ഒന്നും ചെയ്യാനാവാതെ ഞാൻ വീട്ടിൽ ഇരിക്കാൻ കാരണം അദ്നാൻ സമി; വെളിപ്പെടുത്തലുമായി സഹോദരൻ ജുനൈദ് സമി ഖാൻ
text_fieldsഗായകൻ അദ്നാൻ സമിക്കെതിരെ രൂക്ഷ വിമർശനവുമായി സഹോദരൻ ജുനൈദ് സമി ഖാൻ. താൻ ഒന്നുമാകാതെ വീട്ടിൽ ഇരിക്കാൻ കാരണം അദ്നാൻ ആണെന്നും തന്റെ കഴിവിനെ ഭയപ്പെട്ടിരുന്നെന്നും ജുനൈദ് സോഷ്യൽ മീഡിയയിൽ കുറിച്ചു. കുറിപ്പ് വലിയ ചർച്ചയായതോടെ പോസ്റ്റ് നീക്കം ചെയ്തു.
1969 ആഗസ്റ്റ് 15ന് റാവൽപിണ്ടിയിലെ ആശുപത്രിയിലാണ് അദ്നാൻ സമി ജനിച്ചത്. 1973 ൽ അതെ ആശുപത്രിയിലാണ് എന്റേയും ജനനം. എന്നാൽ ഇംഗ്ലണ്ടിലാണ് ജനിച്ചതെന്നാണ് സ്വയം അവകാശപ്പെടുന്നത്. അത് പച്ചകള്ളമാണ്. ഇംഗ്ലണ്ടിലെ പരീക്ഷയിൽ പരാജയപ്പെട്ട അദ്ദേഹം ലാഹോറിൽ നിന്നാണ് ഡിഗ്രി നേടിയത്. പിന്നീട് അബുദാബിയിൽ നിന്ന് പ്രൈവറ്റായി എ ലെവൽസ് സ്വന്തമാക്കി- ജുനൈദ് പറഞ്ഞു.
അദ്നാൻ സമി വളരെ സ്വാർഥനായ മനുഷ്യനാണ്. ഞാനും പാടുമെന്ന് അറിയാമായിരുന്നു. സംഗീതപരമായി എന്നെ സഹായിക്കാമായിരുന്നു. പലരും അദ്ദേഹത്തിന്റെ ശബ്ദത്തെക്കാൾ മികച്ചത് എന്റേതാണെന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ സ്വന്തം ഉയർച്ച മാത്രം നോക്കി. എന്നെ ഇന്ത്യയിൽ പരിചയപ്പെടുത്തിയില്ല. കരിയറിൽ ഞാൻ ഉയരത്തിൽ എത്തുമെന്ന് ഭയപ്പെട്ടോ?. ഇന്ന് ഒന്നും ചെയ്യാനാവാതെ ഞാൻ വീട്ടിൽ ഇരിക്കുന്നു. അതിന്റെ പ്രധാന കാരണം അദ്നാൻ സമിയാണ്- ജുനൈദ് സോഷ്യൽ മീഡിയയിൽ കുറിച്ചു. പോസ്റ്റ് പിൻവലിച്ചെങ്കിലും സമൂഹമാധ്യമങ്ങളിൽ സ്ക്രീൻ ഷോർട്ട് വൈറലാണ്.

