Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘വെറും പ്രഹസനം’; വിമൽ ഏലാച്ചി പരസ്യത്തിനെതിരായ എഫ്.ഡി.എ നോട്ടീസിൽ അജയ് ദേവ്ഗൺ

text_fields
bookmark_border
‘വെറും പ്രഹസനം’; വിമൽ ഏലാച്ചി പരസ്യത്തിനെതിരായ എഫ്.ഡി.എ നോട്ടീസിൽ അജയ് ദേവ്ഗൺ
cancel

മുംബൈ: വിമൽ ഏലാച്ചിയുടെ പരസ്യത്തിൽ അഭിനയിച്ചതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര ഭക്ഷ്യ-മരുന്ന് നിയന്ത്രണ അതോറിറ്റി (എഫ്.ഡി.എ) നൽകിയ കാരണം കാണിക്കൽ നോട്ടീസ് ‘വെറും പ്രഹസനവും ഔപചാരികത മാത്രവു’മാണെന്ന് ബോളിവുഡ് താരം അജയ് ദേവ്ഗൺ. വിശദീകരണം പരിശോധിക്കുന്നതിനുമുമ്പുതന്നെ വിമൽ ഏലാച്ചിയുടെ പരസ്യത്തെ വിമൽ പാൻ മസാലയുടെ പ്രചാരണമായി കണക്കാക്കി അധികൃതർ തീരുമാനത്തിലെത്തിയെന്നും നോട്ടീസ് മുൻകൂട്ടി നിശ്ചയിച്ച നടപടിയുടെ ഭാഗമാണെന്നും അദ്ദേഹം ബോംബെ ഹൈകോടതിയിൽ സമർപ്പിച്ച ഹരജിയിൽ ആരോപിച്ചു.

ആഗസ്റ്റ് 16ന് നൽകിയ നോട്ടീസ് ഏകപക്ഷീയവും ദുരുദ്ദേശ്യപരവുമാണെന്നാണ് ദേവ്ഗണിന്റെ വാദം. നിയമനടപടികൾ ദുരുപയോഗം ചെയ്യുന്നതിന് തുല്യമാണ് എഫ്.ഡി.എയുടെ നടപടിയെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി. നവംബർ നാലിന് ഹൈകോടതി ഹരജി പരിഗണിച്ചേക്കും.

ഭക്ഷ്യസുരക്ഷാ-നിലവാര നിയമം 2006 പ്രകാരം നടന്മാരായ ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ, ടൈഗർ ഷ്റോഫ് എന്നിവർക്കാണ് എഫ്.ഡി.എ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. വിമൽ ബ്രാൻഡിന്റെ പാൻ മസാല, ഏലാച്ചി എന്നിവയുമായി ബന്ധപ്പെട്ട പരസ്യങ്ങളിൽ പങ്കെടുത്തതും അവയെ പ്രോത്സാഹിപ്പിച്ചതും നിയമലംഘനമാണെന്നായിരുന്നു അതോറിറ്റിയുടെ നിലപാട്.

പരസ്യപ്രചാരണം ഉടൻ അവസാനിപ്പിക്കണമെന്നും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽനിന്ന് പ്രചാരണ ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്നും ഉൽപന്നം പ്രോത്സാഹിപ്പിക്കുന്നതിനു മുമ്പ് നടത്തിയ പരിശോധനകളുടെയും മുൻകരുതലുകളുടെയും വിശദാംശങ്ങൾ സമർപ്പിക്കണമെന്നും എഫ്.ഡി.എ ആവശ്യപ്പെട്ടിരുന്നു.

