'ആർത്തിപ്പണ്ടാരമായിരുന്നു ഞാൻ; അതുകൊണ്ടാണ് അമ്മാതിരി പൊണ്ണത്തടിയനായത്'
text_fieldsമുംബൈ: കാഴ്ചയിൽ ഏറെ മാറിപ്പോയ അദ്നാൻ സമി ശരിക്കും ആളുകൾക്കൊരു വിസ്മയമായിരുന്നു. 230 കിലോ ഭാരമുണ്ടായിരുന്ന പൊണ്ണത്തടിയനായ സമി 'തേരാ ചെഹ്രാ'...അടക്കമുള്ള തകർപ്പൻ പാട്ടുകളുമായി സംഗീത പ്രേമികളുടെ മുന്നിലെത്തിയപ്പോൾ ആ പാട്ടുകളുടെ മാസ്മരികതക്കൊപ്പം ഗായകന്റെ രൂപഭാവങ്ങളും ആളുകൾക്ക് കൗതുകമായി. എന്നാൽ, ഒന്നര വർഷത്തോളം നീണ്ട കഠിനപരിശ്രമത്തിനൊടുവിൽ തന്റെ പൊണ്ണത്തടി കുറച്ച് സമി തിരിച്ചെത്തിയപ്പോൾ പലർക്കും അദ്ദേഹത്തെ മനസ്സിലായതേയില്ല. 230 കിലോയിൽനിന്ന് ഒറ്റയടിക്ക് 75 കിലോയായി കുറഞ്ഞാണ് അദ്നാൻ സമി അതിശയം പകർന്നത്.
പഴയ കാലത്തെ ചിത്രം കഴിഞ്ഞ ദിവസം ട്വിറ്ററിൽ പങ്കുവെച്ച് അദ്നാൻ സമി തന്റെ പൊണ്ണത്തടിക്കുപിന്നിലെ കാരണം തുറന്നുപറഞ്ഞു. ഒരുപാട് ഭക്ഷണം അകത്താക്കിയിരുന്നതുകൊണ്ടാണ് തടി വല്ലാതെ കൂടിപ്പോയതെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. ഭാര്യ റോയ സമി ഖാൻ തയാറാക്കിയ മട്ടൻ സ്റ്റ്യൂവിന്റെ (നിഹാരി) ചിത്രം സമി ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. ഇത് കണ്ട് ഒരു ആരാധകൻ കുറിച്ചതിങ്ങനെ -'എണ്ണ വളരെ കൂടുതലാണ്. കണ്ടിട്ട് ശരിയായ നിഹാരി പോലെയില്ല. എന്നാലും കഴിക്കണമോയെന്ന് നിങ്ങൾക്ക് തീരുമാനിക്കാം; നിങ്ങളുടെ ഇഷ്ടം'.
ഇതിന് മറുപടിയായാണ് സമി തന്റെ പഴയ ചിത്രവും അതിനൊപ്പം ഒരു കുറിപ്പും പോസ്റ്റ് ചെയ്തത്. 'ശരിയാണോ? നിങ്ങൾ ഇതിനു താഴെ ഭയങ്കര തടിയനായ ഒരാളെ കാണുന്നുണ്ടോ? അത് ഞാനായിരുന്നു. 'സെലറി' കഴിച്ചിട്ടല്ല ഞാൻ അങ്ങനെയായത്. ഒരുപാട് ഭക്ഷണം കഴിച്ചതാണ് ഞാൻ പൊണ്ണത്തടിയനാവാൻ കാരണം. ഭക്ഷണത്തെക്കുറിച്ച് എന്നോട് തർക്കിക്കാൻ വരരുത്. അതിൽ ഗവേഷണം നടത്തിയയാളാണ് ഞാൻ. ഒരുപാട് തലമുറകൾക്കുള്ള ഭക്ഷണം ഞാൻ ഇതിനകം തിന്നുകഴിഞ്ഞു. നിഹാരിയിൽ എപ്പോഴും നെയ്യ് ഒരുപാടു ചേർക്കും' -ഇതായിരുന്നു സമിയുടെ മറുപടി.
റൊട്ടി, ചോറ്, ഉരുളക്കിഴങ്ങ്, പഞ്ചസാര തുടങ്ങിയവയും ഏറെ കഴിക്കുമായിരുന്നുവെന്ന് മറ്റെരാളുടെ കമന്റിന് മറുപടിയായി സമി പറയുന്നു. കർശനമായ ഭക്ഷണ നിയന്ത്രണവും വ്യായാമവുമായി 16 മാസം െകാണ്ടാണ് സമി ശരീരഭാരം 75 കിലോ ആയി കുറച്ചത്.

