സംവിധായകൻ സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ചുല്ലസിക്കുകയായിരുന്നു; ഷൂട്ട് തുടങ്ങാനായി അവരുടെ പാർട്ടി തീരാൻ ഞങ്ങൾക്ക് കാത്തിരിക്കേണ്ടി വന്നു -നാൻസി റാണി വിവാദത്തിൽ പ്രതികരണവുമായി അഹാന
text_fieldsഅഹാന കൃഷ്ണ
നാൻസി റാണി എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നീണ്ട കുറിപ്പിലൂടെ പ്രതികരണവുമായി നടി അഹാന. അഹാന ചിത്രത്തിന്റെ പ്രമോഷനുമായി സഹകരിച്ചില്ലെന്നായിരുന്നു ഉയർന്ന ആരോപണം. അതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോൾ നടി. സിനിമയുടെ സെറ്റിൽ സംവിധായകൻ മനു ജോസഫ് ജെയിംസ് പലപ്പോഴും മദ്യപിച്ചെത്തിയത് ബുദ്ധിമുട്ടുകളുണ്ടാക്കിയെന്നാണ് അഹാന കുറിപ്പിൽ പറയുന്നത്. സിനിമയെ കുറിച്ച് കൃത്യമായ ധാരണയോ പ്രഫഷണലിസമോ ഇല്ലാത്ത സെറ്റായിരുന്നു നാൻസി റാണിയുടേത്. സംവിധായകന്റെ തെറ്റുകൾ മറച്ചുവെക്കാൻ തനിക്കെതിരെ വാസ്തവരഹിതമായ വാർത്തകൾ പ്രചരിപ്പിച്ചു. താൻ ഡ്രഗ് ഉപയോഗിക്കുന്നുണ്ടെന്ന് പറഞ്ഞു നടന്നു. സിനിമയിൽ താനറിയാതെ മറ്റൊരാളെ കൊണ്ട് ഡബ്ബ് ചെയ്യിപ്പിച്ചുവെന്നും അഹാന ആരോപിക്കുന്നു.
2023ൽ സംവിധായകൻ അന്തരിച്ചതിനെ തുടർന്ന് ഭാര്യ നയനയായിരുന്നു സിനിമയുടെ പ്രൊഡക്‌ഷനും റിലീസിന്റെ കാര്യങ്ങളും നോക്കിയത്. സിനിമ റിലീസിന് ഒരുങ്ങുന്നതിനിടയിൽ നായിക അഹാന സിനിമയുടെ പ്രമോഷനുമായി സഹകരിക്കുന്നില്ലെന്ന് പരസ്യമായി ആരോപിച്ച് അവർ രംഗത്തു വന്നതോടെയാണ് വിഷയം വീണ്ടും ചർച്ചയായത്.
അഹാനയും മനുവിനും ഇടയിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരിക്കാം. അതു നടന്നിട്ട് മൂന്നുവർഷം കഴിഞ്ഞു. മാനുഷിക പരിഗണനയെങ്കിലും കണക്കിലെടുത്ത് അഹാനക്ക് പ്രമോഷന് വരാമായിരുന്നു എന്നാണ് നയന വാർത്തസമ്മേളനത്തിൽ പറഞ്ഞത്.
അതിന് അഹാന നൽകിയ മറുപടി ഇങ്ങനെയായിരുന്നു:
നാന്‍സി റാണി വിവാദത്തിൽ എന്‍റെ ഭാഗത്തെക്കുറിച്ച് പറയട്ടെ...ഇതൊരു നീണ്ട കുറിപ്പാണ്. അതിനാൽ അതിനെക്കുറിച്ച് അറിയാൻ നിങ്ങൾക്ക് ശരിക്കും ജിജ്ഞാസയുണ്ടെങ്കിൽ മാത്രം വായിക്കുക.ചുരുക്കത്തിൽ പ്രൊഫഷണലായും വ്യക്തിപരമായും സംവിധായകൻ മനുവിൽ നിന്നും ഭാര്യയിൽ നിന്നും അസുഖകരമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പലപ്പോഴും മനു സെറ്റിൽ എത്തിയിരുന്നത് മദ്യപിച്ചായിരുന്നു. അദ്ദേഹത്തിന്‍റെ സുഹൃത്തുക്കൾക്കൊപ്പമെത്തി കാരവാനിൽ ഇരുന്ന് മദ്യപിച്ചുല്ലസിക്കുകയായിരുന്നു. ഞാനടക്കമുള്ള അഭിനേതാക്കൾ, സാങ്കേതിക വിദഗ്ധർ, സെറ്റിലുള്ളവരൊക്കെ അവരുടെ പാർട്ടി അവസാനിച്ച് ഷൂട്ടിങ് ആരംഭിക്കാൻ വേണ്ടി കാത്തിരിക്കും. പലപ്പോഴായി ഇതാവർത്തിച്ചപ്പോൾ ഷൂട്ട് ആരംഭിക്കാൻ പറഞ്ഞ് മനുവിന് ഞാൻ മെസ്സേജ് അയച്ചു. ഇതിന്‍റെ ഒക്കെ തെളിവുകൾ എന്‍റെ പക്കലുണ്ട്.
