'മക്കളെ മികച്ച മൂല്യങ്ങളോടെ വളർത്തിയ ആഴമുള്ള വ്യക്തിത്വത്തിന് ഉടമയായിരുന്നു അവർ'; അജിത് കുമാറിന്റെ മാതാവ് മോഹിനി മണിയെ അനുസ്മരിച്ച് ഖുശ്ബു സുന്ദർ
text_fieldsതമിഴ് സിനിമാ ലോകത്തെ പ്രിയതാരം അജിത് കുമാറിന്റെ മാതാവ് മോഹിനി മണി (89) അന്തരിച്ചു. ചെന്നൈയിൽ വെച്ച് ശനിയാഴ്ച പുലർച്ചെ ഉറക്കത്തിനിടയിലാണ് അന്ത്യം സംഭവിച്ചത്. കുറച്ചുനാളുകളായി ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്ന അവർ, വാർദ്ധക്യസഹജമായ അവശതകളെത്തുടർന്നാണ് വിടവാങ്ങിയത്. ഈ വാർത്ത അറിഞ്ഞതോടെ സിനിമാ ലോകവും ആരാധകരും വലിയ ദുഃഖത്തിലാണ്. തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഉൾപ്പെടെയുള്ള പ്രമുഖർ അജിത്തിന്റെ വസതിയിലെത്തി അന്തിമോപചാരം അർപ്പിച്ചു.
അജിത്തിന്റെ മാതാവിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് പ്രമുഖ നടിയും ബി.ജെ.പി നേതാവുമായ ഖുശ്ബു സുന്ദർ സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ ഏറെ ശ്രദ്ധേയമായി. താരങ്ങളുടെ അമ്മമാരിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു മോഹിനി മണിയെന്ന് അവർ ഓർമിക്കുന്നു. "ഞാൻ അവരെ പലതവണ കണ്ടിട്ടുണ്ട്. വളരെ ലളിതമായ ജീവിതമാണ് അവർ നയിച്ചിരുന്നത്. ലൈംലൈറ്റിൽ നിന്ന് എപ്പോഴും അകലം പാലിച്ചു. മക്കളെ മികച്ച മൂല്യങ്ങളോടെ വളർത്തിയ ആഴമുള്ള വ്യക്തിത്വത്തിന് ഉടമയായിരുന്നു അവർ. നിങ്ങളെ വല്ലാതെ മിസ്സ് ചെയ്യും," ഖുശ്ബു തന്റെ കുറിപ്പിൽ വ്യക്തമാക്കി.
അമ്മയുടെ വിയോഗത്തെത്തുടർന്ന് കുടുംബം നൽകിയ ഔദ്യോഗിക കുറിപ്പിൽ സ്വകാര്യത മാനിക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്. സംസ്കാര ചടങ്ങുകൾ പൂർണ്ണമായും സ്വകാര്യമായി നടത്തുമെന്നും, ഒരു മാതാവിനെ നഷ്ടപ്പെടുന്നതിന്റെ വേദന എല്ലാവർക്കും മനസ്സിലാകുമെന്നും അജിത്തും കുടുംബവും അറിയിച്ചു. ഈ പ്രയാസകരമായ സമയത്ത് അജിത്തിന് ആശ്വാസം പകർന്ന് ആരാധകരും സഹപ്രവർത്തകരും വലിയ പിന്തുണയാണ് നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

