'ലോക'യുടെ അടുത്ത ഭാഗത്തിൽ ഉണ്ടാകുമോ? അഹാനയുടെ മറുപടി ഇങ്ങനെ...
text_fieldsമലയാളത്തിൽ നിന്ന് ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ചിത്രമായി മാറിയിരിക്കുകയാണ് ലോക ചാപ്റ്റർ 1 ചന്ദ്ര. ഡൊമനിക് അരുൺ സംവിധാനം ചെയ്ത ചിത്രത്തിൽ കല്യാണി പ്രിയദർശനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാളത്തിലെ ആദ്യ വനിത സൂപ്പർ ഹീറോ ചിത്രമായ ലോക ദുൽഖർ സൽമാന്‍റെ വേഫെറർ ഫിലിംസാണ് പ്രദർശനത്തിന് എത്തിച്ചത്.
ചിത്രത്തിൽ അഹാന കൃഷ്ണയും അതിഥി വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ലോകയിലെ വേഷത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കുള്ള അഹാനയുടെ മറുപടി വൈറലാണ്. അടുത്ത ഭാഗത്തിൽ ഉണ്ടാകുമോ എന്ന ചോദ്യത്തിന് 'ഉണ്ടാവുമായിരിക്കും' എന്നാണ് ചിരിച്ചുകൊണ്ട് താരം മറുപടി പറഞ്ഞത്.
ലോക എന്ന് പേരുള്ള സൂപ്പർ ഹീറോ സിനിമാറ്റിക് യൂനിവേഴ്സിലെ ആദ്യ ചിത്രമാണ് ലോക-ചാപ്റ്റർ വൺ: ചന്ദ്ര. ദുൽഖർ സൽമാന്‍റെ വേഫെറർ ഫിലിംസ് നിർമിച്ച ഏഴാമത്തെ ചിത്രമാണ് ലോക. അഞ്ച് ചാപ്റ്ററുകളായാണ് ചിത്രം നിർമിക്കുന്നതെന്ന് സംവിധായകൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
നസ്ലെൻ സാൻഡി മാസ്റ്റർ, ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ലോകയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ദുൽഖർ സൽമാൻ, ടൊവിനോ തോമസ് തുടങ്ങിയ നിരവധി താരങ്ങൾ ചിത്രത്തിൽ അതിഥി വേഷങ്ങളിൽ എത്തുന്നു.
അതേസമയം, ആഗസ്റ്റ് 28നാണ് ചിത്രം തിയറ്ററിൽ എത്തിയത്. ചിത്രത്തിന്‍റെ ഒ.ടി.ടി റിലീസിനെക്കുറിച്ചുള്ള അപ്ഡേറ്റിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. എന്നാൽ ദുൽഖർ ലോകയുടെ ഒ.ടി.ടി റിലീസുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരുന്നു. 'ലോക ഉടനൊന്നും ഒ.ടി.ടിയിൽ വരില്ല. വ്യാജ വാർത്തകൾ അവഗണിക്കൂ, ഔദ്യോഗിക അറിയിപ്പുകൾക്കായി കാത്തിരിക്കൂ!' എന്നാണ് ദുൽഖർ അറിയിച്ചത്.
അതേസമയം, ലോകയുടെ ഡിജിറ്റൽ അവകാശങ്ങൾ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ നെറ്റ്ഫ്ലിക്സോ സിനിമയുടെ നിർമാതാക്കളോ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. സെപ്റ്റംബർ അവസാന വാരത്തിൽ ചിത്രം പ്രീമിയർ ചെയ്യാൻ കഴിയുമെന്നാണ് വൺ ഇന്ത്യയിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