സെറ്റിൽ ഒന്നും ഷെഡ്യൂൾ പ്രകാരം അല്ലായിരുന്നു നടന്നിരുന്നത്. അവർക്ക് എപ്പോഴാണോ തോന്നുന്നത് അപ്പോൾ ആരംഭിക്കും, നിർത്താൻ തോന്നുമ്പോൾ അവർ നിർത്തും എന്നതായിരുന്നു രീതി. ഒരുപാട് ദിവസം നീണ്ടുനിൽക്കുന്ന ഷൂട്ടായിരുന്നു അത്. 2020 ഫെബ്രുവരി മുതൽ 2021 ഡിസംബർ വരേയായിരുന്നു തീരുമാനിച്ചിരുന്നത്. ഷൂട്ട് എപ്പോൾ തീരും എന്നതിനെക്കുറിച്ച് മനുവിന് തന്നെ ഒരു വ്യക്തത ഉണ്ടായിരുന്നില്ല. പ്രൊഫഷണലായിട്ടായിരുന്നില്ല കാര്യങ്ങൾ നടന്നിരുന്നത്. എല്ലായ്പ്പോഴും കുഴപ്പം നിറഞ്ഞതായിരുന്നു ചിത്രീകരണം. എന്താണ് നടക്കുന്നതെന്ന് അസിസ്റ്റന്റ് ഡയറക്ടർക്ക് അറിയില്ല, കോസ്റ്റ്യൂം മിസ്സാകുന്നു, ഡയറക്ടറുടേയും സംഘത്തിന്റേയും ഇടയിലെ ആവശ്യമില്ലാത്തെ ഗോസിപ്പുകൾ, യാതൊരു വ്യക്തതയുമില്ലാതെ അഭിനേതാക്കളും സാങ്കേതിക വിദഗ്ദരും വന്ന് കാത്തിരിക്കേണ്ട അവസ്ഥ, പണത്തിനോ സമയത്തിനോ മറ്റെന്തിനും ഒരു വിലയും കൽപ്പിക്കാത്ത ഡയറക്ടർ, അദ്ദേഹത്തിന് വേണ്ട സമയത്ത് ആരംഭിക്കുകയും വേണ്ട സമയത്ത് അവസാനിപ്പിക്കുകയും ചെയ്യുന്ന സെറ്റ്. ഇതൊക്കെയാണ് സിനിമയുടെ പിന്നണിയിൽ നടന്ന കാര്യം.
2021ൽ ചിത്രീകരണം കഴിഞ്ഞ ശേഷം അടുത്ത ഷെഡ്യൂൾ എപ്പോഴാണെന്ന് അറിയിക്കണമെന്ന് പറഞ്ഞിരുന്നു. എന്നാൽ അദ്ദേഹം എന്നെ ബന്ധപ്പെട്ടില്ല. ഒരു മാസത്തിന് ശേഷം ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റ് കണ്ടു. ഡബ്ബിങ് ഫീമെയിൽ ആർട്ടിസ്റ്റ് വേണമെന്ന ആവശ്യമായിരുന്നു പോസ്റ്റ്. സംശയം തോന്നിയ ഞാൻ അപ്പോൾ തന്നെ മനുവിനും നയനയ്ക്കും മെസ്സേജ് അയച്ചു. രണ്ടുപേരും മെസ്സേജ് അവഗണിക്കുകയാണ് ചെയ്തത്. പിന്നീടാണ് അറിഞ്ഞത് എന്റെ റോളിന് മറ്റൊരാളെക്കൊണ്ട് ഡബ്ബ് ചെയ്യിക്കുകയായിരുന്നുവെന്ന്. ഇത് കേട്ടപ്പോൾ ഞാൻ ഷോക്കായിപ്പോയി.
തന്റെ അഭിനയം നല്ലതോ മോശമോ എന്നതായിരുന്നില്ല ഇതിന് പിന്നിൽ, വെറും ഈഗോ ആയിരുന്നുവെന്നാണ് താൻ മനസ്സിലാക്കുന്നത്. ആദ്യം ഡബ്ബ് ചെയ്തത് ശരിയായില്ലെന്നും പറഞ്ഞ് രണ്ട് മാസത്തിന് ശേഷം വീണ്ടും മനു തന്നെ സമീപിച്ചു. എന്നാൽ തന്നോട് ചോദിക്കാതെ തന്റെ കഥാപാത്രത്തിന് മറ്റൊരാളെക്കൊണ്ട് ഡബ്ബ് ചെയ്യിപ്പിച്ച അൺപ്രൊഫഷണൽ കാര്യത്തിൽ സംസാരിക്കാനുണ്ടെന്നും നേരിട്ട് കാണണമെന്നും പറഞ്ഞെങ്കിലും അദ്ദേഹം തയ്യാറായില്ല.
