സാൻഡ്ലർ വില കൂടിയ താരം; പക്ഷേ ഒറ്റ തിയറ്റർ ഹിറ്റുമില്ല
text_fieldsകഴിഞ്ഞ അഞ്ചുവർഷമായി ഒരു തിയറ്റർ ഹിറ്റ് പോലുമില്ലാത്ത ഹോളിവുഡ് നടനാണ് കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ പ്രതിഫലം പറ്റിയ അഭിനേതാവെന്ന് അറിയാമോ? മുതിർന്ന ഹാസ്യ നടൻ ആഡം സാൻഡ്ലർ ആണത്. ഫോബ്സിന്റെ കണക്കിൽ 2003ൽ ഇദ്ദേഹം വാങ്ങിയത് 607 (73 മില്യൺ ഡോളർ) കോടി രൂപയാണ്.
തിയറ്റർ ഹിറ്റുകളുടെ താരങ്ങളായ, ബാർബി അഭിനേത്രി മാർഗോട്ട് റോബി (59 മില്യൺ), ടോം ക്രൂസ് (45 മില്യൺ) എന്നിവരെ രണ്ടും മൂന്നും സ്ഥാനത്തേക്ക് തള്ളിയാണ് സാൻഡ്ലർ ഒന്നാമതെത്തിയത്. ഒ.ടി.ടി പ്ലാറ്റ്ഫോം നെറ്റ്ഫ്ലിക്സിൽ കഴിഞ്ഞവർഷം റിലീസ് ചെയ്ത ‘മർഡർ മിസ്റ്ററി-2’, ‘യു ആർ സോ നോട്ട് ഇൻവൈറ്റഡ് ടു മൈ ബാറ്റ് മിറ്റ്സവാ’ ചിത്രങ്ങളിലെ അഭിനയത്തിനാണ് സാൻഡ്ലർക്ക് റെക്കോഡ് പ്രതിഫലം ലഭിച്ചത്.
അനിമേഷൻ ചിത്രം ‘ലിയോ’യിൽ കേന്ദ്രകഥാപാത്രത്തിന് ശബ്ദം നൽകിയതും ‘ഔട്ട്-ലോസ്’ നിർമാതാവും ഇദ്ദേഹമാണ്. ഇതിന്റ വരുമാനവും ഇതിലുണ്ട്. 2019ലെ ‘അൺകട്ട് ജെംസ്’ ആണ് സാൻഡ്ലറുടെ അവസാന തിയറ്റർ ഹിറ്റ്. 2024ലെ അദ്ദേഹത്തിന്റെ തിയറ്റർ റിലീസ് ‘സ്പേസ്മാൻ’ പരാജയമായിരുന്നു.

