എനിക്ക് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചപ്പോള്‍ ആഘോഷങ്ങളോ ആദരവോ ഉണ്ടായിരുന്നില്ല -അടൂര്‍ ഗോപാലകൃഷ്ണന്‍
text_fieldsരണ്ട് ദശാബ്ദത്തിന് മുമ്പ് തനിക്ക് ദാദാസാഹെബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചപ്പോള്‍ ആഘോഷങ്ങളോ ആദരവ് പ്രകടിപ്പിക്കലോ ഉണ്ടായിരുന്നില്ലെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ച മോഹൻലാലിനെ സർക്കാർ ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്‍. 2004ലാണ് അടൂരിന് അവാർഡ് ലഭിച്ചത്. മോഹൻലാലിനെ സർക്കാർ ആദരിച്ചതിൽ തനിക്ക് സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
'എനിക്ക് മോഹന്‍ലാലിനൊപ്പം പ്രവര്‍ത്തിക്കാന്‍ ഇനിയും അവസരം കിട്ടിയിട്ടില്ല. അത് സംഭവിച്ചില്ല. പക്ഷേ, മോഹന്‍ലാലിന്റെ കഴിവുകളെപ്പറ്റി അങ്ങേയറ്റം അഭിമാനിക്കുകയും ആദരവ് നല്‍കുകയും ചെയ്യുന്ന ഒരാളാണ് ഞാന്‍. മോഹന്‍ലാലിന് അഭിനയത്തിനുള്ള ആദ്യത്തെ ദേശീയ അവാര്‍ഡ് നല്‍കുന്ന ജൂറിയുടെ അധ്യക്ഷനായിരുന്നു ഞാന്‍. അദ്ദേഹത്തിന് ദേശീയതലത്തിലുള്ള ബഹുമതികള്‍ ആരംഭിക്കുന്നത് അവിടെയാണ്. അക്കാര്യത്തില്‍ എനിക്ക് അഭിമാനവും സന്തോഷവുമുണ്ട്' -അടൂര്‍ പറഞ്ഞു.
'രണ്ട് ദശാബ്ദത്തിന് മുമ്പ് ഈ അവാർഡ് എനിക്ക് ലഭിക്കുമ്പോൾ ഇതുപോലെയുള്ള ആഘോഷങ്ങളോ ആദരവോ ഒന്നും ഉണ്ടായിരുന്നില്ല, ഇപ്പോൾ മുഖ്യമന്ത്രിയും സർക്കാറും പ്രത്യേക താൽപ്പര്യമെടുത്താണ് അദ്ദേഹത്തിനെ ആദരിക്കുന്നത്. എനിക്കതിൽ സന്തോഷവും അഭിമാനവും ഉണ്ട്. മലയാളത്തിന്‍റെ വലിപ്പം ഇവിടെയുള്ള എല്ലാവർക്കും അറിയാം. അത് പ്രതിനിധീകരിച്ച ആളാണ് മോഹൻലാൽ. ഓരോ മലയാളിക്കും തങ്ങളുടെ പ്രതിബിംബം ഈ നടനിൽ കാണാം. അതുകൊണ്ടാണ് മലയാളികൾ മോഹൻലാലിനെ സ്നേഹിക്കുന്നത്' -അടൂർ കൂട്ടിച്ചേർത്തു.
അതേസമയം, ഏതു കലാകാരനും ലഭിക്കുന്ന പുരസ്കാരങ്ങൾ ഏറ്റുവാങ്ങുന്നത് അയാളുടെ കരങ്ങൾ ആണെങ്കിലും അത് എത്തിച്ചേരുന്നത് അയാളെ സൃഷ്ടിക്കുന്നതിൽ വലിയ പങ്കുവഹിച്ച സമൂഹത്തിലേക്കാണെന്ന് ആദരവ് സ്വീകരിച്ചുകൊണ്ട് മോഹൻലാൽ പറഞ്ഞു. അഭിനയമാണ് തന്റെ ദൈവമെന്നും കാഴ്ചക്കാരില്ലെങ്കിൽ കലാകാരനോ കലാകാരിയോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ലഭിച്ച എല്ലാ പുരസ്കാരങ്ങളും മലയാളിക്കും മലയാളത്തിനും കേരളത്തിനാകെയും ലഭിച്ചവയാണ് എന്ന് താൻ കരുതുന്നതായും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ‘മലയാളം വാനോളം ലാൽസലാം’ എന്നായിരുന്നു പരിപാടിയുടെ പേര്. നിശാഗന്ധിയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ മോഹൻലാലിന് ആദരവ് അർപ്പിച്ചു. 21 വർഷങ്ങൾക്കുശേഷം പ്രിയ നടൻ മോഹൻലാലിലൂടെ ദാദാ സാഹെബ് ഫാൽക്കെ പുരസ്‌കാരം വീണ്ടും മലയാള മണ്ണിലെത്തിയ സന്തോഷത്തിലാണ് മലയാളികൾ. ഇന്ത്യൻ സിനിമക്ക് നൽകിയ സമഗ്രസംഭാവനക്കാണ് പുരസ്‌കാരം. തിരനോട്ടത്തിലൂടെ അഭിനയത്തിന് തുടക്കം കുറിച്ച മോഹൻലാൽ നടനായും നിർമാതാവായും സംവിധായകനായും ഗായകനായും 47 വർഷമായി സിനിമയുടെ അവിഭാജ്യഘടകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