സിനിമയിൽ പ്രവർത്തിച്ച, സിനിമ കണ്ട ആൾ അടുത്തിടെ തന്നോട് പറഞ്ഞത്, ചിത്രത്തിന് ഡബ്ബ് ചെയ്ത് വെച്ചിരിക്കുന്നത് മോശമെന്നാണ്. ഇത് ശരിയാണോ എന്നെനിക്കറിയില്ല. മാത്രമല്ല ക്ലൈമാക്സിൽ ചില മാറ്റങ്ങളും ഉണ്ടെന്നാണ് പറയുന്നത്. മറ്റൊരാളെ വെച്ച് എന്റെ കഥാപാത്രമായിട്ടഭിനയിപ്പിച്ചോ എന്നെനിക്കറിയില്ല. അതിനുള്ള സാധ്യതയും ഉണ്ട്. എനിക്ക് വേണ്ടി മറ്റൊരാൾ ഡബ്ബ് ചെയ്തിട്ടുണ്ടെങ്കിൽ എനിക്ക് വേണ്ടി മറ്റൊരാളെ അഭിനയിച്ചിരിക്കാനും സാധ്യതയുണ്ട്. ഒരുദിവസം നയന എന്റെ അമ്മയെ വിളിച്ച് ഡബ്ബിങ്ങുമായി ബന്ധപ്പെട്ട് സംസാരിച്ചു. മറ്റൊരാളെ വെച്ച് ഡബ്ബ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് നയനയോട് അമ്മ ചോദിച്ചപ്പോൾ ഞാൻ പ്രൊഫഷണൽ അല്ലെന്നായിരുന്നു അവർ അമ്മയോട് പറഞ്ഞത്. എന്നാൽ അങ്ങനെ അല്ലെന്നും സെറ്റിൽ സംഭവിച്ച കാര്യങ്ങളും അമ്മ തിരിച്ച് പറഞ്ഞപ്പോൾ, 'എന്റെ ഭർത്താവ് മദ്യം മാത്രമാണ് ഉപയോഗിക്കുന്നത്, എന്നാൽ നിന്റെ മകൾ ഡ്രഗ്സിലാണ്' എന്നായിരുന്നു അവരുടെ മറുപടി. വാക്കുകൾ ശ്രദ്ധിച്ച് വേണമെന്ന് പറഞ്ഞ് ആ സംഭാഷണം അമ്മ അവസാനിപ്പിച്ചു. എന്നാൽ അടുത്തിടെ നയനയുടെ അഭിമുഖങ്ങളിൽ പറയുന്നതൊക്കെയും തിരിച്ചാണ്.
പിന്നീടൊരിക്കൽ എന്റെ സുഹൃത്തായ നടിയെ കണ്ടുമുട്ടിയപ്പോൾ അവർ എന്നോട് പറഞ്ഞു, അഹാന നല്ലൊരു നടിയാണെന്ന് മനുപറഞ്ഞുവെന്ന്. എന്നാൽ എന്റെ സ്വഭാവം കൊള്ളില്ല, അൺപ്രൊഫഷണൽ ആണ്. സെറ്റിൽ വൈകിയേ എത്തൂ. ഷൂട്ടിങ് ടൈമിലൊക്കെ യാത്ര പോകാറാണ് പതിവ്. മാത്രമല്ല ലഹരി ഉപയോഗിക്കുന്നത് കൊണ്ടുള്ള പ്രശ്നവുമുണ്ടെന്ന്. ഞാൻ അത്തരക്കാരിയെല്ലെന്ന് അറിയാവുന്നത് കൊണ്ടായിരിക്കാം അവർ എന്നോട് മനു പറഞ്ഞ കാര്യങ്ങളൊക്കെ പറഞ്ഞത്. മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നും ലീഗൽ നോട്ടീസ് നൽകുമെന്നും അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ മനു എന്നോട് അയാൾ ചെയ്ത തെറ്റിൽ മാപ്പ് പറഞ്ഞിരുന്നു. പ്രശ്നങ്ങൾ പരിഹരിക്കാമെന്നും അദ്ദേഹം ഉറപ്പു നൽകിയിരുന്നു. എന്നാൽ ഇത് കഴിഞ്ഞ് 20 ദിവസത്തിന് ശേഷം അദ്ദേഹം മരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.