മഹാരാഷ്ട്രയിൽ നിരോധിച്ച പാൻ മസാല, ഗുട്ക ഉൽപന്നങ്ങളുമായി വിമൽ ബ്രാൻഡിന് അടുത്ത ബന്ധമുണ്ടെന്നും അതിനാൽ വിമൽ ഏലാച്ചിയുടെ പേരിലുള്ള പരസ്യങ്ങൾ പരോക്ഷ പരസ്യപ്രചാരണത്തിന്റെ പരിധിയിൽ വരുമെന്നുമാണ് അതോറിറ്റിയുടെ വാദം. 2018ലെ ഭക്ഷ്യസുരക്ഷാ-നിലവാര പരസ്യ-അവകാശവാദ ചട്ടങ്ങളിലെ 24ാം വകുപ്പ് പ്രകാരം താരങ്ങൾ ഉൾപ്പെടെയുള്ള പൊതുപ്രവർത്തകർ തങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ഉൽപന്നങ്ങളുടെ കാര്യത്തിൽ ഉത്തരവാദിത്തമുള്ളവരാണെന്നും നിയമത്തെക്കുറിച്ച് അറിവില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാനാകില്ലെന്നും എഫ്.ഡി.എ വ്യക്തമാക്കിയിരുന്നു.

എന്നാൽ, ആഗസ്റ്റ് 21ന് നൽകിയ മറുപടിയിൽ വിമൽ ഏലാച്ചിയുടെ പരസ്യത്തിൽ മാത്രമാണ് താൻ പങ്കെടുത്തതെന്നും വിമൽ പാൻ മസാലയെ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും ദേവ്ഗൺ വിശദീകരിച്ചു. വിപണിയിൽ ലഭ്യമായതും വിൽപന നിരോധിക്കാത്തതുമായ ഉൽപന്നമാണ് വിമൽ ഏലാച്ചി. പരസ്യത്തിൽ മറ്റൊരു ഉൽപന്നത്തെക്കുറിച്ചും പരാമർശിച്ചിട്ടില്ല. പരസ്യത്തിൽ പങ്കെടുക്കുന്നതിനുമുമ്പ് ആവശ്യമായ പരിശോധനകൾ നടത്തിയിരുന്നു. വിമൽ ബ്രാൻഡിന്റെ പൊതുവായ പരസ്യത്തിൽ താൻ പങ്കെടുത്തിട്ടില്ലെന്നും പരസ്യം സംപ്രേഷണം ചെയ്യുന്നതിലോ കമ്പനിയുടെ ബിസിനസ് പ്രവർത്തനങ്ങളിലോ തനിക്ക് പങ്കില്ലെന്നും മറുപടിയിൽ വ്യക്തമാക്കി.

വിഷയത്തിൽ എഫ്.ഡി.എ മുൻവിധിയോടെയാണ് സമീപിച്ചതെന്നും ആരോപിക്കപ്പെട്ട നിയമലംഘനങ്ങളിൽ താൻ കുറ്റക്കാരനാണെന്ന് നേരത്തേതന്നെ തീരുമാനിച്ച നിലപാടാണ് അതോറിറ്റി സ്വീകരിച്ചതെന്നും ഹരജിയിൽ പറയുന്നു. നിയമാനുസൃതമായ ഉൽപന്നത്തിന്റെ നിയമാനുസൃത പരസ്യത്തിൽനിന്ന് ഉടൻ പിന്മാറണമെന്ന നിർദേശം ഭരണഘടന ഉറപ്പുനൽകുന്ന തൊഴിൽ ചെയ്യാനും ഉപജീവനമാർഗം തുടരാനുമുള്ള അവകാശത്തിന്മേലുള്ള നിയന്ത്രണമാണെന്നും ദേവ്ഗൺ വാദിച്ചു.

വിമൽ ഉൽപന്നങ്ങളുടെ നിർമാതാക്കൾ മഹാരാഷ്ട്ര എഫ്.ഡി.എയുടെ നോട്ടീസിനെതിരെ നൽകിയ ഹരജി സെപ്റ്റംബർ 14ന് ഡൽഹി ഹൈകോടതി തള്ളിയിരുന്നു. മഹാരാഷ്ട്രയിൽനിന്നുള്ള നടപടിയായതിനാൽ വിഷയം പരിഗണിക്കേണ്ടത് അവിടത്തെ കോടതിയാണെന്നായിരുന്നു ഡൽഹി ഹൈകോടതിയുടെ നിരീക്ഷണം. എന്നാൽ, പരസ്യപ്രചാരണം നിയമവിരുദ്ധമാണോ എന്ന കാര്യത്തിൽ കോടതി തീരുമാനമെടുത്തിരുന്നില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ajay Devgn on FDA notice over Vimal Elaichi advertisement
Next Story