‘230 കിലോ ശരീരഭാരം പകുതിയായി കുറച്ചത് ജീവിക്കാനുള്ള ആഗ്രഹം കൊണ്ട്’, അതിശയമായ അദ്നാൻ സമിക്ക് 54-ാം പിറന്നാൾ
text_fieldsഅദ്നാൻ സമി
ഗായകൻ അദ്‌നാൻ സമി തന്റെ 54-ാം ജന്മദിനം ആഘോഷിക്കുകയാണ്. 1971 ആഗസ്റ്റ് 15ന് ലണ്ടനിലാണ് അദ്‌നാൻ ജനിച്ചത്. അഞ്ച് വയസ്സിൽ തന്നെ അദ്നാൻ പാട്ടുപാടാൻ തുടങ്ങിയിരുന്നു. തന്റെ കുട്ടിക്കാലം പാകിസ്താനിലാണ് ചെലവഴിച്ചതെങ്കിലും പാകിസ്താനെ അപേക്ഷിച്ച് ഇന്ത്യയിലാണ് അദ്ദേഹത്തിന് ജനപ്രീതി കൂടുതൽ. അദ്നാന്‍റെ പിതാവ് പാകിസ്താനിയായിരുന്നു.
എന്നാൽ, അമ്മ കശ്മീരിൽ നിന്നുള്ളയാളായതിനാൽ കുട്ടിക്കാലം മുതലേ അദ്ദേഹത്തിന് ഇന്ത്യയോട് അടുപ്പമുണ്ടായിരുന്നു. 2016ലാണ് അദ്നാൻ ഇന്ത്യൻ പൗരത്വം നേടിയത്. ആശ ഭോസ്‌ലെയാണ് അദ്‌നാൻ സമിയെ ഇന്ത്യയിലേക്ക് വരാൻ പ്രോത്സാഹിപ്പിച്ചത്. ഇന്ത്യയിലേക്ക് വരാനും കരിയർ ആരംഭിക്കാനും അദ്‌നാനെ പ്രേരിപ്പിച്ചത് ആശയായിരുന്നു.
2000ൽ ആശ ഭോസ്‌ലെക്കൊപ്പം 'കഭി തോ നസർ മിലാവോ' എന്ന ആൽബം പാടാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു. ഈ ആൽബം അദ്ദേഹത്തിന് ഇന്ത്യയിൽ വലിയ അംഗീകാരം ലഭിക്കുന്നതിനുള്ള ആദ്യ ചുവടായിരുന്നു. 2001ൽ പുറത്തിറങ്ങിയ 'അജ്നബി' എന്ന ചിത്രത്തിലെ 'മെഹബൂബ മെഹബൂബ' എന്ന ഗാനമായിരുന്നു അദ്നാന്റെ ആദ്യ സിനിമ ഗാനം. 2002ൽ തന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായ 'ലിഫ്റ്റ് കരാ ദേ' അദ്നാൻ സമിക്ക് പാടാനായി.
അദ്നാന്റെ വ്യക്തിജീവിതം എപ്പോഴും വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. നാല് തവണ വിവാഹിതനായ അദ്ദേഹത്തിന്‍റെ മൂന്ന് വിവാഹങ്ങളും അഞ്ച് വർഷത്തിൽ താഴെ മാത്രമാണ് നീണ്ടുനിന്നത്. ആദ്യം പാകിസ്താൻ നടിയായ സേബ ഭക്ത്യാറിനെ 1993ൽ അദ്ദേഹം വിവാഹം കഴിച്ചു. 1997ൽ വിവാഹമോചിതനായി. ഈ ബന്ധത്തിൽ ഒരു മകനുണ്ട്. പിന്നീട് അറബ് വംശജയായ സബ ഗലദാരിയെ വിവാഹം കഴിച്ചു. പിന്നീട് വേർപിരിഞ്ഞു. സബയെ വിവാഹമോചനം ചെയ്ത ശേഷം അദ്നാൻ വീണ്ടും അവരെ വിവാഹം കഴിച്ചു. എന്നാൽ, ഒരു വർഷത്തിനുശേഷം അവർ വീണ്ടും വേർപിരിഞ്ഞു. പിന്നീട് 2010ൽ റോയ സാമി ഖാനെ വിവാഹം കഴിച്ചു.
തടി കൂടിയ അദ്നാൻ സമിയെയായിരുന്നു വർഷങ്ങൾക്ക് മുമ്പുള്ള ആരാധകർക്ക് ഏറെ പരിചയം. ഏകദേശം 230 കിലോയായിരുന്നു അദ്ദേഹത്തിന്‍റെ ശരീരഭാരം. ശരീരഭാരം വർധിക്കുന്നതിനെക്കുറിച്ച് ഡോക്ടർമാർ അദ്ദേഹത്തിന് മുന്നറിയിപ്പുകൾ നൽകി. ആ സമയത്ത് അദ്നാന് നിരവധി രോഗങ്ങൾ ബാധിക്കാൻ തുടങ്ങിയിരുന്നു. ഇതിനുശേഷമാണ് അദ്ദേഹം ഡോക്ടർമാരുടെ ഉപദേശം ഗൗരവമായി എടുക്കാൻ തീരുമാനിച്ചത്. എന്നാൽ ഒരു തരത്തിലുള്ള ശസ്ത്രക്രിയയും നടത്താതെ തന്നെ വ്യായാമത്തിലൂടെ അദ്ദേഹം തന്റെ ഭാരം 120 കിലോ കുറച്ചു.
താൻ പെട്ടെന്ന് വണ്ണം കുറച്ചത് പലരേയും അത്ഭുതപ്പെടുത്തിയെന്ന് അദ്നാൻ പറഞ്ഞിരുന്നു. സിനിമയിൽ അഭിനയിക്കാൻ വേണ്ടിയാണെന്നും പ്രണയത്തിലായതുകൊണ്ടാണെന്നും ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാൽ, ജീവിക്കാനുള്ള ആഗ്രഹം കൊണ്ടാണെന്നും നിലനിൽപ്പിന് വേണ്ടിയാണ് ഭാരം കുറച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
സിദ്ധാർഥ് മൽഹോത്രയും ജാൻവി കപൂറും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ 'പരം സുന്ദരി'യിലെ 'ഭീഗി സാരി' എന്ന ഗാനത്തിനും അദ്നാൻ സമി ശബ്ദം നൽകിയിട്ടുണ്ട്. തുഷാർ ജലോട്ട സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം ആഗസ്റ്റ് 29ന് തിയറ്ററുകളിൽ എത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

