ഐശ്വര്യ റായ് ഡൽഹി ഹൈകോടതിയിൽ; ആളുകൾ തന്റെ പേരും ഫോട്ടോയും ദുരുപയോഗം ചെയ്യുന്നത് തടയണമെന്ന് ആവശ്യം
text_fieldsഐശ്വര്യ റായ്
ന്യൂഡൽഹി: അനുവാദമില്ലാതെ ആളുകൾ തന്റെ സ്വകാര്യ ചിത്രങ്ങളും പേരും ദുരുപയോഗം ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചൻ ഡൽഹി ഹൈകോടതിയെ സമീപിച്ചു. തന്റെ സ്വകാര്യതയും വ്യക്തി എന്ന നിലയിലുള്ള അവകാശങ്ങളും സംരക്ഷിക്കണമെന്നും നടി ആവശ്യപ്പെട്ടു.
നടിയുടെ ചിത്രങ്ങൾ അനുവാദമില്ലാതെ ഉപയോഗിച്ചതിന്റെ രേഖകളും അവരുടെ അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ചു. അഭിഭാഷകനായ സന്ദീപ് സേഥിയാണ് ഐശ്വര്യ റായിക്കു വേണ്ടി ഡൽഹി ഹൈകോടതിയിൽ ഹാജരായത്.
ഐശ്വര്യയുടെ എ.ഐ ജനറേറ്റഡ് ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതും ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതുപോലെ വാണിജ്യ ആവശ്യങ്ങൾക്കായി ഐശ്വര്യയുടെ ചിത്രങ്ങളും ശബ്ദവും ഉപയോഗിക്കുന്നതിന് എതിരെയും പരാതിയുണ്ട്.
അനുമതിയില്ലാതെ ടീഷർട്ടുകളിലും വാൾപേപ്പറുകളിലും നടിയുടെ ചിത്രങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നുവെന്നാണ് ആരോപണം. അവരുടെ ചിത്രം ഉൾപ്പെടുത്തിയ കോഫി മഗുകൾ പോലും വ്യാപകമായി വിൽക്കുന്നുണ്ട്.
''യൂട്യൂബിൽ ഐശ്വര്യ റായിയുടെ എന്ന പേരിൽ മോർഫ് ചെയ്ത ചിത്രങ്ങളുടെ സ്ക്രീൻ ഷോട്ടുകൾ പ്രചരിക്കുന്നുണ്ട്. അതൊന്നും ഐശ്വര്യ റായിയുടെ യഥാർഥ ചിത്രങ്ങളല്ല. ആ ചിത്രങ്ങൾ തന്റേതാണെന്ന് അവർ അംഗീകരിച്ചിട്ടുമില്ല. എല്ലാം എ.ഐ സൃഷ്ടിച്ചതാണ്. അതോടൊപ്പം ഐശ്വര്യയുടെ ഇന്റിമേറ്റ് ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. ചില കോഫി കപ്പുകളിൽ പോലും നടിയുടെ ചിത്രം ഉപയോഗിക്കുന്നുണ്ട്. ചിലരുടെ ലൈംഗിക താൽപര്യങ്ങൾ നിറവേറ്റാനായി അവരുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യുകയാണ്. ഇത് ദൗർഭാഗ്യകരമാണ്''-സന്ദീപ് സേഥി മാധ്യമങ്ങളോട് പറഞ്ഞു.
ഹരജിയിൽ വാദം കേട്ടശേഷം അനുമതിയില്ലാതെ ചിത്രങ്ങൾ ഉപയോഗിക്കുന്നത് തടയാൻ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാമെന്ന് ഡൽഹി ഹൈകോടതി വ്യക്തമാക്കി. ഉത്തരവ് ഡൽഹി ഹൈകോടതിയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. കേസ് വിശദമായി വാദം കേൾക്കാൻ 2026 ജനുവരി 15ലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

