'നന്ദി ശാലൂ, എന്നെ ഓടാൻ വിടുന്നതിന്'; കാർ റേസിങ് വിജയത്തിന് പിന്നാലെ അജിത്തിന്‍റെ വാക്കുകൾ, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
text_fieldsഅഭിനയത്തോടൊപ്പം കാർ റേസിങ്ങിലും തിളങ്ങുകയാണ് തമിഴ് സൂപ്പർ താരം അജിത്. ഈ വർഷത്തെ 24എച്ച് ദുബൈ എൻഡുറൻസ് കാറോട്ട മത്സരത്തിൽ അജിത് കുമാറിന്‍റെ ടീം മികച്ച വിജയമാണ് നേടിയത്. ദുബൈയിൽ നടന്ന റേസിൽ അജിന്‍റെ ടീം മൂന്നാം സ്ഥാനം നേടി.
വിജയാഘോഷത്തിനിടെ അജിത്ത് ഭാര്യ ശാലിനിക്ക് നന്ദി പറഞ്ഞുകൊണ്ട് നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. 'നന്ദി ശാലൂ, എന്നെ ഓടാൻ വിടുന്നതിന്' എന്നായിരുന്നു അജിത്തിന്‍റെ വാക്കുകൾ. കയ്യടികളോടെയാണ് ചുറ്റുമുണ്ടായിരുന്നവർ ഇതിനോട് പ്രതികരിച്ചത്. ശാലിനിയും അജിത്തിന്‍റെ വാക്കുകളോട് ചിരിയോടെ പ്രതികരിച്ചു.
ദുബൈയിലെ കാറോട്ട മത്സരത്തിൽ തന്‍റെ ടീമിന്‍റെ വിജയം ഇന്ത്യൻ പതാക വീശിയാണ് അജിത്ത് ആഘോഷിച്ചത്. നാലു ദിവസം മുന്നേ പരിശീലനത്തിനിടെ അജിതിന്‍റെ വാഹനം അപകടത്തിൽപെട്ടിരുന്നു. ഏറെ ആശങ്കക്കൊടുവിലാണ് താരം മത്സരത്തിനിറങ്ങിയത്. അതിനാൽ, ഈ വിജയം താരത്തിനും ആരാധകർക്കും ഒരുപോലെ ആഹ്ലാദം പകരുന്നതായി മാറി. രജനികാന്ത്, കമൽ ഹാസൻ തുടങ്ങി നിരവധി പ്രമുഖർ അജിത്തിനെ അഭിനന്ദിച്ച് രംഗത്തെത്തി.
അപകടത്തിൽപെട്ടെങ്കിലും പരിക്കില്ലാതെ രക്ഷപ്പെട്ടതായി എക്സ് അക്കൗണ്ടിൽ വീഡിയോ ദൃശ്യങ്ങൾ പങ്കുവെച്ച് താരം വെളിപ്പെടുത്തിയിരുന്നു. ദുബൈയിലെ മത്സരത്തിന് മുന്നോടിയായി പരിശീലനം നടത്തവെയാണ് നടൻ ഓടിച്ച കാർ അപകടത്തിൽ പെട്ടത്. കാർ അതിവേഗത്തിൽ ക്രാഷ് ബാരിയറിലേക്ക് ഇടിക്കുന്നതും ശേഷം പലതവണ കറങ്ങിയ ശേഷം നിൽക്കുന്നതുമാണ് വിഡിയോയിലുണ്ടായിരുന്നത്. തകർന്ന കാറിൽ നിന്ന് അജിത് പരിക്കൊന്നും കൂടാതെ ഇറങ്ങിവന്ന് മറ്റൊരു വാഹനത്തിൽ കയറുന്നതും കാണാം.
ജനുവരി 11, 12, 13 തിയതികളിലായാണ് ദുബൈയിൽ കാർ റേസിങ് നടന്നത്. അന്താരാഷ്‌ട്ര കാർ റേസിങിൽ സ്വന്തമായ മേൽവിലാസം നേടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് അജിത് മത്സരത്തിൽ പങ്കെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

