'രാജ്യത്തോടൊപ്പം നിൽക്കുന്നു'; മുംബൈയിൽ നടത്താനിരുന്ന പരിപാടി റദ്ദാക്കി സൽമാൻ ഖാൻ
text_fieldsഅഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ ബോളിവുഡ് നടൻ സൽമാൻ ഖാനും ഇന്ത്യൻ സൂപ്പർക്രോസ് റേസിങ് ലീഗും മുംബൈയിൽ നടത്താനിരുന്ന പരിപാടി റദ്ദാക്കി. ഇന്ത്യൻ സൂപ്പർക്രോസ് റേസിങ് ലീഗ് സംഘടിപ്പിക്കുന്ന പരിപാടിയിൽ സൽമാൻ ഖാൻ പങ്കെടുക്കേണ്ടതായിരുന്നു. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ റേസിങ് ലീഗും സൽമാൻ ഖാനും സംയുക്തമായി പരിപാടി റദ്ദാക്കാൻ തീരുമാനിച്ചതായി ഇന്ത്യൻ സൂപ്പർക്രോസ് റേസിങ് ലീഗിന്റെ സ്ഥാപകനായ ഈഷൻ ലോഖണ്ഡെ പ്രസ്താവനയിൽ പറഞ്ഞു.
'ഇന്ത്യൻ സൂപ്പർക്രോസ് റേസിങ് ലീഗും സൽമാൻ ഖാനും ഈ ദുഷ്‌കരമായ സമയത്ത് ഐക്യത്തോടെ രാജ്യത്തോടൊപ്പം നിൽക്കുന്നു. ഞങ്ങളുടെ അനുശോചനങ്ങളും പ്രാർഥനകളും ദുരിതബാധിത കുടുംബങ്ങളോടൊപ്പമുണ്ട്. സംയുക്തമായി, ഈ പരിപാടി മറ്റൊരു തീയതിയിലേക്ക് പുനഃക്രമീകരിക്കാൻ ഞങ്ങൾ ഉത്തരവാദിത്തമുള്ള തീരുമാനമെടുത്തു' -ഇന്ത്യൻ സൂപ്പർക്രോസ് റേസിങ് ലീഗിന്റെ സ്ഥാപകൻ ഈഷൻ ലോഖണ്ഡെ പ്രസ്താവനയിൽ പറഞ്ഞു.
പരിപാടിക്ക് മണിക്കൂറുകൾക്ക് മുമ്പ്, സൽമാൻ ഖാൻ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ലീഗുമായി ബന്ധപ്പെട്ട ഒരു വിഡിയോ പങ്കിട്ടിരുന്നു. അക്ഷയ് കുമാർ, സണ്ണി ഡിയോൾ, വിക്കി കൗശൽ, ആലിയ ഭട്ട്, ജാൻവി കപൂർ, സോനു സൂദ് എന്നിവരുൾപ്പെടെ നിരവധി സിനിമ താരങ്ങൾ സോഷ്യൽ മീഡിയയിൽ വിമാനാപകടത്തിൽ അനുശോചനം രേഖപ്പെടുത്തി.
അഹമ്മദാബാദിൽ നിന്ന് ലണ്ടനിലെ ഗാറ്റ്വിക്ക് വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീംലൈനർ ആണ് പറന്നുയർന്നതിന് തൊട്ടുപിന്നാലെ തകർന്നുവീണത്. 290 ലധികം പേർ മരിച്ചതായാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. ജീവനക്കാരുൾപ്പെടെ 242 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഒരാൾ മാത്രമാണ് രക്ഷപ്പെട്ടു. തകർന്ന വിമാനം വന്നുപതിച്ച ഹോസ്റ്റൽ കെട്ടിടത്തിലുണ്ടായിരുന്ന അഞ്ച് വിദ്യാർഥികളും മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

