത്ത് എത്തുന്നത്. മുജ്സേ ഷാദി കരോഗി, വീരോൻ കീ വീർ, ഫൈറ്റർ കിംഗ്, കസം പയ്ദാ കർനാ കി തുടങ്ങിയവയാണ് നടിയുടെ പ്രധാന ചിത്രങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

